ബിജെപിക്കൊപ്പം വളര്‍ന്ന ഗൗഡ; ഉള്‍പ്പോരില്‍ തളര്‍ച്ച, തട്ടകം കേന്ദ്രത്തിലേക്ക് മാറ്റി
Recommended Video

കര്‍ണാടക മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ ബിജെപി നേതാവാണ് ഡിവി സദാനന്ദ ഗൗഡ. സുള്യയില്‍ ജനിച്ച ഇദ്ദേഹത്തിന് മലയാളവും നന്നായി വഴങ്ങും. ബാംഗ്ലൂര്‍ നോര്‍ത്ത് ലോക്സഭാ മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്റ്റാറ്റിറ്റിക്സ്-പ്രോഗ്രാം വകുപ്പ് മന്ത്രിയാണിപ്പോള്‍. നേരത്തെ റെയില്‍വെ മന്ത്രിയായിരുന്നു. മന്ത്രിസഭ പുനസംഘടിപ്പിച്ചപ്പോള്‍ നിയമമന്ത്രിയായി. പിന്നീട് വീണ്ടും സ്ഥാന ചലനമുണ്ടായ ശേഷമാണ് ഇപ്പോഴത്തെ സ്റ്റാറ്റിറ്റിക്സ് വകുപ്പിലെത്തിയത്.

വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച സദാനന്ദഗൗഡ എബിവിപിയുടെ ജില്ലാ ജനറല്‍ സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.നിയമത്തില്‍ ബിരുദം നേടിയ ഇദ്ദേഹം കുറച്ചുകാലം സിര്‍സിയില്‍ പബ്ലിക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ടിച്ചിരുന്നു. എന്നാല്‍ ജോലി രാജിവെച്ച് മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.
ബിജെപിയുടെ ആദ്യ രൂപമായിരുന്ന ജനസംഘത്തിലൂടെയാണ് സജീവരാഷ്ട്രീയത്തിലെത്തിയത്. ജനതാപാര്‍ട്ടി പിരിഞ്ഞതോടെ സദാനന്ദ ഗൗഡ ബിജെപിയില്‍ ചേര്‍ന്നു. ദക്ഷിണ കന്നഡ യുവമോര്‍ച്ച പ്രസിഡന്റ്, ദക്ഷിണ കന്നഡ ബിജെപി വൈസ് പ്രസിഡന്റ്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി, ബിജെപി സംസ്ഥാന സെക്രട്ടറി, ബിജെപി ദേശീയ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
1994ലാണ് ആദ്യമായി കര്‍ണാടക നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കന്നഡയിലെ പുത്തൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ജയം. 1999ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അദ്ദേഹം സഭയില്‍ പ്രതിപക്ഷ നേതാവായി. കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ ശക്തനായ നേതാവ് വീരപ്പ മൊയ്ലിയെ പരാജയപ്പെടുത്തിയാണ് 2004ല്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മാംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ഈ വിജയം. 32314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മൊയ്ലിയെ പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയെങ്കിലും മൊയ്ലിയുടെ പരാജയം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു.
2006ലാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 2008ല്‍ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത് സദാനന്ദ ഗൗഡയുടെ നേതൃത്വത്തിലായിരുന്നു. എന്നു മാത്രമല്ല ഇത്തവണ ബിജെപി ജയിക്കുകയും ചെയ്തു. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആദ്യമായി ഒരു സംസ്ഥാനം ഭരിക്കാന്‍ കിട്ടിയത് ഈ തിരഞ്ഞെടുപ്പിലാണ്. ഇതോടെയാണ് ദേശീയ തലത്തില്‍ സദാനന്ദ ഗൗഡ ചര്‍ച്ചാ വിഷയമായത്.
2009ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം മല്‍സരിച്ചത് ഉഡുപ്പി ചിക്മഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ്. മികച്ച വിജയം നേടുകയും ചെയ്തു. ഇക്കാലത്ത് ബിഎസ് യെദ്യൂരപ്പയായിരുന്നു കര്‍ണാടക മുഖ്യമന്ത്രി. ലിംഗായത്ത് സമുദായ നേതാവായ യെദ്യൂരപ്പ അനധികൃത ഖനന വിവാദത്തില്‍പ്പെട്ട് മുഖ്യമന്ത്രി പദം ഒഴിയേണ്ടി വന്നപ്പോള്‍ പാര്‍ട്ടി മുഖ്യമന്ത്രി പദം കൈമാറിയത് സദാനന്ദ ഗൗഡയ്ക്കായിരുന്നു. തുളുവ സമദുയാത്തില്‍ നിന്ന് മുഖ്യമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് സദാനന്ദ ഗൗഡ. തുളുവ സമുദായത്തില്‍ നിന്ന് ആദ്യം മുഖ്യമന്ത്രിയായത് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയായിരുന്നു.
യെദ്യൂരപ്പയുടെ കാലത്ത് ബിജെപിക്ക് വീണ അഴിമതിയുടെ നിറം മാറ്റിയെടുക്കുന്നതില്‍ മുഖ്യ പങ്കാണ് സദാനന്ദ ഗൗഡ വഹിച്ചത്. സക്കാല ഉള്‍പ്പെടെയുള്ള ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ഗൗഡ നടപ്പാക്കി. എന്നാല്‍ യെദ്യൂരപ്പ പക്ഷം വീണ്ടും കരുത്താര്‍ജ്ജിച്ചതോടെ പാര്‍ട്ടിയില്‍ കലഹം രൂക്ഷമായി. ഒടുവില്‍ സദാനന്ദ ഗൗഡ രാജിവെച്ചു. പകരം ജഗദീഷ് ഷെട്ടാര്‍ മുഖ്യമന്ത്രിയായി.
2013ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി. സഭയില്‍ പ്രതിപക്ഷ നേതാവായി ബിജെപി തിരഞ്ഞെടുത്തത് സദാനന്ദ ഗൗഡയെ ആയിരുന്നു. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സദാനന്ദ ഗൗഡ മല്‍സരിച്ചത് ബാംഗ്ലൂര്‍ നോര്‍ത്ത് മണ്ഡലത്തില്‍ നിന്നാണ്. മോദി സര്‍ക്കാരില്‍ കാബിനറ്റ് പദവിയുള്ള മന്ത്രിയായി. റെയില്‍വെ വകുപ്പ് ഇദ്ദേഹത്തിന് ലഭിച്ചു. 2014 ജൂലൈയില്‍ ഇദ്ദേഹമാണ് റെയില്‍വെ ബജറ്റ് അവതരിപ്പിച്ചത്.
സഹകരണ, തൊഴില്‍ രംഗത്ത് ഏറെ കാലം പ്രവര്‍ത്തിച്ച വ്യക്തി കൂടിയാണ് സദാനന്ദ ഗൗഡ. ഇത്തവണ ജെഡിഎസ് നേതാവ് ദേവഗൗഡക്കെതിരെ മല്‍സരിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്നാണ് സദാനന്ദ ഗൗഡ അടുത്തിടെ പറഞ്ഞത്. ഇദ്ദേഹം എവിടെ മല്‍സരിച്ചാലും ജയിക്കുമെന്നാണ് ബിജെപി നേതാക്കളുടെ വിശ്വാസം.












Click it and Unblock the Notifications