'ആദ്യം സുരക്ഷയൊരുക്കൂ.. എന്നിട്ട് പോരെ വന്ദേഭാരതും വരുമാനം വര്‍ധിപ്പിക്കലും'; മോദിയോട് സുര്‍ജേവാല
ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിലുണ്ടായ തീവണ്ടി അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒമ്പത് ചോദ്യങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. സിഗ്‌നലിംഗ് സംവിധാനത്തിന്റെ പരാജയം സംബന്ധിച്ച മുന്നറിയിപ്പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എന്തുകൊണ്ടാണ് അവഗണിച്ചത് എന്ന് രണ്‍ദീപ് സിംഗ് സുര്‍ജേവാല ചോദിച്ചു. ദി പ്രിന്റിന്റെ ഒരു റിപ്പോര്‍ട്ട് അധികരിച്ചാണ് സുര്‍ജേവാലയുടെ ചോദ്യം.
റെയില്‍വേ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ സിഗ്നല്‍ സംവിധാനത്തിലെ ഗുരുതരമായ പിഴവുകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും ഫെബ്രുവരിയില്‍ ഇന്റര്‍ലോക്ക് പരാജയപ്പെടുന്നതിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. ഇത് ചൂണ്ടിക്കാട്ടിയാണ് സുര്‍ജേവാലയുടെ വിമര്‍ശനം. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ഉടന്‍ പുറത്താക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിഗ്‌നല്‍ മെയിന്റനന്‍സ് സിസ്റ്റം നിരീക്ഷിക്കുകയും ഉടനടി ശരിയാക്കുകയും ചെയ്തില്ലെങ്കില്‍ അത് ഗുരുതരമായ അപകടങ്ങള്‍ക്ക് ഇടയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്തുകൊണ്ടാണ് റെയില്‍വേ മന്ത്രിയും റെയില്‍വേ മന്ത്രാലയവും ഇക്കാര്യത്തില്‍ അശ്രദ്ധ കാണിച്ചത് എന്ന് അദ്ദേഹം ചോദിച്ചു. അടുത്തിടെ ചരക്ക് തീവണ്ടികള്‍ പാളം തെറ്റിയിരുന്നു.
ഇത്തരം സംഭവങ്ങള്‍ റെയില്‍ സുരക്ഷയുടെ അഭാവത്തെക്കുറിച്ച് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നതിലേക്ക് നയിക്കാത്തത് എന്തുകൊണ്ടാണ്? റെയില്‍വേ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മാര്‍ക്കറ്റിംഗിലും പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിലുമാണ് റെയില്‍വേ മന്ത്രി കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നത് ശരിയാണോ എന്നും സുര്‍ജേവാല ചോദിക്കുന്നു.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ശ്രമകരമായ ജോലി നോക്കാതെ വന്ദേ ഭാരത് ട്രെയിനുകള്‍ ആരംഭിക്കുന്നതിലും റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കുന്നതിലും വരുമാനം വര്‍ധിപ്പിക്കുന്നതിലും ആണോ റെയില്‍വേ മന്ത്രി മുന്‍ഗണന നല്‍കിയിരിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഒഡിഷ ട്രെയിന്‍ അപകടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് റെയില്‍വേ സുരക്ഷയെക്കുറിച്ചുള്ള അവതരണം റെയില്‍വേ മന്ത്രി ഒഴിവാക്കിയത് എന്തിനാണ് എന്നും സുര്‍ജേവാല ആരാഞ്ഞു.
ഐടി, ടെലികോം തുടങ്ങിയ വന്‍കിട മന്ത്രാലയങ്ങളുടെ അധിക ചുമതല റെയില്‍വേ മന്ത്രിക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെയും സുര്‍ജേവാല ചോദ്യം ചെയ്തു, റെയില്‍വെയെ ഒരു രണ്ടാംകിട ജോലിയാക്കിയത് വഴി സുരക്ഷ അപകടത്തിലാക്കുകയാണ് ചെയ്യുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെയില്‍വേയിലെ ജീവനക്കാരുടെ അഭാവത്തില്‍ എങ്ങനെയാണ് ഫലപ്രദവും സുരക്ഷിതവുമായ പ്രവര്‍ത്തനം നടത്താന്‍ സാധിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വെള്ളിയാഴ്ച രാത്രിയാണ് രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടം നടന്നത്. മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 294 പേരാണ് മരിച്ചത്. രണ്ട് പതിറ്റാണ്ടിനിടയിലെ ഇന്ത്യയിലെ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇത്. ചരക്ക് ട്രെയിനും പാസഞ്ചര്‍ ട്രെയിനും കൂട്ടിയിടിച്ചതിന് പിന്നാലെ ഇതിലേക്ക് മറ്റൊരു ട്രെയിന്‍ കൂടി വന്നിടിക്കുകയായിരുന്നു.












Click it and Unblock the Notifications