മൂന്ന് മണിക്കൂർ വൈകിയാല്‍ വിമാനം റദ്ദാക്കിയേക്കാം: എല്ലാം യാത്രക്കാരെ അറിയിക്കണമെന്നും ഡിജിസിഎ
ഡല്‍ഹി: മൂടൽമഞ്ഞ് കാരണം ഡൽഹി വിമാനത്താവളത്തിൽ വിമാനം വൈകുന്നതും റദ്ദാക്കുന്നതും സംബന്ധിച്ച വിമർശനങ്ങൾക്കിടയിൽ വിമാനക്കമ്പനികൾക്കായി പുതിയ മാർഗ്ഗനിർദേശങ്ങള്‍ പ്രഖ്യാപിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). മൂടൽമഞ്ഞ് മൂലമുണ്ടാകുന്ന ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ച് കൃത്യമായ തത്സമയ അപ്‌ഡേറ്റുകൾ നൽകാൻ എയർലൈനുകൾക്ക് ഡിജിസിഎ നിർദ്ദേശം നൽകുന്നു. ഈ വിവരങ്ങൾ എയർലൈനിന്റെ വെബ്‌സൈറ്റിൽ ലഭ്യമാക്കണമെന്നും എസ്എംഎസ്, വാട്ട്‌സ്ആപ്പ്, ഇമെയിൽ എന്നിവ വഴി യാത്രക്കാരുമായി പങ്കിടണമെന്നും ഏവിയേഷൻ റെഗുലേറ്റർ വ്യക്തമാക്കുന്നു.
വിമാനത്താവളങ്ങളിലെ എയർലൈൻ ജീവനക്കാർക്ക് ഫലപ്രദമായ പരിശീലനം നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡിജിസിഎ നിർദേശിക്കുകയും അവർക്ക് ഉചിതമായ രീതിയിൽ ആശയവിനിമയം നടത്താനും നിലവിലുള്ള ഫ്ലൈറ്റ് കാലതാമസത്തെക്കുറിച്ച് യാത്രക്കാരെ അറിയിക്കാനും കഴിയുമെന്ന് ഉറപ്പാക്കുകയും ചെയ്യണമെന്നും നിർദേശമുണ്ട്.

"നിലവിലുള്ള മൂടൽമഞ്ഞ് കാലവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത്,മൂന്ന് മണിക്കൂറില്‍ കൂടുതല്‍ വിമാനം താമസിക്കുന്ന സാഹചര്യത്തില്‍ ആ സര്‍വീസ് റദ്ദാക്കിയേക്കാമെന്നും എ.ഒ.പിയില്‍ പറയുന്ന സൗകര്യങ്ങള്‍ വിമാന കമ്പനി യാത്രക്കാര്‍ക്കായി ചെയ്തുകൊടുക്കുകയും വേണമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
വിമാനം മുടങ്ങിയാല്‍ വിമാനയാത്രക്കാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) നടപ്പാക്കിയതായും ഡിജിസിഎ വ്യക്തമാക്കി. പുതിയ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ എസ്.ഒ.പി. എല്ലാ എയര്‍ലൈനുകളും അടിയന്തരമായി പാലിക്കണം എന്നാണ് ഡി ജി സി എയുടെ നിര്‍ദേശം. ഇത്തരം വിവരങ്ങള്‍ അതാത് സമയത്ത് യാത്രക്കാരെ അറിയിക്കാന്‍ വിമാനകമ്പനികള്‍ ബാധ്യസ്ഥരാണെന്നും ഡി ജി സി എ അറിയിക്കുന്നു.
അതേസമയം, മൂടൽമഞ്ഞ് കനത്തതോടെ ഡല്‍ഹിയില്‍ 140 വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്യാന്തര സർവീസുകൾ ഉൾപ്പെടെ 168 വിമാനങ്ങൾ വൈകി. ശരാശരി ഒരു മണിക്കൂറാണ് വിമാനങ്ങൾ വൈകുന്നത്. പലപ്പോഴായി മണിക്കൂറിലേറെയായി കാത്തുനില്‍ക്കേണ്ടി വരുന്നുവെന്നാണ് യാത്രക്കാർ വ്യക്തമാക്കുന്നത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഡി ജി സി എ മാർഗ്ഗ നിർദേശം പുറത്തിറക്കിയത്.
അതിനിടെ, വിമാനം വൈകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനിടെ പൈലറ്റിന് കഴിഞ്ഞ ദിവസം യാത്രക്കാരന്റെ മർദനമേല്‍ക്കേണ്ടി വന്നിരുന്നു. ഡൽഹി വിമാനത്താവളത്തിൽ വെച്ച് ഇൻഡിഗോ വിമാനത്തിലാണ് യുവാവ് പൈലറ്റിനെ മർദിച്ചത്. വിമാനം വൈകുമെന്ന് പൈലറ്റ് അനൗൺസ് ചെയ്യുകയായിരുന്നു. ഇതിനിടയിൽ യാത്രക്കാരിൽ നിന്ന് ഒരു യുവാവ് എഴുന്നേറ്റ് വന്ന് പൈലറ്റിനെ ആക്രമിക്കുകയായിരുന്നു.












Click it and Unblock the Notifications