മോദിയുടെ വസതിയിലെത്തി ശരത് പവാര്‍, 50 മിനുട്ടോളം കൂടിക്കാഴ്ച്ച, എന്‍സിപി കളം മാറുമോ?
ദില്ലി: മഹാരാഷ്ട്രയിലെ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പുകയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. മോദിയുടെ വസതിയിലെത്തിയ പവാര്‍ അന്‍പത് മിനുട്ടോളം അവിടെ ചെലവിട്ടു. നിര്‍ണായകമായ ചര്‍ച്ചകള്‍ ഇരുവരും നടത്തിയെന്നാണ് സൂചന. പ്രധാനമന്ത്രി ഓഫീസ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. അതേസമയം നേരത്തെ ശിവസേന നേതാവ് ഉദ്ധവ് താക്കറെയും ഇപ്പോള്‍ പവാറും മോദിയുമായി കണ്ടത് കോണ്‍ഗ്രസിനാണ് ആശങ്കകള്‍ ഉണ്ടാക്കുന്നത്.

നേരത്തെ മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാനാ പടോലെ പറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ ഭരണത്തിന്റെ ചരട് നിയന്ത്രിക്കുന്നത് ശരത് പവാറാണെന്നും പടോലെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ എന്‍സിപിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. പ്രസ്താവന പിന്‍വലിച്ചെങ്കിലും സഖ്യത്തില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നത് പ്രവര്‍ത്തകരെയും നേതാക്കളെയും നിരാശരാക്കുന്നുണ്ട്. ഇതിലുള്ള രോഷമാണ് പടോലെയുടെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്.
ഇത്തരമൊരു പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ശരത് പവാര്‍ മോദിയെ കാണുന്നത്. നേരത്തെ കോണ്‍ഗ്രസിനെ വിളിക്കാതെ പ്രതിപക്ഷ നേതാക്കളുടെ യോഗവും പവാര്‍ ചേര്‍ന്നിരുന്നു. പവാറിനെ രാഷ്ട്രപതിയാക്കാനുള്ള നീക്കം പ്രതിപക്ഷത്ത് ഇപ്പോള്‍ നടക്കുന്നുമുണ്ട്. അതേസമയം പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ രണ്ട് ദിവസത്തിനുള്ളില്‍ നടക്കാനിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് അതുകൊണ്ട് തന്നെ പ്രസക്തിയുണ്ട്. നേരത്തെ കാര്‍ഷിക നിയമം പിന്‍വലിക്കേണ്ടതില്ലെന്നും, തിരുത്ത് മതിയെന്നും പവാര്‍ പറഞ്ഞിരുന്നു.
അതേസമയം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് പവാര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിര്‍ണായക വിഷയങ്ങളില്‍ കേന്ദ്രത്തിനും മോദിക്കുമൊപ്പം നില്‍ക്കുന്ന നയം ശരത് പവാര്‍ സ്വീകരിക്കുന്നത് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നുണ്ട്. അജിത് പവാര്‍ അടക്കമുള്ളവര്‍ സഖ്യം ബിജെപിക്കൊപ്പമാവാമെന്ന നിലപാടുള്ളവരാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിരുദ്ധ സഖ്യമുണ്ടാക്കാന്‍ പവാര്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ബിജെപിയെയും കേന്ദ്രത്തെയും ചൊടിപ്പിക്കാനും പവാര്‍ തയ്യാറല്ല. സഹകരണ മന്ത്രാലയത്തില്‍ നിന്ന് നിര്‍ണായക ഇടപെടലുകള്‍ പവാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാണ്.












Click it and Unblock the Notifications