നിതാരി കൂട്ടക്കൊല; സുരീന്ദര്‍ കോലിക്ക് ആറാമത്തെ കേസിലും വധശിക്ഷ
ദില്ലി: കുപ്രസിദ്ധമായ നിതാരി കൂട്ടക്കൊലക്കേസില്‍ പ്രതി സുരീന്ദര്‍ കോലിക്ക് ആറാമത്തെ കേസിലും വധശിക്ഷ വിധിച്ചു. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് പ്രതിക്ക് പരമാവധി ശിക്ഷ വിധിച്ചത്. കുട്ടികളെയും സ്ത്രീകളെയും കൂട്ടക്കൊലനടത്തിയ ശേഷം നോയിഡയിലെ നിതാരി സെക്ടര്‍ 31 വീടിന്റെ കോമ്പൗണ്ടില്‍ കുഴിച്ചിട്ട സംഭവത്തിലാണ് വിധി. നേരത്തെ അഞ്ചു കേസുകളിലും സുരീന്ദര്‍ കോലിക്ക് വധശിക്ഷ ലഭിച്ചിരുന്നു.
2006ലാണ് കൂട്ടക്കൊലയുടെ ഞെട്ടിപ്പിക്കുന്ന വിവരം ലോകം അറിയുന്നത്. അറസ്റ്റിലായ പ്രതി അന്നുമുതല്‍ ജയിലിലാണ്. സുരീന്ദര്‍ കോലി ജോലി ചെയ്തുവന്നിരുന്ന മൊനിന്ദര്‍ സിങ് പന്ഥേറിന്റെ വീട്ടുജോലിക്കാരി കൊല്ലപ്പെട്ട കേസിലാണ് ഒടുവില്‍ വിധിവന്നിരിക്കുന്നത്. 2006 ഒക്ടോബര്‍ 31നാണ് സ്ത്രീയെ കാണാതാകുന്നത്.

പന്ഥേറിന്റെ വീട്ടുജോലിക്കാരിയായിരുന്ന ഇരുപത്തിയഞ്ചുകാരിയായ സ്ത്രീ ഗര്‍ഭിണിയായതിനാല്‍ അവിടുത്തെ ജോലി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ കോലി വീണ്ടും അവരെ ജോലിക്കായി ക്ഷണിച്ചു. 2006 ഒക്ടോബര്‍ 31ന് സ്ത്രീ പന്ഥേറിന്റെ വീട്ടിലേക്ക് വീണ്ടും ജോലിക്ക് ക്ഷണിച്ചതിനാല്‍ പോവുകയാണെന്ന് ഭര്‍ത്താവിനോട് പറഞ്ഞിരുന്നു.
അന്നേദിവസം വീട്ടില്‍ നിന്നും പോയ യുവതി മടങ്ങിവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നതും ഞെട്ടിക്കുന്ന അനേകം കൊലകളുടെ വിവരം പോലീസിന് ലഭിക്കുന്നതും. പിന്നീട് പന്ഥേറിന്റെ വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെതടക്കമുള്ളവരുടെ അസ്ഥികൂടം കണ്ടെടുത്തിരുന്നു.
2013ലാണ് സിബിഐ അന്വേഷിച്ച കേസിന്റെ വിചാരണ ആരംഭിച്ചത്. 50 സാക്ഷികളെ കേസില്‍ വിസ്തരിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി വിധിയില്‍ പറയുന്നുണ്ട്. 2015ല്‍ ഒരു കേസില്‍ വധശിക്ഷ ഒഴിവായി ജീവപര്യന്തം തടവ് ലഭിച്ച കോലി ഇപ്പോള്‍ ഗാസിയാബാദിലെ ദസ്‌ന ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications