കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി; ചർച്ചയ്ക്ക് തയ്യാറാവാതെ സർക്കാർ
ദില്ലി; വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി. ബില്ലിൻമേൽ ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. തുടർന്ന് ശബ്ദ വോട്ടോടെയാണ് ബിൽ സർക്കാർ പാസാക്കിയത്. രാജ്യസഭയിലും ബിൽ ഇന്ന് തന്നെ അവതരിപ്പിച്ചേക്കും. രാഷ്ട്രപതി ഒപ്പിടുന്നതോടെ വിവാദ നിയമം റദ്ദാകും.
കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ ആണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. മൂന്ന് നിയമങ്ങളും പിൻവലിക്കാൻ ഒറ്റ ബില്ലായിരുന്നു അവതരിപ്പിച്ചത്.
മൂന്ന് പേജുകളാണ് കൃഷി മന്ത്രി അവതരിപ്പിച്ച ബില്ലിൽ ഉണ്ടായിരുന്നത്. അവശ്യാധന നിയമ ഭേദഗതി, ഏതൊക്കെ നിയമങ്ങൾ പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ബില്ലിൽ പരാമർശിച്ചത്. അതേസമയം ബില്ലിൻമേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
രാജ്യം മുഴുവൻ ചർച്ച ചെയ്യപ്പെടുന്ന വിഷയമായതിനാൽ തന്നെ വിശദമായ ചർച്ച ബില്ലിൻ മേൽ വേണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യം സർക്കാർ തള്ളി. തുടർന്ന പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു.

പിന്നാലെ സഭ നിർത്തിവെച്ചിരുന്നു. പന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചപ്പോഴാണ് ബിൽ പാസാക്കിയത്.നിയമങ്ങൾ പിൻവലിക്കാനുള്ള സാഹചര്യത്തെ കുറിച്ച് പ്രധാനമന്ത്രി വിശദീകരണം നൽകിയതാണെന്നും അതിനാലൽ ചർച്ചയുടെ ആവശ്യം ഇല്ലെന്നുമായിരുന്നു സര്‌ക്കാർ നിലപാട്എന്നാൽ രാവിലെ പാർലമെന്‍റ് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് വിഷയത്തിലും കേന്ദ്രം ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പ്രതികരിച്ചത്.എല്ലാ വിഷയങ്ങളും തുറന്ന മനസ്സോടെ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണ്, ഏത് ചോദ്യത്തിനും ഉത്തരം നൽകാം. സർക്കാരിനോട് ചോദ്യങ്ങൾ ഉണ്ടാകണമെന്ന് തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, അതേ സമയം സഭയുടേയും സ്പീക്കറുടേയും അന്തസ്സിനെ പ്രതിപക്ഷം മാനിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
അതേസമയം സർക്കാർ നിലപാടിനെതിരെ പ്രതിപക്ഷം രൂക്ഷമായി പ്രതികരിച്ചു. പ്രതിപക്ഷത്തെ സംസാരിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് കോൺഗ്രസ് എംപി ആധിർ രഞ്ജൻ ചൗധരി പറഞ്ഞു. ലഖിംപൂർ ഖേരി ഉൾപ്പെടെയുള്ള വിഷയങ്ങളെ കുറിച്ച് ചർച്ച വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനൊന്നും തയ്യാറാകാതെയാണ് സർക്കാർ ബിൽ പാസാക്കിയത്. മുൻപ് ആറ് ബില്ലുകൾ ഇത്തരത്തിൽ റദ്ദാക്കിയിട്ടുണ്ട്. അന്നെന്നാല്ലാം വിശദമായ ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തെ സംസാരിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്നും ആധിർ രഞ്ജൻ ചൗധരി പറഞ്ഞു.
കാർഷികോത്പന്ന വ്യാപാര വാണിജ്യ പ്രോത്സാഹന സേവന നിയമം,വില സ്ഥിരത കർഷക സേവന കർഷക ശാക്തീകരണ സംരക്ഷണ കരാർ നിയമം, അവശ്യസാധന ഭേദഗതി നിയമം എന്നീ വിവാദ നിയമങ്ങളാണ് സർക്കാർ പിൻവലിച്ചത്. അതേസമയം മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമ്മാണം വേണമെന്ന കർഷകർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അനുകൂല നിലപാട് കൈക്കൊള്ളുനന്നത് വരെ സമരം തുടരാനാണ് സർക്കാർ തിരുമാനം.
Recommended Video
അതേസമയം നിയമം റദ്ദാക്കിയ സർക്കാർ നീക്കത്തിൽ പ്രതികരിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് തികായത്ത് രംഗത്തെത്തി. നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങൾക്കിടെ മരിച്ച 750 കർഷകർക്കുള്ള ആദരവാണ് ബില്ലെന്ന് തികായത്ത് പറഞ്ഞു.ഇത് ആഘോഷിക്കുമോ എന്ന ചോദ്യത്തിന് സമരത്തിനിടെ എത്ര കര്‍ഷകരാണ് മരിച്ചുവീണത്. അത് ആഘോഷിക്കണോ എന്നായിരുന്നു ടികായത്തിന്റെ മറുചോദ്യം. അതേസമയം എം എസ് പി ഉൾപ്പെടെയുള്ല തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാത്ത സാഹചര്യത്തിൽ സമരം തുടരാൻ തന്നെയാണ് തങ്ങളുടെ തിരുമാനമെന്നും തികായത്ത് പറഞ്ഞു. കേന്ദ്രവുമായി സംസാരിക്കാതെ കർഷകർ ദില്ലി അതിർത്തികളിൽ നിന്നും പിന്നോട്ട് പോകില്ലെന്ന് നേരത്തേ ബി കെ യു വക്താവ് വ്യക്തമാക്കിയിരുന്നു. മൂന്ന് കാർഷിക നിയമങ്ങൾക്ക് പരിഹാരം കാണുമ്പോൾ, കഴിഞ്ഞ വർഷം സംഭവിച്ച നഷ്ടങ്ങളെ കുറിച്ച് കൂടി സർക്കാർ സംസാരിക്കേണ്ടതുണ്ട്. വഞ്ചനാപരവും തെറ്റായതുമായ പ്രസ്താവനകൾ ഉപയോഗിച്ച് വിഷയം പരിഹരിക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നുവെങ്കിൽ പ്രശ്നം ഒരിക്കലും അവസാനിക്കാൻ പോകുന്നില്ലെന്നും രാകേഷ് തികായത്ത് പറഞ്ഞു.












Click it and Unblock the Notifications