ചരിത്രപരം, പ്രതീക്ഷയുടെ പുരോഗതിയുടെ പ്രഖ്യാപനം, സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി ശരിവെച്ച സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെയും, ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും, പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ് സുപ്രീം കോടതി വിധിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് സംബന്ധിച്ചുള്ള സുപ്രീം കോടതി വിധി ചരിത്രപരവും, പാര്‍ലമെന്റിന്റെ തീരുമാനത്തെ ഭരണഘടനാപരമായി ശരിവെക്കുന്നതുമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ത്യക്കാരനെന്ന നിലയില്‍ നാം കാത്തുസൂക്ഷിക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഐക്യത്തെ ഊട്ടിയുറപ്പിക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ ജനങ്ങള്‍ക്ക് ഞാന്‍ ഉറപ്പുനല്‍കുന്നു, നിങ്ങളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഞങ്ങളുടെ ആത്മസമര്‍പ്പണത്തില്‍ അണുവിട പോലും മാറ്റം വരില്ല. ആര്‍ട്ടിക്കിള്‍ 370 മൂലം ദുരിതമനുഭവിക്കുന്ന ഏറ്റവും ദുര്‍ബലരും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വിഭാഗങ്ങള്‍ക്ക് പുരോഗതിയുടെ ഫലങ്ങള്‍ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു സര്‍ക്കാരിന്റെ നടപടി.
സുപ്രീം കോടതി വിധി പ്രതീക്ഷയുടെ വെളിച്ചമാണ്. അത് ഭാവി തിളക്കമേറിയതാക്കുകയും, കൂടുതല്‍ കരുത്തുറ്റതും, ഐക്യമുള്ളതുമായ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും പ്രധാനമന്ത്രി കുറിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായും സുപ്രീം കോടതി വിധിയെ പ്രശംസിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘദര്‍ശിയായ കാഴ്ച്ചപ്പാടുകളുടെ ഭാഗമായിട്ടാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കപ്പെടുന്നത്.
അതിന് ശേഷം കശ്മീര്‍ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയെന്നും, സമാധാനം കശ്മീര്‍ ജനതയ്ക്ക് ലഭിച്ചുവെന്നും അമിത് ഷാ എക്‌സില്‍ കുറിച്ചു. വളര്‍ച്ചയും വികസനവും കശ്മീരിലെ ജനതയുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം സമ്മാനിച്ചിരിക്കുകയാണ്. ടൂറിസം, കാര്‍ഷിക മേഖലകളില്‍ അഭിവൃദ്ധിയുണ്ടായിരിക്കുകയാണ്. ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ ജനങ്ങളുടെ വരുമാനം അതിനൊത്ത് ഉയര്‍ന്നിരിക്കുകയാണ്.
സുപ്രീം കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഭരണഘടനാപരമാണെന്ന് ഉറപ്പിക്കുന്നതാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം അമിത് ഷാ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളും ഇന്ന് രാജ്യസഭയില്‍ അവതരിപ്പിച്ചു. ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്‍, ജമ്മു കശ്മീര്‍ റീഓര്‍ഗനൈസേഷന്‍ ബില്‍ എന്നിവയാണിത്. ഇന്ത്യ സഖ്യത്തിലെ നേതാക്കളും കോടതിയില്‍ വിധിയില്‍ പ്രതികരിച്ചിട്ടുണ്ട്.
ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍ ഗുലാം നബി ആസാദ് കോടതി വിധിയില്‍ നിരാശ രേഖപ്പെടുത്തി. ദു:ഖകരവും, ദൗര്‍ഭാഗ്യകരവുമാണ് വിധി. കശ്മീര്‍ ജനത ഈ വിധിയില്‍ സന്തോഷവാന്‍മാരല്ല. പക്ഷേ വിധിയെ അംഗീകരിക്കുന്നു. ഇവിടത്തെ ജനങ്ങള്‍ പ്രതീക്ഷ കൈവിടില്ലെന്നും ആസാദ് പറഞ്ഞു. ഇത്രയും കാലം മുറുകെ പിടിച്ചിരിക്കുന്ന കൈകള്‍ക്ക് മുറിവേറ്റിരിക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി കുറിച്ചു.
മുന്‍ കശ്മീര്‍ മഹാരാജാവായിരുന്ന ഹരി സിംഗിന്റെ മകന്‍ കരണ്‍ സിംഗ് വിധിയെ പിന്തുണച്ചു. കോണ്‍ഗ്രസ് നേതാവ് കൂടിയാണ് കരണ്‍. ഒരു വിഭാഗം ആളുകള്‍ ഇതില്‍ നിരാശയുണ്ടാവും. പക്ഷേ അവര്‍ അത് അംഗീകരിച്ച് മുന്നോട്ട് പോവുക. അല്ലാതെ പരസ്പരം കലഹമുണ്ടാക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കവി ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത കുറിച്ചുകൊണ്ടായിരുന്നു ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.
നിരാശയുണ്ട് പക്ഷേ തകര്‍ന്നിട്ടില്ല. പോരാട്ടം തുടരും. ദശാബ്ദങ്ങള്‍ എടുത്താണ് ബിജെപി ഇവിടെയെത്തിയത്. ഞങ്ങള്‍ പോരാടാന്‍ തയ്യാറാണെന്നും ഒമര്‍ അബ്ദുള്ള കുറിച്ചു. കോണ്‍ഗ്രസ് നേതാവ് മുന്‍ മുംബൈ അധ്യക്ഷനുമായ മിലിന്ദ് ദേവ്‌റയും കോടതി വിധിയെ പിന്തുണച്ചു. ആര്‍ട്ടിക്കിള്‍ 370 താല്‍ക്കാലിക നിയമം മാത്രമാണ്. അത് നീക്കിയതിലൂടെ വലിയ നേട്ടം കശ്മീരിലുണ്ടാവും. പക്ഷേ പ്രഖ്യാപനവും നടപടി ക്രമങ്ങളും കൂടുതല്‍ ചര്‍ച്ചകളോടയാവാമായിരുന്നുവെന്നും ദേവ്‌റ പറഞ്ഞു.












Click it and Unblock the Notifications