വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ച് പ്രധാനമന്ത്രി; ഭഗവതി അമ്മന്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന
കന്യാകുമാരി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ പൂര്‍ത്തിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ കന്യാകുമാരിയിലുള്ള വിവേകാനന്ദപ്പാറയില്‍ ധ്യാനം ആരംഭിച്ചു. 45 മണിക്കൂര്‍ നീണ്ട ധ്യാനത്തിനായിട്ടാണ് അദ്ദേഹം വിവേകാനന്ദപ്പാറയിലെത്തിയത്. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് മോദി തിരുവനന്തപുരം വഴി കന്യാകുമാരിയിലെത്തിയത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷ തന്നെയാണ് കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്നത്. കന്യാകുമാരിയില്‍ എത്തിയ ഉടനെ ഭഗവതി അമ്മന്‍ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിക്കുകയാണ് അദ്ദേഹം ചെയ്തത്.

ജൂണ്‍ ഒന്നിന് പ്രധാനമന്ത്രി ധ്യാനം അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങും. അതിന് മുമ്പ് തിരുവള്ളുവര്‍ പ്രതിമ അദ്ദേഹം സന്ദര്‍ശിക്കും. വിവേകാനന്ദപ്പാറയ്ക്ക് സമീപമായിട്ടാണ് ഈ പ്രതിമയുള്ളത്. മോദിയുടെ 45 മണിക്കൂര്‍ ധ്യാനത്തെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് വിവേകാനന്ദപ്പാറയിലെ ഈ സ്മാരകത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സ്വാമി വിവേകാനന്ദന്‍ ഇവിടെയിരുന്ന് ധ്യാനിച്ചത് കൊണ്ടാണ് വിവേകാനന്ദപ്പാറയെന്ന പേര് ഇതിന് വന്നത്. വ്യാഴാഴ്ച്ച വൈകീട്ട് മുതല്‍ ജൂണ്‍ ഒന്ന് വൈകീട്ട് വരെ ഇവിടെ അദ്ദേഹം ധ്യാനമിരിക്കും.
ധ്യാന മണ്ഡപം മോദിയുടെ ധ്യാനത്തിനായി നേരത്തെ സജ്ജമാക്കിയിരുന്നു. സ്വാമി വിവേകാനന്ദന് ജ്ഞാനോദയം ഇവിടെ വെച്ചാണ് ഉണ്ടായതെന്നാണ് വിശ്വാസം. രണ്ടായിരത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോസ്റ്റുഗാര്‍ഡും, ഇന്ത്യന്‍ വ്യോമസേനയും സമുദ്രമേഖലയില്‍ അടക്കം കനത്ത സുരക്ഷ ഏര്‍പ്പാടിക്കിയിട്ടുണ്ട്.
നേരത്തെ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം കേദാര്‍നാഥിലെ ഗുഹയിലെ മോദി ധ്യാനമിരുന്നു.അതേസമയം ഇന്ന് വൈകീട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചത്. അതേസമയം രാഷ്ട്രീയ വിവാദങ്ങള്‍ക്കും മോദിയുടെ സന്ദര്‍ശനം കാരണമായിരിക്കുകയാണ്.
മോദി ധ്യാനമിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടരുതെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് പെരുമാറ്റച്ചട്ട ലംഘനമാകുമെന്നും കോണ്‍ഗ്രസ് പറയുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. രണ്‍ദീപ് സുര്‍ജേവാല, അഭിഷേക് സിംഗ്‌വി, സയ്യിദ് നാസ്സര്‍ ഹുസൈന്‍ എന്നിവരടങ്ങുന്ന സംഘം തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.
സിപിഎം തമിഴ്‌നാട് നേതൃത്വവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തെഴുതി. മോദിയുടെ ധ്യാനത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയണമെന്നും, അത് പ്രചാരണമാക്കി മാറ്റാന്‍ സാധ്യതയുണ്ടെന്നും സിപിഎം ചൂണ്ടിക്കാണിച്ചു. ഇതോടെ നിശബ്ദ പ്രചാരണത്തിന് അര്‍ഥമില്ലാതാകുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
മോദി പബ്ലിസിറ്റിക്ക് വേണ്ടിയാണ് ധ്യാനത്തിന് പോകുന്നതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി പദവിക്ക് ഭരണഘടനാപരമായ ബാധ്യതകളുണ്ട്. എന്നാല്‍ മോദി അതൊന്നും കാര്യമാക്കുന്നില്ല. വോട്ടെണ്ണുന്നതിന് മുമ്പ് എപ്പോഴും മോദി പബ്ലിസിറ്റിക്ക് വേണ്ടി ധ്യാനമിരിക്കും. ധ്യാനമിരിക്കുന്ന സ്ഥലത്ത് എന്തിനാണ് ക്യാമറകളെന്നും മമത ചോദിച്ചു.












Click it and Unblock the Notifications