ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമില്ലെങ്കില്‍ മത്സരമെന്ന് ഇന്ത്യ, ' പിന്തുണ ടിഡിപിക്ക്'; എന്‍ഡിഎക്ക് വെല്ലുവിളി
ന്യൂഡല്‍ഹി: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് നല്‍കിയില്ലെങ്കില്‍ ലോക്സഭയിലേക്ക് സ്പീക്കര്‍ സ്ഥാനത്തേക്ക് ഇന്ത്യാ മുന്നണി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. 18-ാം ലോക്‌സഭയിലെ സ്പീക്കറെ ജൂണ്‍ 26 നാണ് തിരഞ്ഞെടുക്കുന്നത്. ഇതിനായി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുന്ന പ്രമേയങ്ങള്‍ക്കുള്ള നോട്ടീസ് ഒരു ദിവസം മുമ്പ് ഉച്ചവരെ സമര്‍പ്പിക്കാം.
ബിജെപി സ്പീക്കര്‍ സ്ഥാനം നിലനിര്‍ത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം എന്‍ഡിഎ പങ്കാളികളായ ജനതാദള്‍ യുണൈറ്റഡും (ജെഡിയു) തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ലോക്സഭാ സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്ത് വന്നിരുന്നു. അതേസമയം വിഷയത്തില്‍ ജെഡിയുവും ടിഡിപിയും സമവായം പുലര്‍ത്തുന്നില്ല എന്നതാണ് ശ്രദ്ധേയം.

ലോക്‌സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് എന്‍ഡിഎ പങ്കാളികള്‍ സമവായ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കണമെന്ന് ടിഡിപി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നാണ് ജെഡിയു നിലപാട്. തന്റെ പാര്‍ട്ടിയും ടിഡിപിയും എന്‍ഡിഎയുടെ ഭാഗമാണെന്നും ലോക്സഭാ സ്പീക്കര്‍ സ്ഥാനത്തേക്ക് ബിജെപി നിര്‍ദ്ദേശിക്കുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും ജെഡിയു നേതാവ് കെസി ത്യാഗി പറഞ്ഞു.
സ്പീക്കര്‍ എല്ലായ്പ്പോഴും ഭരണകക്ഷിയുടേതാണ്, കാരണം സഖ്യകക്ഷികളില്‍ അവര്‍ക്കാണ് കൂടുതല്‍ സീറ്റുള്ളത് എന്നും ത്യാഗി പറഞ്ഞു. എന്നാല്‍ മറുവശത്ത് സ്പീക്കര്‍ സ്ഥാനത്തേക്ക് സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പങ്കാളികള്‍ സംയുക്തമായി തീരുമാനിക്കണമെന്നാണ് ടിഡിപി ദേശീയ വക്താവ് പട്ടാഭി റാം കൊമ്മാറെഡ്ഡി ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. സ്പീക്കര്‍ സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് എന്‍ഡിഎ പങ്കാളികള്‍ ഒന്നിച്ചിരുന്ന് തീരുമാനിക്കും.
'ഒരു സമവായത്തിലെത്തിക്കഴിഞ്ഞാല്‍, ഞങ്ങള്‍ ആ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തും. ടിഡിപി ഉള്‍പ്പെടെ എല്ലാ പങ്കാളികളും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കും, ''കൊമ്മാറെഡ്ഡി പറഞ്ഞു. ജൂണ്‍ 24 ന് ആരംഭിക്കുന്ന 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തില്‍ സ്പീക്കറെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിനായി ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ സമീപിക്കും. സര്‍ക്കാരിന്റെ നിര്‍ദേശം പ്രതിപക്ഷം അംഗീകരിച്ചാല്‍ തിരഞ്ഞെടുപ്പ് വേണ്ടിവരില്ല.
എന്നാല്‍ പ്രതിപക്ഷം തങ്ങളുടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍, പുതിയ സ്പീക്കര്‍ക്കായുള്ള വോട്ടെടുപ്പ് ജൂണ്‍ 26 ന് നടന്നേക്കും. അതേ ദിവസം തന്നെ പുതിയ സ്പീക്കര്‍ ചുമതലയേല്‍ക്കും. മോദി സര്‍ക്കാരിന്റെ ആദ്യ ടേമില്‍ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള ബിജെപി എംപി സുമിത്ര മഹാജന്‍ ലോക്സഭാ സ്പീക്കറായി സേവനമനുഷ്ഠിച്ചപ്പോള്‍, രണ്ടാം തവണ രാജസ്ഥാനിലെ കോട്ടയില്‍ നിന്നുള്ള ബിജെപി എംപിയായ ഓം ബിര്‍ളയയായിരുന്നു സ്പീക്കര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം പുതിയ ലോക്സഭാ സ്പീക്കറുടെ പേര് ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. നിലപാട് സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളോ ആവശ്യങ്ങളോ സഖ്യകക്ഷികളില്‍ നിന്ന് ഉയര്‍ന്നാല്‍, ബിജെപി പുതിയ ഫോര്‍മുല പരിഗണിക്കും.
പ്രതിപക്ഷ നീക്കം ഇങ്ങനെ
ബിജെപിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ മത്സരത്തിന്റെ സാധ്യതയാണ് ബിജെപി തേടുന്നത്. ലോക്സഭാ സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ഇന്ത്യസഖ്യം പിന്തുണയ്ക്കുമെന്നാണ് ശിവസേന (യുബിടി) സഞ്ജയ് റാവത്ത് പറഞ്ഞത്. 18-ാം ലോക്സഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിര്‍ണായകമാകും എന്നാണ് സഞ്ജയ് റാവത്തിന്റെ അഭിപ്രായം.
'ബിജെപിക്ക് സ്പീക്കര്‍ സ്ഥാനം ലഭിച്ചാല്‍ അത് സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടിഡിപി, ജെഡിയു പാര്‍ട്ടികളെയും ചിരാഗ് പാസ്വാന്‍, ജയന്ത് ചൗധരി എന്നിവരുടെ സംഘടനകളെയും തകര്‍ക്കും. പിന്തുണയ്ക്കുന്നവരെ ബിജെപി വഞ്ചിക്കുന്ന അനുഭവം തങ്ങള്‍ക്കുണ്ട്. ചട്ടമനുസരിച്ച് പ്രതിപക്ഷത്തിന് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ലഭിക്കണം. എന്‍ഡിഎ സര്‍ക്കാര്‍ സ്ഥിരതയുള്ള സര്‍ക്കാരല്ല,' സഞ്ജയ് റാവത്ത് പറഞ്ഞു.












Click it and Unblock the Notifications