ഓയില്‍ ടാങ്കറിന് തീപിടിച്ച് വന്‍ അപകടം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
മുംബൈ: മുംബൈ-പൂനെ എക്‌സ്പ്രസ്‌വേയില്‍ ഓയില്‍ ടാങ്കറിന് തീപിടിച്ച് വന്‍ അപകടം. അപകടത്തില്‍ നാല് പേര്‍ മരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ ലോണാവാലയ്ക്ക് സമീപമാണ് അപകടം. ടാങ്കറിന്റെ ഡ്രൈവറും സഹായിയും റോഡിലൂടെ സ്‌കൂട്ടറില്‍ പോകുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഗ്നിശമന സേന തീ അണക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. കുഡെ ഗ്രാമത്തിന് സമീപമുള്ള മേല്‍പ്പാലത്തിലൂടെ പോവുകയായിരുന്ന ടാങ്കര്‍ ലോറി മറിഞ്ഞ് എണ്ണ പരന്നൊഴുകുകയായിരുന്നു. തുടര്‍ന്നാണ് ടാങ്കറിന് തീപിടിച്ചത്. എണ്ണ റോഡില്‍ പരന്നൊഴുകിയതോടെ വാഹനങ്ങള്‍ നിയന്ത്രണം നഷ്ടമായി തെന്നിവീഴുകയും ചെയ്തു.

പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു.ടാങ്കര്‍ മറിഞ്ഞതിന് ശേഷം ഡീസല്‍ ടാങ്ക് ചോരുകയും ഘര്‍ഷണത്തിന്റെ ഫലമായി തീപിടിക്കുകയായിരുന്നുവെന്ന് പൂനെ റൂറല്‍ എ സി പി മിതേഷ് ഘാട്ടെ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ഖലാപൂര്‍ ടോള്‍ പ്ലാസയിലും ഉര്‍സെ ടോള്‍ പ്ലാസയിലും ഭാരം കയറ്റി വന്നവാഹനങ്ങള്‍ തടഞ്ഞു.
ലോണാവാല എക്സിറ്റില്‍ നിന്ന് പൂനെ-മുംബൈ ഹൈവേ വഴി കാറുകള്‍ തിരിച്ചുവിട്ടതായി ഹൈവേ സേഫ്റ്റി പട്രോള്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സുമയ്യ ബഗ്വാന്‍ പറഞ്ഞു. 94 കിലോമീറ്റര്‍ നീളമുള്ളതാണ് മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേ. ടാങ്കര്‍ ഏത് കമ്പനിയുടേതാണ് എന്ന് കണ്ടെത്താന്‍ ശ്രമിക്കുകയാണെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടാങ്കര്‍ മുഴുവന്‍ കത്തിനശിച്ചിട്ടുണ്ട്.
ടാങ്കറില്‍ മെഥനോള്‍ ഉണ്ടായിരുന്നതായി ലോണാവാല പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ സീതാറാം ദുബല്‍ പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും തിരിച്ചറിയല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. എല്ലാവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. നിലവില്‍ പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുമാണ് അടിയന്തര ശ്രദ്ധ നല്‍കിയിരിക്കുന്നതെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.












Click it and Unblock the Notifications