സോണിയയെയും രാഹുലിനെയും വിളിച്ചു; കോണ്‍ഗ്രസിന് നന്ദിയറിയിച്ച് നിതീഷ്, ഇനി അടുത്ത നീക്കം
ദില്ലി: ബീഹാറില്‍ മഹാസഖ്യത്തിലെത്തി സര്‍ക്കാരുണ്ടാക്കാന്‍ സഹായിച്ചതിന് കോണ്‍ഗ്രസിനോട് നന്ദി പറഞ്ഞ് നിതീഷ് കുമാര്‍. വലിയ ലക്ഷ്യത്തിലേക്കുള്ള ആദ്യ നീക്കമാണ് നിതീഷ് നടത്തിയതെന്നാണ് സൂചന. ആര്‍ജെഡിയേക്കാള്‍ കോണ്‍ഗ്രസിന്റെ പ്ലാനിംഗാണ് ഇക്കാര്യത്തില്‍ നിതീഷിനെ സഹായിച്ചത്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വിളിച്ചാണ് നിതീഷ് നന്ദി അറിയിച്ചത്.

2024 മുന്നില്‍ കണ്ട് കൊണ്ടുള്ള നീക്കമാണ് നിതീഷ് നടത്തിയത്. കോണ്‍ഗ്രസിന് നിതീഷിന്റെ പിന്തുണ വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് കൂടുതല്‍ കക്ഷികളെ ആകര്‍ഷിക്കാനുള്ള കഴിവ് നിതീഷിനുണ്ട്. പ്രാദേശിക കക്ഷികളെല്ലാം നിതീഷിനൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്.
അതേസമയം എന്‍ഡിഎ സഖ്യം പൊളിഞ്ഞതില്‍ ബിജെപിയെ പരിഹസിച്ച് നിതീഷ് കുമാര്‍ രംഗത്തെത്തി. ബീഹാര്‍ സര്‍ക്കാര്‍ രൂപീകരണം ഏറ്റവും മാന്യമായ രീതിയിലാണ് നടന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ബീഹാറില്‍ ഓപ്പറേഷന്‍ ലോട്ടസ് ഉണ്ടായില്ല. പണവും പിടിച്ചെടുത്തില്ല. ഇഡി റെയ്ഡുമുണ്ടായില്ല.
അസം മുഖ്യമന്ത്രി ഇതില്‍ ഇടപെട്ടില്ല, റിസോര്‍ട്ടില്‍ താമസിക്കേണ്ടി വന്നില്ല. എല്ലാം നല്ല വൃത്തിയോടെ ബീഹാര്‍ സ്‌റ്റൈലിലാണ് നടന്നത്. അതും ചെലവ് തീരെ കുറഞ്ഞാണ് ഇത് നടന്നതെന്നും ജയറാം രമേശ് പരിഹസിച്ചു.
ബീഹാറിലെ ഏറ്റവും വലിയ പാര്‍ട്ടിയുടെയും മറ്റ് കക്ഷികളുടെയും പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചു. അതാണ് ബീഹാറില്‍ നടന്നത്. എന്നാല്‍ മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ കൂറുമാറ്റമാണ് നടന്നത്. ബീഹാറില്‍ ബിജെപിയെ അവര്‍ തള്ളിയിരിക്കുകയാണ്. അവരെ ആര്‍ക്കും വേണ്ട എന്ന അവസ്ഥയാണെന്നും ജയറാം രമേശ് പറഞ്ഞു.
അതേസമയം ബീഹാറിലെ മന്ത്രിസഭയിലും വന്‍ നേട്ടം കോണ്‍ഗ്രസിനുണ്ടാവുമെന്നാണ് സൂചന. നാല് മന്ത്രിസ്ഥാനം അവര്‍ക്ക് ലഭിച്ചേക്കും. നിതീഷ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അതേസമയം നിതീഷിന് വിശ്വാസ്യത കുറഞ്ഞുവരുന്നു എന്ന വിലയിരുത്തല്‍ സഖ്യകക്ഷികള്‍ക്കിടയിലുണ്ട്.
കോണ്‍ഗ്രസിന് കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കാന്‍ ജെഡിയു എല്ലാ സഹായവും നല്‍കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന് നിതീഷ് കുമാറിന് പറഞ്ഞിരുന്നു. എന്നാല്‍ തേജസ്വി യാദവാണ് ഇതിന് തടസ്സം നിന്നത്. കോണ്‍ഗ്രസിന് പക്ഷേ സ്പീക്കര്‍ സ്ഥാനവും ലഭിക്കും. കോണ്‍ഗ്രസിന് 19 എംഎല്‍എമാരാണ് ബീഹാറിലുള്ളത്.
79 സീറ്റുള്ള ആര്‍ജെഡിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷി. ബിജെപിക്ക് 77 സീറ്റാണ് ഉള്ളത്. ബിജെപി വിരുദ്ധമായ ഏതൊരു സര്‍ക്കാരിനും കോണ്‍ഗ്രസ് പിന്തുണ നല്‍കും. പാര്‍ട്ടിയുടെ പോരാട്ടം പ്രത്യയശാസ്ത്രത്തിന് വേണ്ടിയാണെന്നും ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു.












Click it and Unblock the Notifications