എന്‍സിപിയെന്ന പേര് അജിത് പവാർ കൊണ്ടുപോയി: തന്റെ പാർട്ടിക്ക് പുതിയ പേര് നിർദേശിച്ച് ശരദ് പവാർ
എന്‍ സി പിയിലെ അധികാര തർക്കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നാലെ താന്‍ നേതൃത്വം നല്‍കുന്ന വിഭാഗത്തിന് പുതിയ പേര് നിർദേശിച്ച് ശരദ് പവാർ. 'നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ്ചന്ദ്ര പവാർ' എന്നതാണ് പുതിയ പാർട്ടിയുടെ പേര്. പാർട്ടിയിലെ അധികാര തർക്കത്തില്‍ യഥാർത്ഥ എന്‍ സി പി അജിത് പവാർ നയിക്കുന്ന വിഭാഗമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം തന്നെ ശരദ് പവാറിന്റെ വിഭാഗത്തിനോട് പുതിയ പേര് നിർദേശിക്കാനും നിർദേശിച്ചു.
1999-ൽ കോണ്‍ഗ്രസില്‍ നിന്നും തെറ്റിപ്പിരഞ്ഞപ്പോള്‍ ശരദ് പവാർ രൂപീകരിച്ച പാർട്ടിയായിരുന്നു എന്‍ സി പി. എന്നാല്‍ വർഷങ്ങള്‍ക്കിപ്പുറം മരുമകന്‍ അജിത് പവാർ തന്നെ പാർട്ടി പിളർത്തി ബി ജെ പി പാളയത്തിലേക്ക് പോയതോടെ എന്‍ സി പിയെന്ന പാർട്ടിയും ശരദ് പവാറിന് നഷ്ടമാകുകയായിരുന്നു.

എന്‍ സി പിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായ ക്ലോക്കും പതാകയും അജിത് പവാറിന് അനുവദിച്ചിട്ടുണ്ട്. അതേസമയം എൻസിപി ശരദ്ചന്ദ്ര പവാറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ ചിഹ്നം അനുവദിച്ചിട്ടില്ല. ഉദയസൂര്യൻ, കണ്ണട, ആൽമരം തുടങ്ങിയവയാണ് പരിഗണനയില്‍.
പാർട്ടി പിളർന്നതോടെ മഹാരാഷ്ട്രയില്‍ എന്‍സിപിയിലെ 53 എം എൽ എമാരിൽ 40 പേരും ഒൻപത് എം എൽ സിമാരിൽ 5 പേരും അജിത് പക്ഷത്തായിരുന്നു. ഇതോടെയായിരുന്നു പാർട്ടിയുടെ പേരും ചിഹ്നവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അജിത് വിഭാഗം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ അപേക്ഷ നല്‍കിയത്. സമാനമായ തർക്കം നേരിട്ട ശിവസേനയിലെ കേസിൽ ഷിൻഡെ പക്ഷത്തിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പേരും ചിഹ്നവും അനുവദിച്ചത്.
6 മാസത്തിനിടെ 10-ലധികം ഹിയറിംഗുകൾ നടത്തിയതിന് ശേഷമാണ് അജിത് പവാറിൻ്റെ വിഭാഗത്തിന് അനുകൂലമായി എൻ സി പിയിലെ തർക്കം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഹരിച്ചിരിക്കുന്നത്. എൻ സി പി പിളർന്നതോടെ ശരദ് പവാറിനെ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തുനിന്നും അജിത് പവാർ പക്ഷം നീക്കിയിരുന്നു.












Click it and Unblock the Notifications