എന്റെ കുഞ്ഞിനെ രക്ഷിക്കൂ; ഒരമ്മയുടെ യാചന... കാത്തുനിന്ന് മടുത്ത് ഒന്നര വയസുകാരി മരിച്ചുവീണു
വിശാഖപട്ടണം: കൊറോണയുടെ രണ്ടാം തരംഗം രാജ്യത്തെ വരിഞ്ഞു മുറുക്കിയിരിക്കുന്നു. എല്ലാ ദിവസവും ദയനീയമായ കാഴ്ചകളാണ് രാജ്യം മൊത്തം. ഓക്‌സിജന്‍ കിട്ടാത്ത മരിക്കുന്നവര്‍ നിരവധി. അധികൃതര്‍ നിഷേധിക്കുന്നുണ്ടെങ്കിലും മിക്ക ശ്മശാനങ്ങളിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണം വന്‍തോതില്‍ ഉയര്‍ന്നിരിക്കുന്നു. ആംബുലന്‍സ് കിട്ടാതെ വന്നപ്പോള്‍ അമ്മയുടെ മൃതദേഹം ബൈക്കില്‍ വച്ച് കൊണ്ടുപോകുന്ന മക്കളായിരുന്നു കഴിഞ്ഞ ദിവസത്തെ ആന്ധ്രയില്‍ നിന്നുള്ള ദയനീയ കാഴ്ച. എന്നാല്‍ ഇന്ന് ശ്വാസമെടുക്കാന്‍ കഴിയാതെ പിടഞ്ഞ കുഞ്ഞിനെ രക്ഷിക്കണമെന്ന് യാചിക്കുന്ന മാതാവിനെയാണ് രാജ്യം നടുക്കത്തോടെ കണ്ടത്.

ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കുഞ്ഞുമായ ഓടിയ മാതാപിതാക്കള്‍. എല്ലായിടത്തും രോഗികളുടെ തിരക്ക്. ഒടുവില്‍ ഊഴം കാത്തിരിക്കവെ... കുഞ്ഞിന്റെ ശ്വാസം നിലച്ചു. വിശാഖപട്ടണത്തെ കിങ് ജോര്‍ജ് ആശുപത്രിക്ക് പുറത്താണ് സംഭവം. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാനെത്തിയവരുടെ നീണ്ട നിരയാണ് മാതാപിതാക്കള്‍ കണ്ടത്. വേഗം അഡ്മിറ്റ് ചെയ്യണമെന്നും അല്ലെങ്കില്‍ കുഞ്ഞ് മരിക്കുമെന്നും ആ അമ്മ യാചിച്ചുകൊണ്ടേയിരുന്നു. ആരും കേട്ടില്ല...
നിരന്തരമായ അഭ്യര്‍ഥന കേട്ട് ആശുപത്രി അധികൃതര്‍ എത്തിയപ്പോഴേക്കും വൈകി. സരിത എന്ന ഒന്നര വയസുകാരി അന്ത്യശ്വാസം വലിച്ചു. കൊറോണ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കടുത്ത ശ്വാസ തടസം നേരിട്ടിരുന്നു കുഞ്ഞിന്. മാതാവ് കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കേണപേക്ഷിക്കുന്ന വേളയില്‍ പിതാവ് വീര ബാബു ഓക്‌സിജന്‍ സൗകര്യം ഒരുക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. എല്ലാ ആശുപത്രികളില്‍ നിന്നും ലഭിച്ച മറുപടി 104ല്‍ വിളിക്കൂ എന്ന് മാത്രം.
സരിതയ്ക്ക ആദ്യം കൊറോണ പരിശോധന നടത്തിയപ്പോള്‍ രോഗമുണ്ടായിരുന്നില്ല. പിന്നീട് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പരിശോധിച്ചപ്പോള്‍ കൊറോണ രോഗം സ്ഥിരീകരിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ അഡ്മിറ്റ് ചെയ്യാന്‍ തയ്യാറായില്ല. കുഞ്ഞിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായപ്പോഴാണ് കിങ് ജോര്‍ജ് ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ഒന്നര മണിക്കൂര്‍ അത്യാഹിത വിഭാഗത്തിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നു.
ഒടുവില്‍ ആ കുട്ടി ആശുപത്രി പടിയില്‍ മരിച്ചുവീണു. ജില്ലാ കളക്ടര്‍ വിനയ് ചന്ദ് ഉള്‍പ്പെടെയുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഒട്ടേറെ ന്യായീകരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നിരത്തി. കുട്ടിയുടെ കുടുംബം അരിശം പൂണ്ട് ആശുപത്രിയില്‍ ബഹളം വച്ചെങ്കിലും തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടായില്ല എന്ന ആശുപത്രി അധികൃതരുടെ പ്രസ്താവനയോടെ എല്ലാം അവസാനിച്ചു.












Click it and Unblock the Notifications