ഇനി പോര് പാര്‍ലമെന്റില്‍; ശീതകാല സമ്മേളനത്തിന് തുടക്കം; വഖഫ്, അദാനി, മണിപ്പൂര്‍ വിഷയങ്ങള്‍ ശ്രദ്ധാകേന്ദ്രം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഈ സമ്മേളന കാലയളവില്‍ വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനാണ് സാധ്യത. ഡിസംബര്‍ 20 വരെയാണ് സമ്മേളന കാലാവധി. ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റിന്റെ പരിഗണനയ്ക്കായി 16 ബില്ലുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. സെഷനിലെ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മ്മാണം വഖഫ് (ഭേദഗതി) ബില്‍ 2024 ആയിരിക്കും.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച വിവാദ ബില്‍ വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതാണ്. വിപുലമായ പരിശോധനയ്ക്കായി ബില്ല് സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് അയച്ചിരുന്നു. വഖഫില്‍ ജെപിസിയുടെ കാലാവധി നീട്ടണമെന്നും കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളിയിരുന്നു.

അതേസമയം ഭാരതീയ വായുയാന്‍ വിധേയക്, ദുരന്തനിവാരണ (ഭേദഗതി) ബില്‍, ഗോവയിലെ അസംബ്ലി മണ്ഡലങ്ങളിലെ പട്ടികവര്‍ഗ പ്രാതിനിധ്യം പുനഃക്രമീകരിക്കല്‍, റെയില്‍വേ (ഭേദഗതി) ബില്‍, ബാങ്കിംഗ് നിയമങ്ങള്‍ (ഭേദഗതി) ബില്‍, എണ്ണപ്പാടങ്ങള്‍ (നിയന്ത്രണവും വികസനവും) ഭേദഗതി ബില്‍ എന്നിവയും സമ്മേളന കാലയളവില്‍ പാര്‍ലമെന്റില്‍ പരിഗണിക്കും.
അതിനിടെ മണിപ്പൂര്‍, അദാനിക്കെതിരായ കേസ് എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ഉയരും എന്നുറപ്പാണ്. അദാനി ഗ്രൂപ്പിനെതിരായ കൈക്കൂലി ആരോപണങ്ങളും മണിപ്പൂരിലെ പുതിയ അക്രമങ്ങളും ഉള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യാ മുന്നണി നേതാക്കള്‍ പാര്‍ലമെന്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.
ഏത് വിഷയവും ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്നും സമാധാനപരമായ സമ്മേളനത്തിന് സഹകരിക്കണം എന്നും പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. ഡല്‍ഹിയില്‍ നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു.
30 രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 42 നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. ചില വിഷയങ്ങളില്‍ ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട് എന്നും ലോക്സഭയിലും രാജ്യസഭയിലും നല്ല ചര്‍ച്ച നടക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്നും റിജിജു വ്യക്തമാക്കി. ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വിജയിച്ചതിന് ശേഷമാണ് സമ്മേളനം ആരംഭിക്കുന്നത്.
ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും വിജയങ്ങള്‍ ഉറപ്പിക്കാന്‍ ഇന്ത്യാ സംഘത്തിന് കഴിഞ്ഞിരുന്നു. അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെയോ മറ്റന്നാളോ നടന്നേക്കും.












Click it and Unblock the Notifications