വിമുക്ത ഭടന്റെ ആത്മഹത്യ: പെന്‍ഷന്‍ അക്കൗണ്ടിന് മുകളില്‍ ലോണ്‍ എടുത്തത് 3.5 ലക്ഷം
ദില്ലി: വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ ആനുകൂല്യം ലഭിച്ചില്ലെന്ന് ആരോപിച്ച് ആത്മഹത്യ ചെയ്ത റാം കിഷന്‍ ഗ്രെവാലിന്റെ മരണത്തിന്റെ പുതിയ വഴിത്തിരിവുകള്‍. പെന്‍ഷന്‍ തുക ലഭിക്കാത്തത് ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവായിരുന്നു എന്ന് കഴിഞ്ഞ ദിവസത്തില്‍ പ്രതിരോധന മന്ത്രാലയം പറഞ്ഞിരുന്നു.
എന്നാല്‍ ബാങ്കിന്റെ ഭാഗത്ത് നിന്നും സംഭവിച്ച പിഴവല്ല പെന്‍ഷന്‍ തുകയില്‍ കുറവ് സംഭവിക്കാന്‍ കാരണം എന്ന് പുതിയ കണ്ടെത്തല്‍. പെന്‍ഷന്‍ അക്കൗണ്ടിന് മുകളില്‍ വീട്ടുകാര്‍ അറിയാതെ ഇയാള്‍ 3.5 ലക്ഷം രൂപ ലോണ്‍ എടുത്തതായി ബാങ്ക് അധികൃതര്‍ പറഞ്ഞു.

കഴിഞ്ഞ മേയ് മാസത്തിലാണ് ഇയാള്‍ ലോണ്‍ എടുത്തത്. എന്നാല്‍ ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ല. പണം എന്തിന് വേണ്ടിയാണ് ചിലവഴിച്ചത് എന്ന കാര്യത്തിലും വ്യക്തതയില്ല. ശമ്പള കമ്മീഷന്‍ പ്രഖ്യാപിച്ചത് പ്രകാരമുള്ള തുക ഇയാള്‍ക്ക് കൃത്യമായി ലഭിച്ചിരുന്നു. ലോണ്‍ തുക പിടിച്ചതിന്റെ ഭാഗമായാണ് മുഴുവന്‍ പണവും ലഭിക്കാതിരുന്നത്.
റാം കിഷന്റെ മരണവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെയും പെന്‍ഷന്‍ പദ്ധതിയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പല പരാമര്‍ശങ്ങളും വന്നിരുന്നു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനെ കാണാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത് എന്ന കഥ വെറും കെട്ടുകഥ മാത്രമാണോ എന്നും ഈ സാഹചര്യത്തില്‍ സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമായി വിഷയത്തെ വളച്ചൊടിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications