നെഹ്‌റു മ്യൂസിയത്തിന്റെ പേരുമാറ്റല്‍; ചരിത്രമില്ലാത്തവര്‍, മറ്റുള്ളവരുടേത് മാറ്റുന്നുവെന്ന് ഖാര്‍ഗെ
ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേരുമാറ്റാനുള്ള തീരുമാനത്തില്‍ കോണ്‍ഗ്രസ്-ബിജെപി വാക്‌പോര്. പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് സൊസൈറ്റി എന്നാണ് മ്യൂസിയത്തിന്റെ പുതിയ പേര്. തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തി.
സ്വന്തമായി ചരിത്രമൊന്നും പറയാനില്ലാത്തവര്‍, മറ്റുള്ളവരുടെ ചരിത്രത്തെ മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ ട്വീറ്റ് ചെയ്തു. നെഹ്‌റു മ്യൂസിയത്തിന്റെ പേരുമാറ്റാനുള്ള ഈ ശ്രമങ്ങളൊന്നും തന്നെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മങ്ങലേല്‍പ്പിക്കില്ല. ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും, ജനാധിപത്യത്തിന്റെ ഭയരഹിതനായ കാവല്‍ക്കാരനുമായിരുന്നു നെഹ്‌റുവെന്നും ഖാര്‍ഗെ കുറിച്ചു.

മ്യൂസിയത്തിന്റെ പേരുമാറ്റാനുള്ള ശ്രമം, ബിജെപിയുടെയും, ആര്‍എസ്എസിന്റെയും, മനോനിലയും, ഏകാധിപത്യ സ്വഭാവവുമാണ് കാണിക്കുന്നത്. മോദി സര്‍ക്കാരിന്റെ ഇടുങ്ങിയ ചിന്താഗതിക്ക്, ഇന്ത്യക്കായി നെഹ്‌റു നല്‍കിയ വലിയ സംഭാവനകളെ ഇല്ലാതാക്കാനാവില്ലെന്നും ഖാര്‍ഗെ പറഞ്ഞു.
അതേസമയം ഖാര്‍ഗെയുടെ ട്വീറ്റിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ രംഗത്ത് വന്നു. രാഷ്ട്രീയ ദഹനക്കേടിന്റെ ഉദാഹരണമാണ് ഖാര്‍ഗെയുടെ വിമര്‍ശനം എന്ന് നദ്ദ തിരിച്ചടിച്ചു. ഒരു കുടുംബത്തിനും അപ്പുറം നേതാക്കള്‍ ഉണ്ടായിരുന്നുവെന്നും, നമ്മുടെ രാഷ്ട്രത്തെ അവരും ചേര്‍ന്നാണ് പടുത്തുയര്‍ത്തിയതെന്നും, അംഗീകരിക്കാനാവാത്തതാണ് പ്രശ്‌നമെന്നും നദ്ദ ട്വീറ്റ് ചെയ്തു.
പിഎം സംഗ്രാഹാലയ എന്നത് രാഷ്ട്രീയത്തിന് അതീതമായ ശ്രമമായിരുന്നു. ഇത് മനസ്സിലാക്കാനുള്ള കാഴ്ച്ചപ്പാട് കോണ്‍ഗ്രസിനില്ലാതെ പോയി. വിരോധാഭാസമെന്തെന്നാല്‍, മുന്‍ പ്രധാനമന്ത്രിമാരുടെ സംഭാവനകളെ എല്ലാം മായ്ച്ചുകളയാന്‍ ശ്രമിച്ചവരാണ് കോണ്‍ഗ്രസ്. എല്ലാം ഒരു കുടുംബത്തിനും, അവരുടെ പാരമ്പര്യം നിലനിര്‍ത്തുന്നതിനും വേണ്ടിയായിരുന്നുവെന്നും നദ്ദ പറഞ്ഞു.
പിഎം സംഗ്രാഹാലയയില്‍ എല്ലാ മുന്‍ പ്രധാനമന്ത്രിമാര്‍ക്കും ബഹുമാനം ലഭിക്കുന്നുണ്ട്. പണ്ഡിറ്റ് നെഹ്‌റുവിന്റെ സെക്ഷനില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. 50 വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടിയില്‍ നിന്ന് ഇത്ര വില കുറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുന്നത് വലിയ ദുരന്തമാണ്. അവരെ ജനങ്ങള്‍ തള്ളിക്കളയുന്നതിന്റെ കാരണവും അത് തന്നെയാണെന്നും നദ്ദ ട്വീറ്റ് ചെയ്തു.
നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയും കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സംഭാവനകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍, ഇന്ത്യയെ കണ്ടെത്തല്‍ വായിക്കുന്നത് നന്നായിരിക്കും. കെട്ടിടങ്ങളുടെ പേര് മാറ്റിയത് കൊണ്ട് പാരമ്പര്യം ഇല്ലാതാക്കാനാവില്ലെന്നും തിവാരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വയം പ്രഖ്യാപിത വിശ്വഗുരുവെന്നും, അരക്ഷിതാവസ്ഥയില്‍ ജീവിക്കുന്നയാളുമെന്നാണ് ജയറാം രമേശ് വിശേഷിപ്പിച്ചത്. അതേസമയം കോണ്‍ഗ്രസ് ഈ വിഷയം രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഒരു കുടുംബത്തിന് പുറത്തേക്ക് ചിന്തിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ലെന്ന് ബിജെപി എംപി നീരജ് ശേഖര്‍ പറഞ്ഞു.












Click it and Unblock the Notifications