അയോധ്യയിലേക്ക് ഇല്ലെന്ന് ശരദ് പവാറും: ജനുവരി 22 ന് സർവ്വമത റാലി നടത്തുമെന്ന് മമതയും
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് എന്‍ സി പി നേതാവ് ശരദ് പവാർ. ജനുവരി 22 ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കില്ലെന്നും നിർമ്മാണം പൂർത്തിയായതിന് ശേഷം ക്ഷേത്രം സന്ദർശിക്കുമെന്നും ശരദ് പവാർ വ്യക്തമാക്കി.
'അയോധ്യയിൽ നടക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാൻ ശ്രീരാമഭക്തർ ഉത്സാഹഭരിതരും ആകാംക്ഷാഭരിതരുമാണ്. ഈ ചടങ്ങിന്റെ സന്തോഷം അവരിലൂടെ എന്നിലും എത്തും. ജനുവരി 22ന് നടക്കുന്ന ചടങ്ങിന് ശേഷം രാം ലല്ലയുടെ ദർശനം കൂടുതൽ എളുപ്പമാകും. അയോധ്യ സന്ദർശിക്കാന്‍ ഞാന്‍ തീരുമാനിച്ചിട്ടുണ്ട്. ആ സമയത്ത്, എനിക്ക് വളരെ ഭക്തിയോടെ ശ്രീരാമനെ വണങ്ങാം. അപ്പോഴേക്കും രാമക്ഷേത്രത്തിന്റെ നിർമ്മാണവും പൂർത്തിയാകും," പവാർ ശ്രീറാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ജനറൽ സെക്രട്ടറി ചമ്പത് റായിക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

കോൺഗ്രസ്, ശിവസേന (യുബിടി), തൃണമൂൽ കോൺഗ്രസ് (ടിഎംസി), സി പി എം, സി പി ഐ എന്നിവയുൾപ്പെടെയുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യൻ ബ്ലോക്കിലെ സഖ്യകക്ഷികൾ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എന്‍ സി പി അധ്യക്ഷനും നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
ക്ഷേത്ര ഉദ്ഘാടനം ബിജെപി-ആർഎസ്എസ് പരിപാടിയായി മാറിയെന്ന് കോൺഗ്രസ് പറയുമ്പോൾ, തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജി ചൊവ്വാഴ്ച പറഞ്ഞത്, "ശ്രീരാമന്റെ പ്രാൺ പ്രതിഷ്ഠ... ദർശകരുടെയും സാധുക്കളുടെയും ജോലിയാണ്" എന്നാണ്. ജനുവരി 22 ന് നാസിക്കിലെ പ്രശസ്തമായ കലാറാം ക്ഷേത്രം സന്ദർശിക്കുമെന്ന് ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെയും വ്യക്തമാക്കി.
അതേസമയം, ജനുവരി 22 ന് കൊൽക്കത്തയില്‍ സർവമത റാലി നടത്തുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്. മസ്ജിദുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവ സന്ദർശിക്കുന്ന രീതിയിലായിരിക്കും റാലിയെന്നും അവർ അറിയിച്ചു. "ജനുവരി 22 ന് ഞാൻ ഒരു റാലി നടത്തും. അത് കാളി മന്ദിറിൽ നിന്ന് ആരംഭിക്കും. ഹസ്രയിൽ നിന്ന് പാർക്ക് സർക്കസ് മൈതാനത്തേക്ക് സർവമത റാലി നടത്തി അവിടെ യോഗം ചേരും. ഞങ്ങൾ വഴിയിൽ മസ്ജിദുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവ സന്ദർശിക്കും. റാലിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. എല്ലാ മതസ്ഥരും റാലിയിൽ ഉണ്ടാകും" മുഖ്യമന്ത്രി പറഞ്ഞു.
അതേ ദിവസം തന്നെ സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും, എല്ലാ ജില്ലകളിലും ഉച്ചകഴിഞ്ഞ് 3 മണിക്ക് ടിഎംസി പാർട്ടി അംഗങ്ങൾ സമാനമായ റാലി നടത്തുമെന്നും ടിഎംസി മേധാവി അറിയിച്ചു. "പലരും എന്നോട് പല ക്ഷേത്രങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ട്, പക്ഷേ എനിക്കൊന്നും പറയാനില്ല. ഞാൻ എപ്പോഴും ധർമ്മ ജാർ ജാർ, ഉത്സോബ് ഷോബാർ (മതം വ്യക്തിപരമാണ്, ഉത്സവം സാർവത്രികമാണ്) എന്ന നയക്കാരിയാണ് " എന്നും മമത കൂട്ടിച്ചേർത്തു.












Click it and Unblock the Notifications