ഒടിടിയിൽ അശ്ലീല കണ്ടന്റുകൾ കൂടുന്നു; കർശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ

ദില്ലി:ഒടിടി പ്ലാറ്റ്ഫോമുകൾക്കെതിരെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അശ്ലീലം അനുവദിക്കില്ലെന്നും ആവശ്യമെങ്കില്‍ നിലവിലെ ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ഓ ടി ടി പ്ലാറ്റ്‌ഫോമിൽ അശ്ലീലവും അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചുവരുന്നതായുള്ള പരാതി സർക്കാർ ഗൗരവപൂർവ്വം പരിശോധിക്കുന്നുണ്ട്. സർഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ല.ഇത് സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കാൻ മന്ത്രാലയം തയ്യാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണ് സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. കർശന നടപടി ആവശ്യമെങ്കിൽ സ്വീകരിക്കാൻ സർക്കാർ മടിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രാരംഭ തലത്തിൽ നിർമ്മാതാവ് തന്നെ പരാതികൾ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം.90 മുതൽ 92 ശതമാനം പരാതികളും ആവശ്യമായ മാറ്റങ്ങൾ വരുത്തി നിർമ്മാതാക്കൾ തന്നെ പരിഹരിക്കുന്നുണ്ട്. അവസാന ഘട്ടത്തിലാണ് പരാതി സർക്കാർ തലത്തിലേക്ക് എത്തുന്നത്. അവിടെ വകുപ്പുതല കമ്മിറ്റി തലത്തിൽ നിയമങ്ങൾ അനുസരിച്ച് അവയ്ക്കെതിരെ നടപടി സ്വീകരിക്കും.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ വർധിച്ചു വരുന്നത് വകുപ്പ് മന്ത്രാലയം ഗൗരവത്തോടെയാണ് കാണുന്നത്. എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് ഗൗരവമായി പരിഗണിക്കാൻ സർക്കാർ തയ്യാറാണ്', കേന്ദ്ര മന്ത്രി പറഞ്ഞു.












Click it and Unblock the Notifications