തമിഴകം പിടിക്കാന്‍ മോദി നേരിട്ട്; ഇപിഎസും മോദിയെ കണ്ടു, രജനികാന്തിനെ ക്ഷണിച്ച് അമിത് ഷാ

  • Written By:
Subscribe to Oneindia Malayalam

ദില്ലി: കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയം കളിക്കുന്ന തമിഴ്‌നാട്ടില്‍ പാര്‍ട്ടികളെ വരുതിയിലാക്കാന്‍ ബിജെപി ശ്രമം ഊര്‍ജിതമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നേരിട്ടാണ് ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. അണ്ണാഡിഎംകെ വിമത നേതാവ് ഒ പനീര്‍ ശെല്‍വം മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണിത്. അതിനിടെ സ്റ്റൈല്‍ മന്നല്‍ രജനികാന്തിനെ പാര്‍ട്ടിയിലെത്തിക്കാനുള്ള നീക്കവും ബിജെപി ത്വരിതപ്പെടുത്തിയിട്ടുണ്ട്.

ജയലളിതയുടെ മരണം

ജയലളിതയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പനീര്‍ശെല്‍വം കഴിഞ്ഞദിവസം ദില്ലിയിലെത്തിയത്. രാഷ്ട്രപതിയെ കണ്ട് കാര്യം ആവശ്യപ്പെട്ട അദ്ദേഹം പിന്നീട് മോദിയെയും കണ്ടു. ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് അദ്ദേഹം പിന്നീട് വിശദീകരിച്ചു.

ബിജെപിയുമായി സഖ്യം

എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുമായി സഖ്യത്തിന് ഒരുങ്ങുകയാണ് പനീര്‍ശെല്‍വം വിഭാഗം. ഈ റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്ന തരത്തില്‍ അദ്ദേഹം പിന്നീട് ട്വിറ്ററില്‍ പ്രതികരിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരേ പാര്‍ട്ടിയില്‍ ഒരുവിഭാഗം രംഗത്തുണ്ടെന്നാണ് വാര്‍ത്ത.

രാഷ്ട്രപതി തിരഞ്ഞെടുപ്പ്

അതേസമയം, മുഖ്യമന്ത്രി പളനി സ്വാമി മോദിയെ കണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പിന്തുണ അറിയിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യവും വിശദീകരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ തമിഴ്‌നാടിന് ആവശ്യമാണെന്നും പളനി സ്വാമി പ്രധാനമന്ത്രിയോട് പറഞ്ഞു.

ആലോചിച്ച് തീരുമാനമെടുക്കും

എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തുവന്ന അദ്ദേഹം പ്രധാമന്ത്രിയുമായുള്ള കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നുവെന്ന് പ്രതികരിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ ആലോചിച്ച് തീരുമാനമെടുക്കുമെന്നും പറഞ്ഞു.

അണ്ണാഡിഎംകെ പിന്തുണയ്ക്കും

ജൂലൈയിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. അടുത്തമാസം നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കും. ബിജെപി സ്ഥാനാര്‍ഥിയെ അണ്ണാഡിഎംകെ പിന്തുണയ്ക്കുമെന്ന് തന്നെയാണ് കരുതുന്നത്.

ഭിന്നത ഇപ്പോഴും തുടരുന്നു

അണ്ണാഡിഎംകെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത ഇപ്പോഴും തുടരുകയാണ്. ഭിന്നത ഒഴിവാക്കി ലയിക്കാന്‍ ഇരുകക്ഷികളും നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ചര്‍ച്ച വഴിമുട്ടിയ അവസ്ഥയാണ്. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ബിജെപി തമിഴകത്ത് വേരുറപ്പിക്കാനുള്ള നീക്കം നടത്തുന്നത്.

 നിയമസഭ വിളിച്ചുചേര്‍ക്കും

തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയാല്‍ പളനിസ്വാമി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ നീക്കം നടത്തുമെന്നാണ് അറിയുന്നത്. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദങ്ങളും സംസ്ഥാനം നേരിടുന്ന വരള്‍ച്ചാ ദുരിതവും പ്രധാനമന്ത്രിയുമായി പളനിസ്വാമി ചര്‍ച്ച നടത്തിയിട്ടുണ്ട്.

രജനികാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചു

അതേസമയം, രജനികാന്തിനെ ബിജെപിയിലെത്തിക്കാന്‍ നീക്കങ്ങള്‍ ത്വരിതപ്പെടുത്തി. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പരസ്യമായി രജനിയെ ബിജെപിയിലേക്ക് ക്ഷണിച്ചു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ക്ഷണിച്ചതിന് പിന്നാലെയാണ് അമിത് ഷായും രംഗത്തെത്തിയത്.

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വേരോട്ടമില്ല

തങ്ങള്‍ രജനികാന്തിനെ സ്വീകരിക്കാന്‍ എപ്പോഴും തയ്യാറാണ്. അന്തിമ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണ്. തമിഴ്‌നാട്ടില്‍ ബിജെപിക്ക് വേണ്ടത്ര വേരോട്ടമില്ല. രജനിയെ പോലുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നാല്‍ അവിടെ പാര്‍ട്ടിക്ക് ശക്തമായ വളര്‍ച്ചയുണ്ടാകുമെന്നും അമിത് ഷാ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ തമിഴ്‌നാട്ടില്‍ പൂര്‍ണമായ തോതില്‍ നടപ്പാക്കി ശക്തമായ വേരോട്ടം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. തമിഴ്‌നാടിന് കൂടുതല്‍ കേന്ദ്ര പദ്ധതികള്‍ അനുവദിക്കാനും മോദി സര്‍ക്കാരിന് ആലോചനയുണ്ട്. എന്തുവില കൊടുത്തും തമിഴ്‌നാട്ടില്‍ സ്വാധീനം ശക്തമാക്കാനാണ് അമിത് ഷാ-മോദി കൂട്ടുകെട്ടിന്റെ തീരുമാനം.

English summary
Tamil Nadu Chief Minister Edappadi K Palanisamy met Prime Minister Narendra Modi in New Delhi on Wednesday morning. Reports said he was in the national capital to discuss several issues with Modi, including the presidential polls and the feud within the AIADMK.
Please Wait while comments are loading...