'അവരുടെ തടവറകളെ ഞാന്‍ ഭയക്കുന്നില്ല', തല കുനിക്കാത്തത് കൊണ്ട് അവര്‍ അറസ്റ്റ് ചെയ്തവെന്ന് സിസോദിയ
കെജ്രിവാളിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നവരാണെന്ന് സിസോദിയ

ദില്ലി: മദ്യനയക്കേസിലെ അറസ്റ്റ് തനിക്കും ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്രിവാളിനും എതിരെയുളള ഗൂഢാലോചന ആണെന്ന് ആരോപിച്ച് മനീഷ് സിസോദിയ. കെജ്രിവാള്‍ മന്ത്രിസഭയില്‍ നിന്നും രാജി വെച്ച് കൊണ്ടുളള കത്തിലാണ് തനിക്കെതിരെയുളള ആരോപണങ്ങളെ സിസോദിയ അടിസ്ഥാനരഹിതമെന്ന് തള്ളിക്കളഞ്ഞത്.
'എനിക്കെതിരെ നിരവധി എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇനിയും കുറേയെണ്ണം വരാനുമിരിക്കുന്നു. നിങ്ങള്‍ക്കൊപ്പം ഞാനില്ലെന്ന് ഉറപ്പാക്കാന്‍ പറ്റുന്നതെല്ലാം അവര്‍ ചെയ്തിരിക്കുന്നു. എന്നെ ഭീഷണിപ്പെടുത്തി. കൈക്കൂലി വാഗ്ദാനം ചെയ്തു. എന്നാല്‍ ഞാന്‍ അതിനൊന്നും തന്നെ വഴങ്ങിയില്ല. അതിന്റെ ഫലം അവര്‍ക്ക് മുന്നില്‍ തല കുനിക്കാത്തത് കൊണ്ട് അവര്‍ എന്നെ അറസ്റ്റ് ചെയ്തു', മനീഷ് സിസോദിയ രാജിക്കത്തില്‍ കുറിച്ചു.
'അവരുടെ ജയിലറകളെ ഞാന്‍ ഭയക്കുന്നില്ല. സത്യത്തിന്റെ പാത തിരഞ്ഞെടുത്തതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യത്തെ വ്യക്തിയല്ല ഞാന്‍. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയതിന്റെ പേരില്‍ കള്ളക്കേസുകള്‍ ചുമത്തപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട നിരവധി പേരുടെ കഥകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അവരില്‍ ചിലരെ തൂക്കിക്കൊല്ലുകയും ചെയ്തു', സിസോദിയ കൂട്ടിച്ചേര്‍ക്കുന്നു.
'കെജ്രിവാളിന് എതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നത് അദ്ദേഹം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെ ഭയക്കുന്നവരാണ്. ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും അഴിമതിക്കും എതിരെ പോരാടുന്ന ഈ നാട്ടിലെ ജനങ്ങള്‍ അരവിന്ദ് കെജ്രിവാളിനെ കാണുന്നത് പ്രതീക്ഷയുടെ കിരണമായിട്ടാണ്. ഗിമ്മിക്കുകള്‍ കാണിക്കുന്ന നേതാക്കളുടെ കൂട്ടത്തിലല്ല ജനം കെജ്രിവാളിനെ കാണുന്നത്. അദ്ദേഹം പറയുന്നത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. ഈ ലോകത്തില്‍ ആര്‍ക്കും തന്നെ എന്നില്‍ അഴിമതിയുടെ കറ പുരട്ടാനോ എന്റെ വിശ്വാസ്യതയെ കളങ്കപ്പെടുത്താനോ സാധിക്കില്ല' എന്നും മൂന്ന് പേജുളള രാജിക്കത്തില്‍ സിസോദിയ പറയുന്നു.












Click it and Unblock the Notifications