'ട്രൂത്ത് സോഷ്യലി'ൽ ചേർന്ന് നരേന്ദ്ര മോദി; ആദ്യ ചിത്രം ട്രംപിനൊപ്പമുള്ളത്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്രൂത്ത് സോഷ്യലിൽ അക്കൗണ്ട് എടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.2019 ൽ ഹൂസ്റ്റണിൽ നടന്ന 'ഹൗഡി മോഡി' പരിപാടിയിൽ നിന്നും ട്രംപിനൊപ്പമുള്ള ചിത്രമാണ് ആദ്യ പോസ്റ്റായി മോദി പങ്കുവെച്ചത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിന്റെ ഭാഗമാകാൻ സാധച്ചതിൽ വളരെ അധികം സന്തോഷമുണ്ടെന്നും സോഷ്യൽ മീഡിയ അംഗങ്ങളുമായി കൂടുതൽ സംവദിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
'ട്രൂത്ത് സോഷ്യലിന്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ഇവിടെയുള്ള വിവിധ ശബ്ദങ്ങളുമായി സംവദിക്കാനും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നു', മോദി കുറിച്ചു. യുഎസ് ആസ്ഥാനമായുള്ള എഐ ഗവേഷകനും പോഡ്‌കാസ്റ്ററുമായ ലെക്സ് ഫ്രിഡ്മാനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപകാല പോഡ്‌കാസ്റ്റ് അഭിമുഖത്തിന്റെ ലിങ്ക് ട്രംപ് ട്രൂത്ത് സോഷ്യലിൽ പങ്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ട്രൂത്ത് സോഷ്യലിൽ മോദിയും അക്കൗണ്ട് എടുത്തത്.

അഭിമുഖം പങ്കുവെച്ചതിന് മോദി ട്രംപിന് നന്ദി അറിയിച്ചു. 'നന്ദി മൈ ഫ്രണ്ട് ട്രംപ്. എന്റെ ജീവിതയാത്ര, ഇന്ത്യയുടെ നാഗരിക വീക്ഷണം, ആഗോള പ്രശ്നങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ ഞാൻ ആ അഭിമുഖത്തിൽ പങ്കുവെച്ചു', മോദി കുറിച്ചു. കഴിഞ്ഞ ദിവസമായിരുന്നു മോദിയുടെ പോഡ്കാസ്റ്റ് വീഡിയോ പുറത്തുവന്നത്. നരേന്ദ്ര മോദിയുടെ കുട്ടിക്കാലം, 2002 ലെ ഗുജറാത്ത് കലാതം, ആഗോള രാഷ്ട്രീയ വിഷയങ്ങൾ എന്നിവയെല്ലാം പോഡ്കാസ്റ്റിൽ മോദി സംസാരിച്ചു.
പോഡ്‌കാസ്റ്റിനിടെ, ട്രംപുമായുള്ള തന്റെ അടുത്ത ബന്ധത്തെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. രാജ്യത്തിനാണ് തന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു. 'ട്രംപ് പറയുന്നത് അമേരിക്ക ആദ്യം എന്നാണ്. ഞാൻ ഇന്ത്യയാണ് ആദ്യം എന്ന് വിശ്വസിക്കുന്നു. ഇത് തന്നെയാണ് ഞങ്ങളെ ഇരുവരേയും ബന്ധിപ്പിക്കുന്നത്', മോദി പറഞ്ഞു. 2019 ലെ 'ഹൗഡി മോദി' പരിപാടിയെ കുറിച്ചും മോദി സംസാരിച്ചു. അന്ന് എല്ലാ സുരക്ഷാ മുൻകരുതലുകളും മാറ്റിവെച്ച് പരിപാടി നടന്ന സ്റ്റേഡിയത്തിൽ തന്നെ അദ്ദേഹം ചുറ്റിനടക്കാൻ അനുവദിച്ചു. അദ്ദേഹത്തിന്റെ സ്വാഭാവിക രീതിയാണത്. അദ്ദേഹം എന്നിൽ വലിയ വിശ്വാസം അർപ്പിച്ചു. ഞാൻ സംസാരിക്കുന്നത് അദ്ദേഹം താഴെ ഇരുന്ന് കേട്ടു. അതാണ് അദ്ദേഹത്തിന്റെ വിനയം. അദ്ദേഹത്തിന്റെ ധൈര്യവും എന്നിലുള്ള വിശ്വാസവും എന്നെ വല്ലാതെ സ്പർശിച്ചു', മോദി പറഞ്ഞു.












Click it and Unblock the Notifications