സോണിയാ ഗാന്ധിയെ ചായ സല്‍ക്കാരത്തിന് മോദി ക്ഷണിച്ചതെന്തിന്?
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചായ സല്ക്കാരത്തിനു ക്ഷണിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ജനവികാരം കണക്കിലെടുത്താണോ ഇങ്ങനെയൊരു ക്ഷണം എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സോണിയയെ മോദി എന്തിനായിരിക്കും വിളിച്ചതെന്ന ചോദ്യമാണ് എല്ലാവര്‍ക്കുമിടയില്‍.
ജിഎസ്ടി ബില്ലിന്മേലുള്ള പ്രതിഷേധം സംസാരിച്ച് തീര്‍ക്കാനാണ് ഇങ്ങനെയൊരു ക്ഷണം എന്നും പറയുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം സുഗമമായി നടക്കാന്‍ വേണ്ടി പിന്തുണ തേടി പ്രതിപക്ഷവുമായി പൊതുവെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. എന്നാല്‍, ചായ സല്‍ക്കാരത്തിന് ആരെയും ക്ഷണിക്കാറില്ല.
ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനുശേഷം മോദി ആദ്യമായാണ് ഇങ്ങനെയൊരു കൂടിക്കാഴ്ച നടത്തുന്നത്. എന്നാല്‍, മോദി രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചിട്ടില്ല. സോണിയയെയും മന്മോഹന് സിങിനെയും മോദി ക്ഷണിച്ചത് ജനവികാരം കണക്കിലെടുത്തിട്ടാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മോദി തയ്യാറാവുകയാണെങ്കില്‍ മാത്രമേ മോദി കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്ക്കുകയുള്ളൂവെന്നും രാഹുല്‍ വ്യക്തമാക്കി. ജിഎസ്ടി ബില്‍ കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നും രാഹുല്‍ പറയുന്നു.