ചന്നിയോ? സിദ്ദുവോ? ആരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥി? പഞ്ചാബ് കൈവിടാതിരിക്കാൻ കോൺഗ്രസ് തന്ത്രം ഇങ്ങനെ
ചണ്ഡീഗഡ്; ഒടുവിൽ പഞ്ചാബിൽ ഉടൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് രാഹുൽ ഗാന്ധി. കഴിഞ്ഞ ദിവസം ജലന്ദറിൽ കോൺഗ്രസിന്റെ പ്രചരണ പരിപാടിക്കിടെയായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.
പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്ത തിരഞ്ഞെെടുപ്പിനെ നേരിടുന്ന പതിവ് രാഷ്ട്രീയ പാർട്ടികൾക്കില്ല. 2017 ൽ പോലും സമ്മർദ്ദത്തിനൊടുവിൽ കാപ്റ്റൻ അമരീന്ദർ സിംഗിനെ രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു.

ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയായി ദളിത് നേതാവ് കൂടിയായ ചരൺ ജിത്ത് സിംഗ് ചന്നിയെ അപ്രതീക്ഷിതമായി ഹൈക്കമാന്റ് നിയമിച്ചത്. ദളിത് വോട്ടുകൾ കൂടി ലക്ഷ്യം വെച്ചായിരുന്നു നീക്കം. പഞ്ചാബ് ജനസംഖ്യയുടെ 40 ശതമാനം ദളിത് വിഭാഗമാണ്. ഈ സാഹചര്യത്തിൽ ഇപ്പോൾ ചന്നിയെ മാറ്റി നിർത്തിയാൽ അത് പ്രതിപക്ഷം ആയുധമാക്കിയേക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

അതേസമയം മറുവശത്ത് മുഖ്യമന്ത്രി കസേരയ്ക്കായി പി സി സി അധ്യക്ഷൻ കൂടിയായ നവജ്യോത് സിംഗ് സിദ്ദുവും രംഗത്തുണ്ട്. പി സി സി അധ്യക്ഷനാക്കിയത് മുതൽ തന്നെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സിദ്ദുവിനെ പ്രഖ്യാപിച്ചേക്കുമെന്ന ചർച്ചകൾ ശക്തമായിരുന്നു. അമരീന്ദർ സിംഗിനെതിരെ സിദ്ദു നടത്തിയ നീക്കങ്ങൾ പോലും മുഖ്യമന്ത്രി കസേര ലക്ഷ്യം വെച്ചുള്ളതായിരുന്നു.

രാഹുൽ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ശക്തമായ പിന്തുണ സിദ്ദുവിന് ഉണ്ട്. നേരത്തേ അമരീന്ദർ മുഖ്യമന്ത്രിയായിരിക്കവേ സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് സിദ്ദു നടത്തിയ പരസ്യവിമർശനങ്ങൾ കോൺഗ്രസിനുള്ളിൽ വലിയ കലഹത്തിന് കാരണമായെങ്കിലും വോട്ടർമാർക്കിടയിൽ സിദ്ദുവിന്റെ ഇമേജ് ഉയർത്താൻ ഇത് കാരണമായിട്ടുണ്ടെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

സിദ്ദുവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ സിഖ് വോട്ട് മാത്രമല്ല ഹിന്ദു വോട്ടുകളും നേടിയെടുക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. അങ്ങനെയെങ്കിൽ ചന്നിയെ പിന്നീട് പി സി സി അധ്യക്ഷനാക്കുകയും ചെയ്യാം. പക്ഷേ അത് അത്ര എളുപ്പമായേക്കില്ലെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ഈ സാഹചര്യത്തിൽ കൂടിയാണ് എം എൽ എമാരുടേയും പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ കൂടി തേടി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ നേതൃത്വം തയ്യാറെടുക്കുന്നത്.

മാത്രമല്ല മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറിയപ്പോഴെല്ലാം അത് അവരുടെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. രാഹുൽ തന്നെ മുൻകൈയെടുത്ത് ഈ പ്രതിസന്ധിയ്ക്ക് പരിഹാരം കണ്ടെത്തിയാൽ തത്കാലം വെടിനിർത്തലാകുമെന്നാണ് ഹൈക്കമാന്റ് വിലയിരുത്തുന്നത്.രണ്ടല്ല ഒരാളെ മാത്രമേ മുഖ്യമന്ത്രി സ്ഥാനർത്ഥിയായി പ്രഖ്യാപിക്കാൻ സാധിക്കുകയുള്ളൂവെന്നും അങ്ങനെയെങ്കിൽ മറ്റേ നേതാവ് കലാപം ഉയർത്തില്ലെന്ന് ഉറപ്പ് നൽകാൻ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് ഇതിന്റെ കൂടി പഞ്ചാത്തലത്തിലാണ്.

കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പങ്കെടുത്ത ജലന്ദറിൽ നടന്ന പാർട്ടി പരിപാരിയിൽ നേതൃത്വത്തിന്റെ തിരുമാനം എന്ത് തന്നെ ആയാലും അത് അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്ന് സിദ്ദുവും ചന്നിയും വ്യക്തമാക്കിയിരുന്നു. എന്നാൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്ഗഡും ഉൾപ്പെടെ നിരവധി ഉദാഹരണങ്ങൾ കോൺഗ്രസിന് മുൻപിൽ ഉള്ളതിനാൽ കരുതലോടെയാകും നേതൃത്വത്തിന്റെ നീക്കം.

2017 ൽ 77 സീറ്റുകൾ നേടിയായിരുന്നു പഞ്ചാബിൽ കോൺഗ്രസ് അധികാരം പിടിച്ചത്. ഇക്കുറി ആം ആദ്മി സംസ്ഥാനത്ത് ഭരണം പിടിക്കുമെന്നാണ് അഭിപ്രായ സർവ്വേകൾ പ്രവചിക്കുന്നത്. ഭരണം ലക്ഷ്യം വെച്ച് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഉൾപ്പെടെ പ്രഖ്യാപിച്ച് പ്രചരണം ശക്തമാക്കിയിരിക്കുകയാണ് ആം ആദ്മി.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications