വിജയ്ക്ക് കുരുക്ക്, കരൂർ ദുരന്തത്തിൽ സിബിഐക്ക് മുന്നിൽ ഹാജരാകണം, ചോദ്യം ചെയ്യലിന് നോട്ടീസ്
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സിബിഐയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഈ മാസം 12 തിങ്കളാഴ്ച അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകാനാണ് വിജയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കരൂര്‍ ദുരന്തത്തില്‍ സുപ്രീം കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്റ്റംബർ 27-ന് നടന്ന വിജയിയുടെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിക്കുകയും 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 10,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള സ്ഥലത്ത് 30,000-ത്തോളം ആളുകൾ തടിച്ചുകൂടിയതും, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതും, ഭക്ഷണത്തിനും കുടിവെള്ളത്തിനുമുള്ള ശരിയായ ക്രമീകരണങ്ങൾ ഇല്ലാതിരുന്നതുമാണ് ദുരന്തത്തിന് കാരണമായത്.
ഉച്ചയ്ക്ക് 12 മണിക്ക് എത്തേണ്ടിയിരുന്ന വിജയ് ഏകദേശം വൈകുന്നേരം 7 മണിയോടെയാണ് പരിപാടി സ്ഥലത്ത് എത്തിയത്. അദ്ദേഹമെത്തുന്നതുവരെ വൻ ജനക്കൂട്ടം അവിടെ തടിച്ചുകൂടിയിരുന്നു. വിജയ്‍യുടെ പ്രചാരണ വാഹനം എത്തിയതോടെ ആൾക്കൂട്ടം വീണ്ടും ഇരച്ചെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഈ സമയമത്രയും നിരവധി പേർ മരങ്ങളിലും വീടുകളുടെ മേൽക്കൂരകളിലും വൈദ്യുതി ലൈനുകളിലും കയറിക്കൂടി. വൈദ്യുതാഘാതം ഒഴിവാക്കാനായി അധികൃതർക്ക് പ്രധാന വൈദ്യുതി ലൈനുകൾ വിച്ഛേദിക്കേണ്ടി വന്നതായും റിപ്പോർട്ടുകളുണ്ട്.
വിജയ് എത്തിയതോടെ ജനങ്ങൾ പരസ്പരം തള്ളിമാറ്റാനും അദ്ദേഹത്തിൻ്റെ ശ്രദ്ധ ആകർഷിക്കാനായി വാഹനത്തിന് നേർക്ക് ചെരിപ്പുകൾ എറിയാനും തുടങ്ങി. ഈ തിരക്കിനിടെ നിരവധി പേർ ബോധരഹിതരായി വീഴുകയും ചെയ്തു. ഒടുവിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തേണ്ടി വന്നു. ദുരന്തത്തിന് പിന്നാലെ വിജയ് ആളുകൾക്ക് സഹായം എത്തിക്കാൻ നിൽക്കാതെ പോയത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.
ദുരന്തത്തിന്റെ തൊട്ടടുത്ത ദിവസം, വിജയ് ദുരിതബാധിതർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് 2 ലക്ഷം രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. ഇതിനൊപ്പം തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനവ്യാപകമായി നടത്താനിരുന്ന വിജയുടെ പര്യടനവും റദ്ദാക്കി.
ദുരന്തത്തിന് കാരണമായ വീഴ്ചകളുടെ പേരിൽ ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയാഴകനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും, ജുഡീഷ്യൽ കസ്റ്റഡി നീട്ടാൻ കോടതി വിസമ്മതിച്ചതിനെത്തുടർന്ന് പിന്നീട് അദ്ദേഹം മോചിതനായി. ദുരന്തവും രാഷ്ട്രീയ വിമർശനങ്ങളും കഴിഞ്ഞ് ഒരു മാസത്തിലേറെയായപ്പോൾ, വിജയ് ചെന്നൈക്കടുത്ത് മാമല്ലപുരത്തെ ഒരു റിസോർട്ടിൽ വെച്ച് ദുരിതബാധിതരുടെ കുടുംബങ്ങളെ സന്ദർശിച്ചു. കൂടിക്കാഴ്ചയിൽ, സംഭവിച്ച ദുരന്തത്തിനും കറൂർ ഉടൻ സന്ദർശിക്കാൻ കഴിയാഞ്ഞതിനും വിജയ് മാപ്പ് ചോദിച്ചു.












Click it and Unblock the Notifications