ബീഫ് ഇറച്ചി കഴിക്കുന്നത് ആർക്കും തടയാനാവില്ല, രാജ്യത്ത് അങ്ങനെ നിയമവുമില്ല; ബിജെപി മേഘാലയ അധ്യക്ഷൻ
ഞങ്ങൾ മേഘാലയയിലാണ്.ഇവിടെ എല്ലാവരും ബീഫ് കഴിക്കും, ഇവിടെ യാതൊരു നിയന്ത്രണവുമില്ലെന്നും ബിജെപി അധ്യക്ഷൻ

ദില്ലി: മേഘാലയയിൽ ബീഫ് കഴിക്കുന്നതിന് യാതൊരു നിരോധനവുമില്ലെന്നും താനും ബീഫ് കഴിക്കാറുണ്ടെന്നും സംസ്ഥാന ബിജെപി അധ്യക്ഷൻ ഏണസ്റ്റ് മാവ്റി. മേഘാലയയിൽ ബീഫ് കഴിക്കുകയെന്നത് നമ്മുടെ ജീവിത രീതിയുടെ ഭാഗമാണ്. അതുകൊണ്ട് തന്നെ ബീഫ് കഴിക്കുന്നത് തടയുക എളുപ്പമല്ല', മാവ്റി പറഞ്ഞു.
' മറ്റ് സംസ്ഥാനങ്ങൾ എന്തെങ്കിലും നിയമം നടപ്പാക്കുന്നതിൽ എനിക്ക് പ്രതികരിക്കാനാകില്ല. ഞങ്ങൾ മേഘാലയയിലാണ്.ഇവിടെ എല്ലാവരും ബീഫ് കഴിക്കും, ഇവിടെ യാതൊരു നിയന്ത്രണവുമില്ല. ഞാനും ബീഫ് കഴിക്കുന്നയാളാണ്. മേഘാലയയിൽ ബീഫ് നിരോധിച്ചിട്ടുമില്ല. ഇവിടുത്ത ജനങ്ങളുടെ ജീവിത രീതിയുടെ ഭാഗം കൂടിയാണിത്. അതിനെ ആർക്കും തടയാൻ സാധിക്കില്ല', മാവ്റി പറഞ്ഞു.

ബീഫ് നിരോധിച്ച് നിയമം പാസാക്കിയിട്ടുണ്ടാകാം, പക്ഷേ
'ചില സംസ്ഥാനങ്ങളിൽ ബീഫ് നിരോധിച്ച് നിയമം പാസാക്കിയിട്ടുണ്ടാകാം, പക്ഷേ ഇവിടെ ഞങ്ങൾക്ക് അറവുളാലകൾ ഉണ്ട്. പശുവോ പന്നിയോ ആവട്ടെ എല്ലാവരും അത് മാർക്കറ്റിൽ നിന്നും വാങ്ങും. . വളരെ ശുചിത്വമുള്ള പരിസരത്ത് നിന്നാണ് ഇറച്ചി വാങ്ങാനാകുന്നത്. അതുകൊണ്ട് തന്നെ ആശുകൾ ഇവ വാങ്ങുന്ന രീതി ഇവിടെ ജനങ്ങൾക്കുണ്ട്', മാവ്റി പറഞ്ഞു. അതിനിടെ, ബി ജെ പി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്ന പ്രചരണം നടക്കുന്നുണ്ടെന്നും അത് അടിസ്ഥാന രഹിതമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒമ്പതു വർഷമായി അധികാരത്തിലിരുന്നിട്ടും
കഴിഞ്ഞ ഒമ്പതു വർഷമായി അധികാരത്തിലിരുന്നിട്ടും രാജ്യത്ത് ഒരു ക്രിസ്ത്യൻ പള്ളിക്ക് നേരെയും ആക്രമണം ഉണ്ടായിട്ടില്ല. ബി ജെ പി ഒരു ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണെന്നത് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം മാത്രമാണ്. ഗോവയും നാഗാലാന്റുമെല്ലാം ബി ജെ പി ഒരു ക്രിസ്ത്യൻ വിരുദ്ധ പർട്ടി അല്ലെന്നതിന്റെ വ്യക്തമായ ഉദാഹരണമാണെന്നും മാവ്റി അവാകാശപ്പെട്ടു. 'ഞാനൊരു ക്രിസ്ത്യാനിയാണ്, അവർ ഒരിക്കലും എന്നോട് പള്ളിയിൽ പോകരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മാവ്റി പറഞ്ഞു. ഇത്തവണ സംസ്ഥാനം ബി ജെ പി തൂത്തുവാരുമെന്നും മാവ്റി അവകാശപ്പെട്ടു.

സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്
'സംസ്ഥാനത്തെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഞങ്ങളുടെ സർവ്വേയിൽ കണ്ടെത്താൻ സാധിച്ചത് ഇത്തവണ മാന്ത്രിക സംഖ്യ നേടാൻ തങ്ങൾക്ക് സാധിക്കുമെന്നാണ്', മാവ്റി അവകാശപ്പെട്ടു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ രണ്ട് സീറ്റുകളിലാണ് ബി ജെ പിക്ക് ജയിക്കാൻ സാധിച്ചത്. കഴിഞ്ഞ തവണ കോൺഗ്രസിനെ അധികാരത്തിൽ നിന്നും പുറത്ത് നിർത്തുകയെന്ന ലക്ഷ്യത്തോടെ നാഷ്ണൽ പീപ്പിൾസ് പാർട്ടിയുമായി ബി ജെ പി കൈകോർക്കുകയും അധികാരം പിടിക്കുകയും ചെയ്തു. അന്ന് എൻ പി പി -ബി ജെ പി സഖ്യത്തിൽ യു ഡി പി , പി ഡി എഫ്, എച്ച് എസ് ഡി പി എന്നീ പാർട്ടികളും ഉണ്ടായിരുന്നു.

തനിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്
എന്നാൽ ഇത്തവണ സംസ്ഥാനത്ത് തനിച്ചാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ബി ജെ പിയുമായി സഖ്യമില്ലെന്ന് പ്രഖ്യാപിച്ച് എൻ പി പി ആദ്യം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുകയായിരുന്നു. തുടർന്ന് 60 സീറ്റുകളിലേക്ക് ബി ജെ പിയും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാൻ എൻ പി പി ക്ക് സാധിച്ചില്ലെങ്കിൽ ബി ജെ പി-എൻ പി-പി സഖ്യത്തിന് വീണ്ടും കളമൊരുങ്ങുമോയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications