പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ നിതീഷ് കുമാർ, ഇടത് നേതാക്കളുമായും ആം ആദ്മിയുമായും ചർച്ച
ദില്ലി: 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ദില്ലിയില്‍ പ്രതിപക്ഷ ഐക്യത്തിനുളള നീക്കങ്ങള്‍ ശക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രിയും ജെഡിയു തലവനുമായ നിതീഷ് കുമാറും പ്രതിപക്ഷ ഐക്യ നീക്കങ്ങള്‍ക്ക് കളമൊരുക്കാന്‍ ദില്ലിയിലുണ്ട്.
നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് പിറകെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരേയും നിതീഷ് കുമാര്‍ കണ്ടു. മാത്രമല്ല ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗുമായും പ്രതിപക്ഷ ഐക്യം സംബന്ധിച്ച് നിതീഷ് കുമാര്‍ ചര്‍ച്ച നടത്തി.

ബുധനാഴ്ച എഎപി കണ്‍വീനറും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാര്‍ ബീഹാറിലേക്ക് മടങ്ങിയത്. കൂടിക്കാഴ്ചയെ കുറിച്ച് പോസിറ്റീവ് ആയിട്ടാണ് അരവിന്ദ് കെജ്രിവാള്‍ പ്രതികരിച്ചത്. താന്‍ പൂര്‍ണമായും നിതീഷ് കുമാറിനൊപ്പമുണ്ട്. കേന്ദ്രത്തിലെ സര്‍ക്കാരിനെ മാറ്റാന്‍ പ്രതിപക്ഷവും രാജ്യം ഒന്നാകെയും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണ് എന്നാണ് അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.
പ്രതിപക്ഷത്തെ എല്ലാ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കാതെ 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ വിജയം സാധ്യമല്ലെന്ന് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികള്‍ക്ക് ഉത്തമ ബോധ്യമുണ്ട്. എന്നാല്‍ പ്രതിപക്ഷത്തെ എല്ലാവരേയും ഒരുമിച്ച് നിര്‍ത്താനുളള ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വിചാരിച്ചാല്‍ സാധിക്കുന്നതുമല്ല. കാരണം പ്രതിപക്ഷത്തുളള തൃണമൂലും ആപും അടക്കമുളളവര്‍ ബിജെപിയോട് എന്നപോലെ കോണ്‍ഗ്രസിനോടും എതിര്‍പ്പുളളവരാണ്.
രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിക്കുന്നതിനോട് മമത ബാനര്‍ജിക്കും അരവിന്ദ് കെജ്രിവാളിനും യോജിപ്പില്ല. അത് മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കുന്നതിനെ കുറിച്ചും മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ പ്രതിപക്ഷ കക്ഷികളുമായും നല്ല ബന്ധം പുലര്‍ത്തുന്ന നിതീഷ് കുമാറിന് നിര്‍ണായക റോള്‍ വരുന്നത്.












Click it and Unblock the Notifications