വിരമിച്ച പ്രൈവറ്റ് സെക്രട്ടറിക്ക് കാബിനറ്റ് പദവി നൽകിയ പാട്നായിക്; ആരാണ് വികെ പാണ്ഡ്യൻ?
ഡൽഹി: സർവീസിൽ നിന്ന് സ്വയം വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് കാബിനറ്റ് പദവി നൽകിയ നടപടി സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദത്തിന് കാരണമായിരിക്കുകയാണ്. വികെ പാണ്ഡ്യനെയാണ് ക്യാബിനറ്റ് പദവിയോടെ നിയമിച്ചത്. ഒഡിഷ ട്രാന്‍സ്ഫമേഷണല്‍ ഇനിഷ്യേറ്റിവ്‌സ്(5ടി), നബീന്‍ ഒഡിഷ എന്നിവയുടെ ചെയര്‍മാനായി പാണ്ഡ്യനെ നിയമിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവിറക്കി.
ഒഡീഷ കേഡറിലെ 2000 ബാച്ച് ഐ എഎ സ് ഉദ്യോഗസ്ഥനായിരുന്ന പാണ്ഡ്യൻ തമിഴ്നാട് സ്വദേശിയാണ്. 2002ൽ കാളഹന്ദിയിലെ ധർമഗഡിൽ സബ് കലക്ടറായാണ് പാണ്ഡ്യൻ സർവ്വീസിൽ പ്രവേശിക്കുന്നത്. മയൂർഗഞ്ച് ,ഗഞ്ചമിൽ എന്നിവിടങ്ങളിൽ കളക്ടറായി സേവനമനുഷ്ഠിച്ചു. ഇതിനിടയിലാണ് നവീൻ പട്നായിക്കിന്റെ ഗുഡ്ബുക്കിൽ പാണ്ഡ്യൻ ഇടംപിടിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ വിശ്വസ്തനായി മാറാൻ പാണ്ഡ്യന് സാധിച്ചു. 2011 ൽ പാണ്ഡ്യനെ പട്നായിക് തന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു.

സംസ്ഥാന സർക്കാരിന്റെ നിരവധി പദ്ധതികളുടെ രൂപീകരണത്തിലും നടപ്പാക്കലിലും നിർണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ് പാണ്ഡ്യൻ. സംസ്ഥാനത്ത് നടപ്പാക്കാനിരിക്കുന്ന ജഗന്നാഥ് ഹെറിറ്റേജ് കോറിഡോർ പോലുള്ള വലിയ പദ്ധതികൾ നടപ്പിലാക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് ശ്രദ്ധേയമാണ്. കൂടാതെ, ഒഡീഷയിലുടനീളമുള്ള പുരാതന ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനുള്ള പല പദ്ധതികളും പാണ്ഡ്യൻ അവതരിപ്പിച്ചിട്ടുണ്ട്. കൊവിഡ് സമയത്ത് പോലും ആരോഗ്യസംരക്ഷണ സൗകര്യങ്ങളെ കുറിച്ച് കൃത്യമായ അവലോകനം നടത്തുകയും ഇടപെടൽ നടത്തുകയും ചെയ്തു. ഭരണത്തിൽ പൗരന്മാരുടെ പങ്കാളിത്തം ഉയർത്തുന്ന മോ സർക്കാർ' പോലുള്ള പരിപാടികൾ അവതരിപ്പിക്കുന്നതിലും സുപ്രധാന പങ്കാണ് പാണ്ഡ്യൻ വഹിച്ചത്.
ആറ് മാസത്തിനിടെ ഒഡീഷയിലെ 147 നിയമസഭാ മണ്ഡലങ്ങളിൽ പാണ്ഡ്യൻ പര്യടനം നടത്തുകയും പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുകയും വികസന പദ്ധതികൾ വിലയിരുത്തുകയും ചെയ്തു. 30 ജില്ലകളില്‍ സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് പാണ്ഡ്യന്‍ നടത്തിയ ഈ സന്ദര്‍ശനം വലിയ പ്രതിപക്ഷ വിമർശനങ്ങൾക്ക് കാരമാണമായിരുന്നു.
അതേസമയം പാണ്ഡ്യന് പുതിയ പദവി നൽകിയതിനെതിരേയും പ്രതിപക്ഷം രംഗത്തെത്തി കഴിഞ്ഞു. പാണ്ഡ്യനാണ് പാട്നായിക്കിന് പകരം ഭരണം നടത്തുന്നതെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. പാണ്ഡ്യൻ ഉടൻ ബിജു ജനതാദളിൽ ചേരുമെന്നും നവീൻ പട്നായിക്കിന്റെ പിൻഗാമിയായേക്കുമെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ തമിഴ്നാട് സ്വദേശിയായ അദ്ദേഹത്തെ ഒഡീഷക്കാർ സ്വീകരിക്കുമോയെന്നതാണ് ചോദ്യം.












Click it and Unblock the Notifications