ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാക് അവകാശവാദം അടിസ്ഥാന രഹിതം: അനിൽ ചൗഹാൻ
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി നടന്ന സംഘർഷത്തില്‍ ഇന്ത്യക്ക് ഏതാനും യുദ്ധവിമാനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ അനിൽ ചൗഹാൻ. എന്നാല്‍ ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദം അദ്ദേഹം നിഷേധിച്ചതായും ബ്ലൂംബെർഗ് ടിവി റിപ്പോർട്ട് ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഒരിക്കലും
ആണവയുദ്ധത്തിന്റെ അടുത്തെത്തിയിരുന്നില്ല. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പാകിസ്ഥാനുമായുള്ള ആശയവിനിമയ മാർഗങ്ങൾ എപ്പോഴും തുറന്നിരുന്നു. ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന പാകിസ്ഥാന്റെ അവകാശവാദങ്ങൾ "തികച്ചും തെറ്റാണ്" എന്നും സിംഗപ്പൂരിൽ ബ്ലൂംബെർഗ് ടിവിയോട് സംസാരിച്ച അനിൽ ചൗഹാൻ പറഞ്ഞു. എന്നാല്‍ ഇന്ത്യയ്ക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കാൻ അദ്ദേഹം വിസമ്മതിച്ചു.

ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ തന്റെ രാജ്യം വെടിവച്ചിട്ടുവെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വാദം ബ്ലൂംബെർഗ് സൂചിപ്പിച്ചപ്പോള്‍ അതൊന്നും സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'നല്ല കാര്യം എന്തെന്നാൽ, നമ്മൾ ചെയ്ത തന്ത്രപരമായ മിസ്റ്റേക്കുകള്‍ മനസ്സിലാക്കാനും, അത് പരിഹരിക്കാനും, അത് തിരുത്താനും, രണ്ട് ദിവസത്തിന് ശേഷം അത് വീണ്ടും നടപ്പിലാക്കാനും, ദീർഘദൂരം ലക്ഷ്യമാക്കി വീണ്ടും ജെറ്റുകൾ പറത്താനും കഴിയുന്നു എന്നതാണ്," ചൗഹാൻ പറഞ്ഞു.
അതേസമയം, ഇന്ത്യയിൽ വീണ്ടും ഒരു ഭീകരാക്രമണത്തിന് പാകിസ്ഥാന്‍ ആസൂത്രണം ചെയ്യാൻ തുനിഞ്ഞാൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്ഥാനും ലോകവും ഇന്ത്യയുടെ ശക്തി കണ്ടതായും മോദി പറഞ്ഞു. ബീഹാറിലെ റോഹ്താസ് ജില്ലയിലെ ബിക്രംഗഞ്ചിൽ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"രാജ്യത്തിന്റെ ആവനാഴിയിൽ നിന്നുള്ള ഒരു അമ്പ് മാത്രമായിരുന്നു അത്... ഭീകരതയ്‌ക്കെതിരായ നമ്മുടെ പോരാട്ടം അവസാനിച്ചിട്ടില്ല, നിലച്ചിട്ടുമില്ല. പാകിസ്ഥാന്‍ സൈന്യത്തിന് പോലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തത്ര ആഴത്തിലുള്ള ഭീകര ക്യാമ്പുകള്‍ നമ്മുടെ സായുധ സേന തകര്‍ത്തു" പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ, തീവ്രവാദികൾ വഴിയുള്ള നിഴൽ യുദ്ധം പൂർണമായും അസ്വീകാര്യമാണെന്ന് പാകിസ്ഥാന് വ്യക്തമായി മനസ്സിലാക്കിക്കൊടുത്തു. പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ, തീവ്രവാദികൾ രക്തം ചിന്തുക മാത്രമല്ല, നമ്മുടെ സംസ്കാരത്തിനും ഐക്യത്തിനും എതിരെ ആക്രമണം നടത്തി. അവർ നമ്മുടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമിച്ചു, ഇന്ത്യയുടെ നാരി ശക്തിയെ വെല്ലുവിളിച്ചു. എന്നാല്‍ അത് അവർക്കുള്ള നാശമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications