'ചൗക്കിദാര്‍ നരേന്ദ്രമോദി'; പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പുതിയ പേര്, അമിത്ഷായും ഗോയലും!!
ദില്ലി: ട്വിറ്റര്‍ അക്കൗണ്ടിലെ പേര് മാറ്റി പ്രധാന മന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് പുതിയ പേര്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ക്യാംപെയിനിന്റെ ഭാഗമായാണ് ഈ പേര് മാറ്റം. പ്രധാനമന്ത്രിക്ക് പുറമേ ബിജെപി പ്രസിഡന്റ് അമിത്ഷായും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ അമിത്ഷാ എന്നാക്കി മാറ്റിയിട്ടുണ്ട്. കൂടാതെ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍, ജഗത് പ്രകാശ് നദ്ദ, ഹര്‍ഷ വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടുകളിലെ പേരുകള്‍ക്കൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്തിട്ടുണ്ട്.
ബിജെപിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പിലെ 'മേം ഭീ ചൗക്കീദാര്‍ ഹൂം' ക്യാംപെയിനിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങളുടെ കാവല്‍ക്കാരന്‍ രാഷ്ട്രത്തിന്റെ സേവനത്തിന് തയ്യാറാണ് എന്ന മുദ്രാവാക്യവുമായി ട്വിറ്ററില്‍ എത്തിയത്. അമിത്ഷാ, പീയുഷ് ഗോയല്‍, ജെ.പി നദ്ദ എന്നിവരും ചൗക്കീദാര്‍ ക്യാംപെയിനിന്റെ ഭാഗമായുള്ള വീഡിയോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ പ്രചാരണത്തിന്റെ ഭാഗമായിട്ടാണ് ചൗക്കീദാര്‍ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. തന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്താല്‍ രാജ്യത്തെ ജനങ്ങളുടെ പണത്തിനും വിശ്വാസത്തിനും താന്‍ കാവല്‍ക്കാരനായി നില്‍ക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.
രാഹുല്‍ഗാന്ധിയുടെ പ്രധാനമന്ത്രി കള്ളനാണെന്ന ക്യാംപെയിന്‍ ആളുകളില്‍ വലിയ രീതിയില്‍ സ്വാധീനിച്ചില്ലെന്ന് നിരവധി സര്‍വേകള്‍ക്കും ഡാറ്റ വിശകലനത്തിനും ശേഷം കണ്ടെത്തിയ ശേഷമാണ് മേം ഭീ ചോക്കീദാര്‍ ക്യാംപെയിന്‍ ആരംഭിച്ചത്. മാത്രമല്ല 'ചൗക്കീദാര്‍ ചോര്‍ ഹേ' ജനങ്ങളെ ശരിക്കും ദേഷ്യം പിടിപ്പിച്ചതായും സര്‍വേയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്ത ട്വീറ്റില്‍ താന്‍ മാത്രമല്ല രാജ്യത്തെ സേവിക്കുന്ന എല്ലാവരും ചൗക്കീദാര്‍ ആണ്, അഴിമതിക്കും സാമൂഹ്യ തിന്മക്കുമെതിരെ പോരാടുന്ന എല്ലാവരും ചൗക്കീദാര്‍ ആണ്, രാജ്യത്തിന്റെ വികസനത്തിനായി പോരാടുന്ന എല്ലാവരും ചൗക്കീദാര്‍ ആണെന്ന് പറഞ്ഞിരുന്നു. ഇന്ന് എല്ലാ ഇന്ത്യക്കാരും തങ്ങള്‍ ചൗക്കീദാര്‍ ആണെന്ന് സ്വയം പറയുന്നതായി മോദി ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications