പാര്‍ലമെന്റില്‍ ഇന്ന് ചര്‍ച്ചയായത് വിലക്കയറ്റവും അഗ്നിപഥും; സഭാ നടപടികള്‍ തടസ്സപ്പെട്ടത് പലതവണ
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്റെ ആദ്യ ദിനം തന്നെ പ്രതിഷേധങ്ങളുടെ നീണ്ട നിര. പലതവണയാണ് ഇന്ന് സഭാ നടപടികള്‍ നിര്‍ത്തിവെച്ചത്. നേരത്തെ തന്നെ സഭയില്‍ പ്രതിഷേധം ഉയരുമെന്ന് ഉറപ്പായിരുന്നു. വിലക്കയറ്റം, ജിഎസ്ടി, അഗ്നീപഥ് റിക്രൂട്ടിംഗ് പദ്ധതി എന്നിവയാണ് പ്രധാനമായും ചര്‍ച്ചയായത്. കോണ്‍ഗ്രസ് എംപിമാര്‍ സഭയ്ക്കുള്ളില്‍ മുദ്രാവാക്യം വിളിക്കുകയും, സഭാ നടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. വിലക്കയറ്റം മുതല്‍ അഗ്നിപഥ് വരെയുള്ള വിഷയങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്. ഇന്ന് രാവിലെയുള്ള സെഷന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനായി പിരിഞ്ഞിരുന്നു.

ലോക്‌സഭയില്‍ രാവിലെ മുതല്‍ തന്നെ അംഗങ്ങള്‍ ചില വിഷയങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ വോട്ടെടുപ്പായത് കൊണ്ട് അത് നടന്നില്ല. രാജ്യസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിനെതിരെ മുദ്രാവാക്യം വിളികളുമുയര്‍ന്നു. സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പിച്ചാണ് ചിലര്‍ വന്നിരിക്കുന്നത്. അതുകൊണ്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി എല്ലാവര്‍ക്കും അനുമതി നല്‍കുന്നു. സഭ പിരിഞ്ഞതായും നായിഡു വ്യക്തമാക്കി.
ലോക്‌സഭയില്‍ പുതുതായി മുന്നംഗങ്ങളാണ് എത്തിയത്. ശത്രുഘ്‌നന്‍ സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്ന് ലാല്‍ യാദവ് നിരാഹുവ, ഘനശ്യാം സിംഗ് ലോധി എന്നിവരുമാണ് എത്തിയത്. ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് ഉത്സവമായിട്ടാണ് ആഘോഷിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പും അതുപോലെ ആഘോഷിക്കപ്പെടണം. അംഗങ്ങള്‍ വോട്ട് ചെയ്യാനും, രണ്ട് മണി വരെ സഭ പിരിയുകയാണെന്നും സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. രണ്ട് മണിക്ക് സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ഇടത് എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇവര്‍ വിലക്കയറ്റമാണ് ഉന്നയിച്ചത്.
അധീര്‍ രഞ്ജന്‍ ചൗധരിയും നിര്‍ണായക വിഷയങ്ങള്‍ ഉന്നയിച്ചു. വിലക്കയറ്റവും അഗ്നിപഥ് സ്‌കീമിനെ കുറിച്ചുമാണ് പ്രതിപക്ഷത്തിന് ഉന്നയിക്കാനുള്ള കാര്യങ്ങളെന്ന് ചൗധരി പറഞ്ഞു. എന്നാല്‍ സഭ വോട്ടെടുപ്പിനായി പിരിഞ്ഞു. കുടുംബ കോടതി ഭേദഗതി ബില്‍ ഇതിനിടെ ലോക്‌സഭയില്‍ നിയമ മന്ത്രി കിരണ്‍ റിജിജു കൊണ്ടുവന്നു. പ്രതിഷേധം നടക്കുന്നതിനിടെ സഭ പിരിഞ്ഞു. ഹര്‍ഭജന്‍ സിംഗ്, മീസ ഭാരതി, രാജീവ് ശുക്ല എന്നിവര്‍ രാജ്യസഭയിലെ എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. യുഎഇ മുന്‍ ഭരണാധികാരി, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, കെനിയയുടെ മൂന്നാമത്തെ പ്രസിഡന്റ് മവായ് കിബാക്കി എന്നിവരുടെ വിയോഗത്തിലും സഭ അനുശോചനം രേഖപ്പെടുത്തി.












Click it and Unblock the Notifications