രാജ്ഭവനിലെത്തി നിതീഷ് കുമാര്‍, തേജസ്വിയില്ല, ഇന്ത്യ സഖ്യത്തിനൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ച് ജെഡിയു
ന്യൂഡല്‍ഹി: ബീഹാറില്‍ രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ തുടരുന്നതിനിടെ രാജ്ഭവനിലെത്തി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഗവര്‍ണറുടെ ചായസത്കാരത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. എന്നാല്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പരിപാടിക്കെത്തിയില്ല. അതേസമയം നിതീഷ് സഖ്യം വിടുമോ എന്ന കാര്യത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുകയാണ്.
ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച നേതാവ് ജിതന്‍ റാം മാഞ്ചിയും രാജ്ഭവനിലെത്തിയിരുന്നു. അതേസമയം ഞായറാഴ്ച്ച ബിജെപിയുടെ പിന്തുണയോടെ നിതീഷ് മുഖ്യമന്ത്രിയാവുമെന്നാണ് അഭ്യൂഹം. എന്നാല്‍ ഇതുവരെ ബിജെപി നിതീഷിനെ സഖ്യത്തിലേക്ക് സ്വാഗതം ചെയ്തിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കാത്തുനില്‍ക്കുകയാണ്.

അതേസമയം നിര്‍ണായക പ്രതികരണവും ജെഡിയുവില്‍ നിന്നുണ്ടായിട്ടുണ്ട്. തന്റെ പാര്‍ട്ടി ഇന്ത്യ സഖ്യത്തിനൊപ്പം ഉറച്ചുനില്‍ക്കുമെന്ന് നിതീഷ് ഇന്ന് ആവര്‍ത്തിച്ചു. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ തീരുമാനങ്ങളെ കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ തയ്യാറാവണം. സഖ്യകക്ഷികളുമായുള്ള സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ച്ച ചെയ്യാന്‍ തയ്യാറാവണമെന്നും നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു.
ജെഡിയുവിന്റെ സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് സിംഗ് കുശ്വാഹയും ബിജെപിയിലേക്ക് പോകുമെന്ന വാദങ്ങളെ തള്ളി. നിതീഷ് അഭ്യൂഹങ്ങളെ തള്ളിയെങ്കിലും ആര്‍ജെഡി ക്യാമ്പില്‍ ഇപ്പോഴും ആശങ്ക ബാക്കിയാണ്. നിതീഷ് കുടുംബാധിപത്യത്തെ വിമര്‍ശിച്ചത് ലാലുവിനെ ഉദ്ദേശിച്ചല്ലെന്നും കര്‍പ്പൂരി താക്കൂറിനെ പ്രശംസിക്കുക മാത്രമാണ് ചെയ്തതെന്നും ജെഡിയു നേതാക്കള്‍ പറയുന്നു.
അതേസമയം ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമില്ലെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ പറയുന്നു. പിന്‍വാതില്‍ രാഷ്ട്രീയം ഞങ്ങള്‍ കളിക്കാറില്ല. മുന്നില്‍ നിന്ന് മാത്രമേ ഞങ്ങളുടെ നേതാവ് നീക്കങ്ങള്‍ നടത്താറുള്ളൂ. ഞങ്ങള്‍ തുടര്‍ന്നും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും. ബിജെപിക്കൊപ്പം പോവുമോ എന്ന കാര്യം ഞാന്‍ തീരുമാനിക്കേണ്ടതല്ലെന്നും നീരജ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയ താല്‍പര്യവും പാര്‍ട്ടിയുടെ താല്‍പര്യവും മുന്‍നിര്‍ത്തിയുള്ള തീരുമാനം ബിജെപിയുടെ ഹൈക്കമാന്‍ഡ് എടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. ഈ വിഷയത്തില്‍ പ്രത്യേക സന്തോഷമോ അസന്തുഷ്ടിയോ ഇല്ല. പാര്‍ട്ടി എന്ത് തീരുമാനം എടുത്താലും അത് അനുസരിക്കുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
നേരത്തെ നിതീഷിന് മുന്നില്‍ ബിജെപിയുടെ വാതിലുകള്‍ അടച്ച് കഴിഞ്ഞതാണെന്ന് ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. എന്നാല്‍ സഖ്യം വിടുമെന്ന് പറഞ്ഞ് നിതീഷ് ലാലുവിനെ ഭീഷണിപ്പെടുത്തി കൊണ്ടിരിക്കുകയാണെന്നും ഗിരിരാജ് സിംഗ് പരിഹസിച്ചിരുന്നു. അതേസമയം ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ജനുവരി 27, 28 തിയതികളിലായി ചേരുന്നുണ്ട്. പട്‌നയില്‍ നടക്കുന്ന ഈ യോഗം വളരെ നിര്‍ണായകമാണ്.












Click it and Unblock the Notifications