പഹൽഗാം ഭീകരാക്രമണം; പാക് ഉന്നത നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ, നടപടി കൂടുതൽ ശക്തമാക്കുന്നു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്റെ ഉന്നത നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ. പാകിസ്ഥാൻ ഉന്നത നയതന്ത്രജ്ഞൻ സാദ് അഹമ്മദ് വാറൈച്ചിനെയാണ് ഇന്നലെ രാത്രിയോടെ ഡൽഹിയിലേക്ക് വിളിച്ചുവരുത്തിയത്. ഇന്ത്യ എല്ലാ പാകിസ്ഥാൻ സൈനിക നയതന്ത്രജ്ഞർക്കും ഔപചാരികമായ ഒരു പേഴ്‌സണ നോൺ ഗ്രാറ്റ നോട്ട് കൈമാറിയതായാണ് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചത്.
ഇതിനർത്ഥം ഇവരെ പാകിസ്ഥാൻ ഉടൻ തിരിച്ചുവിളിച്ചില്ലെങ്കിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ അംഗീകരിക്കില്ല എന്നതാണ്. 25 ഇന്ത്യക്കാരും ഒരു നേപ്പാളി പൗരനും ഉൾപ്പെടെ 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാമിലെ ക്രൂരമായ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ശക്തമായ നയതന്ത്ര തിരിച്ചടി.

അതിനിടെ പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ച ഏറ്റവും വലിയ നടപടികളിലൊന്നാണ് ന്യൂഡൽഹിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന്റെ പ്രവർത്തനം വെട്ടികുറയ്ക്കൽ. ഇതിന് പിന്നാലെ എല്ലാ പാകിസ്ഥാൻ പ്രതിരോധ, നാവിക, വ്യോമ ഉപദേഷ്‌ടാക്കളെയും പുറത്താക്കുകയും ചെയ്‌തിരുന്നു. ഇവർക്ക് രാജ്യം വിടാൻ ഒരാഴ്‌ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ഇസ്ലാമാബാദിൽ നിന്ന് ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെയും പൂർണമായി പിൻവലിക്കും. ഹൈക്കമ്മീഷൻ പൂർണമായും അടച്ചുപൂട്ടുന്നതിന്റെ മുന്നോടിയായി കാണപ്പെടുന്ന ഈ നീക്കം, ഇന്ത്യ നയതന്ത്രപരമായി പാകിസ്ഥാൻ വിദേശകാര്യ ഓഫീസുമായുള്ള ബന്ധം വിച്ഛേദിച്ചതിനാൽ, ഇതിനകം തന്നെ അവരെ അസ്വസ്ഥരാക്കിയിട്ടുണ്ട് എന്നുറപ്പാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി (സിസിഎസ്) എടുത്ത തീരുമാനങ്ങൾ ആദ്യപടിയാണെന്നും വളരെ നന്നായി ആലോചിച്ച് തയ്യാറാക്കിയ തീരുമാനമാണെന്നും ഉന്നത വൃത്തങ്ങൾ വ്യക്തമാക്കുന്നു. കൂടുതൽ ശക്തമായ നടപടികൾ പാകിസ്ഥാനെതിരെ സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം കുറയ്ക്കൽ, പ്രധാന അതിർത്തി പാതകൾ അടയ്ക്കൽ, സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കൽ, ന്യൂഡൽഹിയിലെ ഹൈക്കമ്മീഷനിൽ നിന്ന് പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരെ പുറത്താക്കൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ ഇന്നലെ വൈകീട്ടോടെ തന്നെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് രാത്രി ഉന്നത നയതന്ത്രജ്ഞനെ തലസ്ഥാനത്തേക്ക് വിളിച്ചു വരുത്തിയത്.
1960ൽ മധ്യസ്ഥത വഹിച്ച ഒരു പ്രധാന ജല പങ്കിടൽ കരാറായ സിന്ധു നദീജല ഉടമ്പടി ഉൾപ്പെടെ ഇന്ത്യ റദ്ദാക്കിയത് പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലപാടുകളോടുള്ള തിരിച്ചടിയായാണ്. ഇതുൾപ്പെടെ അഞ്ചോളം കടുത്ത തീരുമാനങ്ങളാണ് ഇന്നലെ ചേർന്ന സുരക്ഷാ കാര്യവുമായി ബന്ധപ്പെട്ട കാബിനറ്റിൽ ധാരണയായത്.
സംയോജിത അട്ടാരി-വാഗ ചെക്ക്‌പോസ്‌റ്റ് ഉടനടി അടച്ചുപൂട്ടും. കൃത്യമായ രേഖകളോടെ കടന്നുപോയവർക്ക് തിരികെ വരാൻ മെയ് ഒന്ന് വരെ സമയം നൽകിയിട്ടുണ്ട്. സാർക്ക് വിസ ഇളവ് പദ്ധതി പ്രകാരം പാകിസ്ഥാൻ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ ഇനി മുതൽ അനുവാദം ഉണ്ടാവില്ല. നിലവിൽ അത്തരം വിസയുമായി ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ പൗരന്മാർക്ക് രാജ്യം വിടാൻ 48 മണിക്കൂർ സമയം അനുവദിച്ചിട്ടുണ്ട്.
അതത് ഹൈക്കമ്മീഷനുകളുടെ ആകെ അംഗബലം 30 ആയി കുറയ്ക്കുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. പാക് പിന്തുണയോടെയാണ് പഹൽഗാമിൽ ക്രൂരമായ ഭീകരാക്രമണം നടത്തിയതെന്നാണ് ഇന്ത്യ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയുടെ കടുത്ത നടപടികൾ. എന്നാൽ ഇന്ത്യയ്ക്ക് ഇതേ നാണയത്തിൽ മറുപടി നൽകുമെന്നാണ് പാകിസ്ഥാൻ പറയുന്നത്. പഹൽഗാം സംഭവത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 22 ഉച്ചയോടെയാണ് ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലുള്ള പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ഇവിടെ എത്തിയ വിനോദ സഞ്ചാരികൾക്ക് നേരെ ഭീകരർ നിറയൊഴിക്കുകയായിരുന്നു. ആകെ 26 പേർക്കാണ് ആക്രമണത്തിൽ ജീവൻ നഷ്‍ടമായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ആക്രമണം നടത്തിയ ഭീകരർക്കായി സുരക്ഷാ സേന വ്യാപകമായ തിരച്ചിലാണ് മേഖലയിൽ നടത്തി കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications