ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പ്: നവീന്‍ പട്‌നായിക്ക് വീഴുമോ? ബിജെപി കുതിക്കും; ഒപ്പത്തിനൊപ്പമെന്ന് സര്‍വേ
ന്യൂഡല്‍ഹി: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ അത്യുഗ്രന്‍ പോരാട്ടം നടക്കുമെന്ന് പ്രവചിച്ച് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. ബിജെപിയും ബിജു ജനദാതളും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്നും, ആര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്ന് പറയാനാവില്ലെന്നും സര്‍വേ പ്രവചിക്കുന്നു. ഒഡീഷയില്‍ 147 സീറ്റുകളാണ് നിയമസഭയിലുള്ളത്.
ബിജെപി 62 മുതല്‍ 80 സീറ്റുകള്‍ വരെ നിയമസഭയില്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പ്രവചിക്കുന്നത്. അതേസമയം ബിജെപി ഇത്തവണ ലോക്‌സഭയിലും നിയമസഭയിലും ഒരുപോലെ നേട്ടങ്ങളുണ്ടാക്കുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളിന് കാര്യമായ നഷ്ടമുണ്ടാകും. 62 മുതല്‍ 80 സീറ്റുകള്‍ വരെയാണ് ബിജെഡിക്കും ലഭിക്കുക.

ഒഡീഷ നിയയമസഭയില്‍ 147 സീറ്റുകളാണ് ഉള്ളത്. ബിജെപിക്ക് ഇത്തവണ കാര്യമായ നേട്ടങ്ങളാണ് സര്‍വേ പ്രവചിക്കുന്നത്. എന്നാല്‍ നിയമസഭയില്‍ ഇരു പാര്‍ട്ടികള്‍ക്കും തുല്യ സീറ്റുകളായിരിക്കും ലഭിക്കുക. ഒഡീഷയില്‍ ബിജെപിയുടെ ഉദയത്തിന് കൂടിയാണ് ഇതിലൂടെ കളമൊരുങ്ങുന്നത്.
ബിജെപിയുടെ ഹൈഡോസ് പ്രചാരണം ഇവിടെ പാര്‍ട്ടിക്ക് നേട്ടങ്ങള്‍ സമ്മാനിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു ഇത്തവണയും ബിജെപി പ്രചാരണങ്ങള്‍ നടത്തിയത്. ഒഡീഷയില്‍ നിന്നുള്ള നേതാവിനെ രാഷ്ട്രപതിയാക്കിയതും, പ്രചാരണത്തില്‍ നവീന്‍ പട്‌നായിക്കിനെ ഭരിക്കുന്നത് വികെ പാണ്ഡ്യനാണെന്നുമുള്ള കാര്യങ്ങളെല്ലാം കൊണ്ടുവന്ന് ബിജെപി നേട്ടങ്ങളുണ്ടാക്കിയിരുന്നു.
അതേസമയം ഇന്ത്യാ ടുഡേയുടെ എക്‌സിറ്റ് പോളുകള്‍ ശരിയായി വന്നാല്‍ 2004ന് ശേഷം ആദ്യമായിട്ടായിരിക്കും ബിജു ജനതാദളിന് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയുണ്ടാവുന്നത്. നവീന്‍ പട്‌നായിക്കിന് ഇതോടെ ഭരണം നടത്താന്‍ ബിജെപിയുടെ സഹായം തേടേണ്ടി വരും. തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയും ബിജെഡിയും തമ്മില്‍ സഖ്യത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
ഏകദേശം സഖ്യത്തിന് അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ ഒഡീഷയില്‍ നിന്നുള്ള നേതാക്കള്‍ സഖ്യം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ സാഹചര്യം അനുകൂലമാണെന്ന് മനസ്സിലാക്കിയായിരുന്നു ഈ തീരുമാനം.
ബിജെപിയുടെ വോട്ടുശതമാനത്തിലും ഇത്തവണ കാര്യമായ വര്‍ധനവുണ്ടാകും. 42 ശതമാനമായിട്ടാണ് വോട്ട് ഉയരുക. ബിജു ജനതാദളിനും ഇത്ര തന്നെ വോട്ട് ലഭിക്കും. അതേസമയം കോണ്‍ഗ്രസ് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെ സംസ്ഥാനത്ത് ആകെ നേടിയേക്കും. പന്ത്രണ്ട് ശതമാനം വോട്ടും അവര്‍ക്ക് ലഭിക്കുമെന്ന് സര്‍വേ പറയുന്നു.
2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 112 സീറ്റുകളുമായി ബിജെഡി വീണ്ടും അധികാരത്തില്‍ വന്നിരുന്നു. എന്നാല്‍ ബിജെപിക്ക് 23 സീറ്റുകളായിരുന്നു ലഭിച്ചത്. 23ല്‍ നിന്നാണ് ഇപ്പോള്‍ കാണുന്ന 80 സീറ്റുകളിലേക്കുള്ള വളര്‍ച്ച. ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 18 മുതല്‍ ഇരുപത് സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേയുടെ പ്രവചനം.












Click it and Unblock the Notifications