സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കില്ല, പകരം പ്രക്ഷോഭമെന്ന് അമിത് ഷാ
Recommended Video

ദില്ലി: മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്താനായി 500ല്‍ അധികം യുവതികള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ശബരിമല വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ നല്‍കുക എന്നതല്ലാതെ ഇനി സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ മറ്റ് വഴികളില്ല.
സുപ്രീം കോടതി വിധി എന്തായാലും ശബരിമലയിലേക്ക് യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് ശശികല അടക്കമുളള സംഘപരിവാര്‍ നേതാക്കള്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുളളതാണ്. സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണം എന്നാണ് ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത്. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കില്ലെന്ന് അമിത് ഷാ വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

വിശ്വാസമല്ല, രാഷ്ട്രീയം
12 വര്‍ഷത്തോളം ശബരിമല സ്ത്രീ പ്രവേശന തര്‍ക്കത്തില്‍ കേസ് നടന്നപ്പോള്‍ ഒരിക്കല്‍ പോലും എതിര്‍ക്കാത്തവരാണ് ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസും. മാത്രമല്ല സ്ത്രീ പ്രവേശനത്തെ പിന്തുണയ്ക്കുകയും ചെയ്തു. എന്നാല്‍ യുവതീ പ്രവേശനം അനുവദിച്ച് കൊണ്ട് വിധി വന്നതോടെ എല്ലാവരും നിലപാട് മാറ്റി. വിശ്വാസ സംരക്ഷണം എന്നതിനപ്പുറം കോണ്‍ഗ്രസിനും സംഘപരിവാറിനും രാഷ്ട്രീയവിഷയമാണ് ശബരിമല.

ആക്രമണം സർക്കാരിനെതിരെ
സംസ്ഥാന സര്‍ക്കാരിനെയാണ് സുപ്രീം കോടതി വിധിയുടെ പേരില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ കടന്നാക്രമിക്കുന്നത്. സര്‍ക്കാര്‍ നിര്‍ബന്ധപൂര്‍വ്വം യുവതികളെ കയറ്റാന്‍ ശ്രമിക്കുന്നുവെന്നും ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമാണ് ആരോപണം. വിധിക്കെതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി കൊടുത്തില്ല എന്നും കുറ്റപ്പെടുത്തുന്നു.

ഓർഡിനൻസ് തർക്കം
സുപ്രീം കോടതി വിധി എതിരായത് കൊണ്ട് യുവതീ പ്രവേശനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വരണം എന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായത് കൊണ്ട് കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനാവില്ലെന്ന് ബിജെപി നേതാക്കള്‍ വാദിക്കുന്നു. എന്നാല്‍ നിയമവിദഗ്ധര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കും എന്നാണ്.

കേന്ദ്രം ഓർഡിനൻസ് ഇറക്കില്ല
എന്നാല്‍ സുപ്രീം കോടതി വിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കില്ല എന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും പ്രക്ഷോഭമാണ് മാര്‍ഗമെന്നും അമിത് ഷാ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.

നോട്ടം വോട്ടിൽ
ശബരിമലയിലെ വിശ്വാസ സംരക്ഷണമല്ല, വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ കേരളത്തില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്ന സിപിഎം അടക്കമുളളവരുടെ ആരോപണം ശരിവെയ്ക്കുന്നതാണ് അമിത് ഷായുടെ പ്രതികരണം. ശബരിമലയില്‍ പ്രശ്‌നപരിഹാരം വേണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ കേന്ദ്രത്തോട് ബിജെപിക്ക് ആവശ്യപ്പെടാവുന്നതേ ഉളളൂ.

പ്രസംഗത്തിനും ന്യായം
എന്നാല്‍ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം ഇതുപോലെ നിലനിര്‍ത്തുകയും സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയും ചെയ്ത് വോട്ട് നേടുക എന്ന ലക്ഷ്യമാണ് ബിജെപിക്കെന്ന ആക്ഷേപമാണ് ഇതോടെ ശരിയാണെന്ന് വരുന്നത്. ഒപ്പം കണ്ണൂരില്‍ നടത്തിയ വിവാദ പ്രസംഗത്തേയും അമിത് ഷാ ന്യായീകരിച്ചു. നടപ്പിലാക്കാന്‍ കഴിയുന്ന വിധികള്‍ വേണം കോടതികള്‍ പുറപ്പെടുവിക്കാന്‍ എന്ന് ഷാ പ്രസംഗിച്ചിരുന്നു.

നടപ്പിലാക്കാത്ത വിധികൾ
നടപ്പിലാക്കാത്ത പല സുപ്രീം കോടതി വിധികളുമുണ്ടെന്ന് അമിത് ഷാ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. ജെല്ലിക്കെട്ട് നിരോധനം, മുസ്ലീം പളളികളില്‍ മൈക്കുകള്‍ ഉപയോഗിക്കുന്നതിനുളള വിലക്ക്, ബനാറസിലെ ശിയാ സുന്നി ഖബര്‍സ്ഥാനുമായി ബന്ധപ്പെട്ട വിധി തുടങ്ങി സുപ്രീം കോടതിയുടെ പല വിധികളും ഇപ്പോഴും നടപ്പിലാക്കിയിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.












Click it and Unblock the Notifications