അവിശ്വാസ പ്രമേയം ഇന്ന് ലോക്സഭയില്‍: പ്രതിപക്ഷ നിരയില്‍ ചർച്ചയ്ക്ക് തുടക്കം കുറിക്കുക രാഹുല്‍
ഡല്‍ഹി: കേന്ദ്ര സർക്കാറിനെതിരായി പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസില്‍ ഇന്ന് ലോക്സഭയില്‍ ചർച്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭാവത്തിലായിരിക്കും ഇന്നത്തെ ചർച്ച. അതേസമയം പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധിയായിരിക്കും ചർച്ചയ്ക്ക് തുടക്കം കുറിക്കുക. മോദി അപകീർത്തി കേസിലെ വിചാരണ കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം കഴിഞ്ഞ ദിവസം പുനഃസ്ഥാപിച്ചിരുന്നു.
ലോക്സഭയില്‍ ഭരണ പക്ഷത്തിന് കൃത്യമായ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍മണിപ്പൂർ വിഷയത്തിലുള്‍പ്പെടെ ചർച്ച നടക്കുമെന്നും അതിന് പ്രധാനമന്ത്രി മറുപടി പറയേണ്ടി വരും എന്നതുമാണ് പ്രതിപക്ഷം കാണുന്ന വിജയം. ഇന്ന് 12 മണിക്കാണ് ചർച്ചയ്ക്ക് തുടക്കമാകുന്നത്. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് എതിരെ അതിരൂക്ഷ വിമർശനം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിക്ക് പുറമെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയ ഗൗരവ് ഗോഗോയ് ആയിരിക്കും പ്രതിപക്ഷ നിരയിൽ നിന്ന് സംസാരിക്കുക.
ഭരണ പക്ഷത്ത് നിന്നും അഞ്ച് മന്ത്രിമാർ ചർച്ചയിൽ സംസാരിക്കും. അമിത് ഷാ, നിർമ്മല സീതാരാമൻ, സ്മൃതി ഇറാനി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു എന്നിവരാണ് ചർച്ചയില്‍ പങ്കെടുക്കുന്ന മന്ത്രിമാർ. മറ്റ് അഞ്ച് ബിജെപി എംപിമാരും ചർച്ചയിൽ പങ്കെടുക്കും. 2018 ലാണ് ഇതിന് മുമ്പ് നരേന്ദ്ര മോദി ലോക്സഭയില്‍ അവിശ്വാസ പ്രമേയത്തെ നേരിട്ടത്. അന്ന് തന്റെ മണിക്കൂറുകളോളം നീണ്ട പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രി മോദിയെ രാഹുൽ ഗാന്ധി ആലിംഗനം ചെയ്‌തത് ശ്രദ്ധേയമായിരുന്നു

ലോക്‌സഭയിലെ കേവല ഭൂരിപക്ഷ സംഖ്യ 272 ആണെന്നതിനാല്‍ തന്നെ 331 അംഗങ്ങളുടെ പിന്തുണയുള്ള എന്‍ ഡി എ സഖ്യവും കേന്ദ്ര സർക്കാരിന്റെ നില സുരക്ഷിതമാണ്. ബി ജെ പിക്ക് മാത്രം ലോക്സഭയിലെ 303 അംഗങ്ങളുടെ പിന്തുണയുണ്ട്. കോണ്‍ഗ്രസ്, ജെ ഡി യു, എസ് പി, ഡി എം കെ, സി പി എം, സി പി ഐ, ആർ ജെ ഡി, ആർ എല്‍ ഡി തുടങ്ങിയ കക്ഷികള്‍ അടങ്ങുന്ന പ്രതിപക്ഷമായ ഇന്ത്യൻ സഖ്യത്തിന് 144 പേരുടെ പിന്തുണ മാത്രമാണുള്ളത്.
കെ സി ആറിന്റെ ബി ആർ എസ്, വൈഎസ് ജഗൻ റെഡ്ഡിയുടെ വൈ എസ് ആർ സി പി, നവീൻ പട്നായിക്കിന്റെ ബി ജെ ഡി, ടി ഡി പി തുടങ്ങിയ പാർട്ടികൾക്കായി ആകെ 70 പേരുമുണ്ട്. ഇതില്‍ ബി ജെ ഡി, വൈ എസ് ആർ കോണ്‍ഗ്രസ്. ടി ഡി പി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബി ആർ എസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും.












Click it and Unblock the Notifications