മോദി പിണറായിയെ ഫോണില്‍ വിളിച്ചു; കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി/തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രത്തിന്റെ സഹായ വാഗ്ദാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കി. സാഹചര്യം ചര്‍ച്ച ചെയ്തുവെന്നും സുരക്ഷയ്ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ അറിയിച്ചു. കേരളത്തിലെ കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും സര്‍ക്കാര്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. എന്‍ഡിആര്‍എഫ് സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം അടിയന്തര സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് ചികില്‍സാ സഹായവും നല്‍കും. കോട്ടയത്തെ മഴക്കെടുതി നേരിടുന്നതിന് എട്ടര കോടി രൂപയും അനുവദിച്ചു. ജില്ലാ കളക്ടര്‍ക്കാണ് ഈ തുക അനുവദിച്ചത്. വീടുകളുടെ അറ്റക്കുറ്റപ്പണിക്കായി ആറ് കോടി രൂപ വിനിയോഗിക്കും. ഭക്ഷണം, വസ്ത്രം എന്നിവയ്ക്ക് വേണ്ടി ഒരു കോടിയും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് എക്‌സ്‌ഗ്രേഷ്യ ആയി 60 ലക്ഷം രൂപയും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 50 ലക്ഷവും മറ്റ് ആവശ്യങ്ങള്‍ക്കായി 50 ലക്ഷവുമാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്.
അതേസമയം, കേരളത്തില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ ലഭിച്ചു എന്നാണ് കരുതുന്നത്. 11 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തു. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പ്ലാപ്പള്ളിയില്‍ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹം കിട്ടി. ഇടുക്കി കൊക്കയാറില്‍ ഉരുള്‍പ്പൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹം കണ്ടെത്തി. പെരുവന്താനം നിര്‍മല ഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ വ്യക്തിയുടെ മൃതദേഹവും കണ്ടെത്തി. മരിച്ചവരില്‍ കൂടുതലും കുട്ടികളാണ്. കൊക്കയാറില്‍ ഇനി രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട് എന്നാണ് വിവരം.
കോട്ടയം ജില്ലയില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം ലഭിച്ചു എന്നാണ് മന്ത്രി വിഎന്‍ വാസവന്‍ അറിയിച്ചത്. എങ്കിലും തിരച്ചില്‍ നിര്‍ത്തിയിട്ടില്ല. നാശനഷ്ടങ്ങള്‍ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ മന്ത്രിസഭ വിഷയം പരിഗണിക്കുകയും കൂടുതല്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് വ്യാപക നാശനഷ്ടമുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. മഴ കുറഞ്ഞത് ആശ്വാസമാണ്. എങ്കിലും ബുധനാഴ്ച മുതല്‍ മഴ വീണ്ടും ശക്തിപ്പെട്ടേക്കാമെന്നാണ് മുന്നറിയിപ്പ്. അറബി കടലിലുണ്ടായ ന്യൂനമര്‍ദ്ദം ശക്തി കുറഞ്ഞിട്ടുണ്ട്. പ്രധാന ഡാമുകള്‍ തുറക്കേണ്ടതില്ല എന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.












Click it and Unblock the Notifications