പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു, സഭയില്‍ നിന്നിറങ്ങി പോയി പ്രതിപക്ഷം
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ പരാജയപ്പെട്ടു. ശബ്ദവോട്ടോടെയാണ് പ്രമേയത്തെ സഭ തള്ളിയത്. അതേസമയം പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന ആവശ്യം നേടിയെടുക്കാന്‍ പ്രതിപക്ഷത്തിനായി. എന്നാല്‍ 2 മണിക്കൂര്‍ 13 മിനുട്ട് നീണ്ടു നിന്ന പ്രസംഗത്തില്‍ പ്രതിപക്ഷത്തെ രൂക്ഷമായിട്ടാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്.
പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. മണിപ്പൂരിനെ കുറിച്ച് മോദി സംസാരിക്കാന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു പ്രതിപക്ഷം ഇറങ്ങിപ്പോയത്. അതേസമയം പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെ ലോക്‌സഭ നാളേക്ക് പിരിഞ്ഞു. അതേസമയം പ്രസംഗത്തിനിടെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.

പ്രതിപക്ഷത്തിന് തന്റെ മറുപടി കേള്‍ക്കാനുള്ള ക്ഷമയില്ലെന്ന് മോദി ആരോപിച്ചു. ആദ്യ ഒന്നര മണിക്കൂര്‍ ഇന്ത്യാ സഖ്യത്തെയും, കോണ്‍ഗ്രസിനെയും, രാഹുല്‍ ഗാന്ധിയെയും വിമര്‍ശിക്കാനാണ് മോദി ഉപയോഗിച്ചത്. ഇതോടെ പ്രതിപക്ഷം ഇറങ്ങി പോയി. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ സമ്പദ് ഘടനയോടുള്ള സമീപനത്തെ പ്രധാനമന്ത്രി വിമര്‍ശിക്കുകയും ചെയ്തു.
രാഹുല്‍ ഗാന്ധിയായിരുന്നു പ്രതിപക്ഷ എംപിമാരുടെ ഇറങ്ങിപ്പോക്കില്‍ മുന്നില്‍ നിന്നത്. ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക്, സംസാരിക്കാന്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ അത് കേള്‍ക്കാനുള്ള ക്ഷമയില്ല. ഒരാളെ അധിക്ഷേപിച്ച ശേഷം സഭയില്‍ നിന്ന് പുറത്തുപോവുകയാണ് അവര്‍ ചെയ്യുന്നത്. നുണകളാണ് പ്രചരിപ്പിക്കുന്നത്.
അതാണ് അവരുടെ ഗെയിം. ഈ രാജ്യം അവരില്‍ നിന്ന് കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം അവര്‍ അംഗീകരിച്ചിരുന്നെങ്കില്‍ ആ വിഷയത്തില്‍ മാത്രമേ ഞങ്ങള്‍ സംസാരിക്കുമായിരുന്നുള്ളൂ. എല്ലാ കാര്യങ്ങളും അതില്‍ ചര്‍ച്ച ചെയ്യാമായിരുന്നു. പ്രതിപക്ഷത്തിനും സംസാരിക്കാന്‍ ഒരുപാട് അവസരം ലഭിക്കുമായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ അവര്‍ക്ക് താല്‍പര്യമേ ഇല്ലെന്നും മോദി പറഞ്ഞു.
അമിത് ഷാ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് സംസാരിച്ചിരുന്നു. രാജ്യം അപ്പോഴാണ് എത്ര വലിയ നുണകളാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് മനസ്സിലാക്കിയത്. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍, ട്രഷറി ബെഞ്ചുകളുടെ ബാധ്യതയാണ് സര്‍ക്കാരില്‍ എത്രത്തോളം വിശ്വാസം രാജ്യത്തിനുണ്ടെന്ന് പറയുകയെന്നും മോദി പറഞ്ഞു.












Click it and Unblock the Notifications