ബന്ധത്തിൽ വിശ്വാസം തിരിച്ചുവരുമെന്ന് മോദി; സ്വാഗതം ചെയ്‌ത് ചൈന, 'ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണ്'
ബീജിംഗ്: ഇന്ത്യ-ചൈന ബന്ധത്തിൽ ശുഭപ്രതീക്ഷ പുലർത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനെ സ്വാഗതം ചെയ്‌ത് ചൈന. ഇന്ത്യയും ചൈനയും പരസ്‌പരം വിജയത്തിന് സംഭാവന ചെയ്യുന്ന പങ്കാളികളാകണമെന്നാണ് ചൈന പറഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ബന്ധങ്ങളിലുണ്ടായ സൗഹൃദത്തിന്റെ സൂചനകൾ പരാമർശിച്ച മോദിയുടെ അഭിപ്രായപ്രകടനം സ്വാഗതം ചെയ്‌തുകൊണ്ടാണ് ചൈനയുടെ മറുപടി.
ഒക്ടോബറിൽ കസാനിൽ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം ചൈനീസ് അതിർത്തിയിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്നും സാവധാനമാണെങ്കിലും ഉറപ്പായും ബന്ധത്തിൽ വിശ്വാസം തിരിച്ചുവരുമെന്നും മോദി കഴിഞ്ഞ ദിവസം നിലപാടെടുത്തിരുന്നു.

ലെക്‌സ് ഫ്രിഡ്മാനുമായുള്ള ആശയവിനിമയത്തിൽ മോദി ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി പിന്തുണച്ചിരുന്നു. കൂടാതെ യുഎസ് പ്രസിഡന്റ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോഡ്‌കാസ്‌റ്റ് പങ്കിടുകയും ചെയ്‌തിരുന്നു. ഈ പരിപാടിയിലാണ് ഇന്ത്യ-ചൈന ബന്ധത്തിൽ കൂടുതൽ സാധ്യതകളിലേക്ക് മോദി വിരൽചൂണ്ടിയത്.
ഇരുരാജ്യങ്ങൾക്കും ഇടയിൽ സഹകരണപരമായ ബന്ധം ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയ നരേന്ദ്ര മോദി. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അവ തർക്കങ്ങളായി മാറുന്നില്ലെന്ന് ഉറപ്പാക്കുന്നതിലായിരിക്കണം ശ്രദ്ധയെന്നും കഴിഞ്ഞ ദിവസം പുറത്തുവന്ന പോഡ്‌കാസ്‌റ്റിൽ ചൂണ്ടിക്കാട്ടിയിരുന്നു.
കഴിഞ്ഞ 2000 വർഷങ്ങളായി തുടരുന്നതാണ് ഇന്ത്യ-ചൈന ബന്ധമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. കഴിഞ്ഞ ഒക്ടോബറിൽ കസാനിൽ പ്രസിഡന്റ് ഷിയും പ്രധാനമന്ത്രി മോദിയും തമ്മിൽ നടന്ന വിജയകരമായ കൂടിക്കാഴ്‌ച ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള തന്ത്രപരമായ മാർഗനിർദ്ദേശം നൽകിയെന്നാണ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
കൂടാതെ നമ്മുടെ നേതാക്കളുടെ പ്രധാനപ്പെട്ട പൊതു ധാരണകൾ ഇരുപക്ഷവും ആത്മാർത്ഥമായി പിന്തുടരുകയും എല്ലാ തലങ്ങളിലും കൈമാറ്റങ്ങളും പ്രായോഗിക സഹകരണവും ശക്തിപ്പെടുത്തുകയും നിരവധി പോസിറ്റീവ് ഫലങ്ങൾ കൈവരിക്കുകയും ചെയ്‌തുവെന്നുമാണ് വക്താവ് പങ്കുവച്ച പ്രസ്‌താവനയിൽ പറയുന്നത്.
ഇരു നേതാക്കളും നടത്തിയ കൂടിക്കാഴ്‌ചയിൽ ഒപ്പുവച്ച ധാരണകൾ നടപ്പിലാക്കുന്നതിനായി ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കാൻ ചൈന തയ്യാറാണെന്നും ചൈന കൂട്ടിച്ചേർത്തു. നേരത്തെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ചൈന ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് രംഗത്ത് വന്നത്.












Click it and Unblock the Notifications