ഞാന്‍ അമിത് ഷായെ കണ്ടിട്ടില്ല; ആ വാര്‍ത്ത തെറ്റ്... അഖിലേഷിനെ വഞ്ചിക്കില്ലെന്ന് എസ്ബിഎസ്പി
ലഖ്‌നൗ: അഖിലേഷ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യം ചേര്‍ന്നാണ് എസ്ബിഎസ്പി ഇത്തവണ യുപി നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. ഓം പ്രകാശ് രാജ്ഭാര്‍ നേതൃത്വം നല്‍കുന്ന സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി (എസ്ബിഎസ്പി) 2017ല്‍ ബിജെപിക്കൊപ്പമായിരുന്നു. പിന്നീട് ഉടക്കിപ്പിരിഞ്ഞ് എസ്പിക്കൊപ്പം ചേര്‍ന്നു. എന്നാല്‍ എസ്പി സഖ്യത്തിന് ഭരണം കിട്ടിയില്ല. ബിജെപി വീണ്ടും അധികാരത്തിലെത്തുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എസ്ബിഎസ്പി വീണ്ടും ബിജെപിയുടെ ക്യാമ്പിലേക്ക് പോകുന്നു എന്നാണ് പ്രചാരണം. ഓം പ്രകാശ് രാജ്ഭാറും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ പ്രചാരണം തള്ളി ഓം പ്രകാശ് രാജ്ഭാര്‍ രംഗത്തുവന്നു.
ഞാന്‍ അമിത് ഷായെ കണ്ടിട്ടില്ല. വ്യാജമായ പ്രചാരണമാണ് നടക്കുന്നത്. അമിത് ഷായുമായി ചര്‍ച്ച നടത്തുന്ന ഫോട്ടോ പഴയതാണ്. എസ്പിയുമായുള്ള സഖ്യം തുടരും. മാര്‍ച്ച് 28ന് ഗാസിപൂരില്‍ എസ്പിയുമായി ചേര്‍ന്ന് പൊതുപരിപാടി സംഘടിപ്പിക്കുന്നുണ്ട്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും എസ്പിയുമായി സഖ്യം തുടരും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും ഓം പ്രകാശ് രാജ്ഭാര്‍ വിശദീകരിച്ചു. അമിത് ഷായുമായി വളരെ മുമ്പ് ഞാന്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഇക്കഴിഞ്ഞ യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യം ചേര്‍ന്ന് മല്‍സരിച്ച എസ്ബിഎസ്പി 6 സീറ്റിലാണ് ജയിച്ചത്. ഇതില്‍ പാര്‍ട്ടിക്ക് നിരാശയുണ്ടെന്നും ബിജെപിയുമായി സഖ്യം ഒഴിയേണ്ടിരുന്നില്ല എന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു എന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും ഓം പ്രകാശ് രാജ്ഭാര്‍ പറഞ്ഞു. എസ്ബിഎസ്പി ദേശീയ ജനറല്‍ സെക്രട്ടറി അരവിന്ദ് രാജ്ഭാറും പാര്‍ട്ടി വക്താവ് പീയുഷ് മിശ്രയും വാര്‍ത്തകള്‍ തള്ളി രംഗത്തെത്തി.
2017ല്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മല്‍സരിച്ച എസ്ബിഎസ്പിക്ക് യോഗിയുടെ ക്യാബിനറ്റില്‍ മന്ത്രി പദവി ലഭിച്ചിരുന്നു. രണ്ടു വര്‍ഷത്തോളം ഓം പ്രകാശ് രാജ്ഭാര്‍ മന്ത്രിയായി തുടര്‍ന്നു. എന്നാല്‍ ബിജെപി സര്‍ക്കാര്‍ പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബിജെപിയുമായി ഉടക്കി. പിന്നീട് സഖ്യം വിടുകയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടിയുമായി എസ്ബിഎസ്പി സഖ്യം ചേരുമെന്നായിരുന്നു ആദ്യ വാര്‍ത്തകള്‍. എന്നാല്‍ പിന്നീട് ഉവൈസിയെ തള്ളി ഇവര്‍ അഖിലേഷിനൊപ്പം ചേരുകയായിരുന്നു.












Click it and Unblock the Notifications