ചിദംബരത്തെ അറസ്റ്റ് ചെയ്‌തേക്കും; മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി, കുരുക്ക് മുറുക്കി സിബിഐ
ദില്ലി: കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. അഴിമതി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ചിദംബരം സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. തന്നെ അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന ചിദംബരത്തിന്റെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് വിവരം.
അഴിമതി കേസ് അന്വേഷണത്തിന് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ചിദംബരത്തെ അറസ്റ്റ് ചെയ്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആവശ്യം. ചിദംബരത്തിന്റെ ഹര്‍ജി അന്വേഷണ ഏജന്‍സികള്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. ഇവരുടെ അഭ്യര്‍ഥന പരിഗണിച്ചാണ് കോടതി ചിദംബരത്തിന്റെ ഹര്‍ജി തള്ളിയത്. മോദി സര്‍ക്കാരിനെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുന്ന കോണ്‍ഗ്രസ് നേതാവാണ് ചിദംബരം. ഇദ്ദേഹത്തിനെതിരായ കേസിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

ഐഎന്‍എസ്‌ക് മീഡിയ കേസ്
ഐഎന്‍എസ്‌ക് മീഡിയ അഴിമതി കേസിലാണ് ചിദംബരത്തെ അറസ്റ്റ് ചെയ്യാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നത്. മുന്‍ കേന്ദ്ര ധനമന്ത്രിയാണ് ചിദംബരം. മന്ത്രിയായിരിക്കെ ഇദ്ദേഹം അനുമതി നല്‍കിയത് മൂലം ഐഎന്‍എക്‌സ് മീഡിയ കമ്പനിക്ക് വന്‍തോതില്‍ വിദേശ ഫണ്ട് നിയമവിരുദ്ധമായി കൈവശപ്പെടുത്താന്‍ സാധിച്ചുവെന്നാണ് ആരോപണം.

ചിദംബരത്തെ ചോദ്യം ചെയ്തു
ഐഎന്‍എക്‌സ് മീഡിയ കമ്പനി അഴിമതി കേസില്‍ ചിദംബരത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. സിബിഐക്ക് പുറമെ കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ചിദംബത്തിനെതിരെ കേസെടുത്തിട്ടുണ്ട്. ചിദംബരത്തിന് പുറമെ ഇദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും കേസില്‍ പ്രതിയാണ്.

305 കോടി രൂപ
നിയമവിരുദ്ധമായി 305 കോടി രൂപ വിദേശഫണ്ട് സ്വീകരിക്കാന്‍ ചിദംബരം മന്ത്രിയായിരിക്കെ ധനമന്ത്രാലയം അനുമതി നല്‍കിയെന്നാണ് ആരോപണം. ഇതിന് പിന്നില്‍ മകന്‍ കാര്‍ത്തിയാണ് കരുക്കള്‍ നീക്കിയതെന്നും പറയുന്നു. കമ്പനിക്ക് അനുമതി നല്‍കിയത് വഴി കാര്‍ത്തി കോടികള്‍ കൈക്കൂലി വാങ്ങിയെന്നും അന്വേഷണ സംഘം പറയുന്നു.

നിഷേധിച്ച് ചിദംബരം
എന്നാല്‍ ആരോപണങ്ങളെല്ലാം ചിദംബരം നിഷേധിച്ചിട്ടുണ്ട്. കാര്‍ത്തിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും സിബിഐയും കഴിഞ്ഞാഴ്ച ചോദ്യം ചെയ്തിരുന്നു. പീറ്റര്‍ മുഖര്‍ജി, ഇന്ദ്രാണി മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനിയായിരുന്നു ഐഎന്‍എസ് മീഡിയ.

സംരക്ഷണം വേണമെന്ന ആവശ്യവും തള്ളി
മുന്‍കൂര്‍ ജാമ്യാപേക്ഷയും അറസ്റ്റ് ചെയ്യരുതെന്ന അപേക്ഷയും തള്ളുന്നുവെന്ന് ദില്ലി ഹൈക്കോടതി ജസ്റ്റിസ് സുനില്‍ ഗൗര്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതിന് മൂന്ന് ദിവസം ഇളവ് നല്‍കണമെന്ന ചിദംബരത്തിന്റെ ആവശ്യവും ഹൈക്കോടതി ഗൗനിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ, അറസ്റ്റില്‍ ഇടക്കാല സംരക്ഷണം വേണമെന്ന് ചിദംബരം ആവശ്യപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല.

രണ്ടു കേസുകള്‍
2017 മെയ് 15നാണ് ചിദംബരത്തിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. കമ്പനിക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. അതേ വര്‍ഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പ് പ്രകാരവും കേസെടുത്തു.

ഇന്ദ്രാണി മാപ്പുസാക്ഷിയായി
ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്ന് 2007ലാണ് ഐഎന്‍എക്‌സ് മീഡിയ കമ്പനി രൂപീകരിച്ചത്. കാര്‍ത്തി ചിദംബരവുമായി ചേര്‍ന്ന് ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന വകുപ്പ് പ്രകാരം ഇവര്‍ക്കെതിരെയും കേസെടുത്തിരുന്നു. കാര്‍ത്തിക്ക് കൈക്കൂലി നല്‍കിയ കാര്യം ഇന്ദ്രാണി 2018 മാര്‍ച്ചില്‍ സിബിഐയോട് സമ്മതിച്ചു. ഇന്ദ്രാണി മാപ്പ് കേസില്‍ സാക്ഷിയായിട്ടുണ്ട്.

ചിദംബരം സുപ്രീംകോടതിയില്‍
അതേസമയം, ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ചിദംബരം സുപ്രീംകോടതിയെ സമീപിച്ചു. തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഇരുനേതാക്കളും ചര്‍ച്ച നടത്തി
ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഉടനെ ചിദംബരവും കപില്‍ സിബലും തമ്മില്‍ ചര്‍ച്ച നടത്തി. ചിദംബരത്തെ ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം. അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.












Click it and Unblock the Notifications