പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്‍ രക്ഷാ സമിതിയില്‍, സമുദ്ര സുരക്ഷയ്ക്ക് തീവ്രവാദ ശക്തികള്‍ ഭീഷണി
ദില്ലി: യുഎന്‍ രക്ഷാസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രധാനമന്ത്രി യോഗത്തില്‍ സംസാരിച്ചത്. അഞ്ച് തത്വങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കേണ്ട ആവശ്യകതയെ കുറിച്ചാണ് മോദി സംസാരിച്ചത്. സമുദ്ര മാര്‍ഗമുള്ള വ്യാപാരത്തിന് എല്ലാ തടസ്സങ്ങളും നീക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമുദ്ര സുരക്ഷയ്ക്ക് തുരങ്കം വെക്കുന്ന ഭീകരവാദ ശക്തികളെ നേരിടാന്‍ കൂട്ടായ സഹകരണമാണ് ആവശ്യമെന്ന് സുരക്ഷാ കൗണ്‍സില്‍ പ്രധാനമന്ത്രി പറഞ്ഞു.

70 വര്‍ഷത്തിനിടെ ചരിത്രത്തിനിടെ ഇത് ആദ്യമായിട്ടാണ് ഇന്ത്യന്‍ പ്രധാനമന്ത്രി യുഎന്‍ രക്ഷാസമിതിയുടെ അധ്യക്ഷനാവുന്നത്. കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്. സമുദ്ര സുരക്ഷയായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. ഭീകരവാദത്തിനെതിരായ ശക്തമായ നിലപാട് പ്രധാനമന്ത്രി യോഗത്തെ അറിയിച്ചു. കടല്‍ക്കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ചുപിടിക്കേണ്ടതുണ്ട്. രാജ്യങ്ങള്‍ക്കിടയിലുള്ള തര്‍ക്കങ്ങള്‍ ഏറ്റവും മികച്ച രീതിയില്‍ അന്താരാഷ്ട്ര നിയമപ്രകാരം രമ്യമായി പരിഹരിക്കപ്പെടണമെന്നും മോദി പറഞ്ഞു.
പരസ്പരമുള്ള വിശ്വാസവും ആത്മവിശ്വാസവും വര്‍ധിപ്പിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആഗോള സമാധാനവും സ്ഥിരതയും സ്വന്തമാക്കാന്‍ നമുക്ക് സാധിക്കൂ എന്ന് പ്രധാന മന്ത്രി പറഞ്ഞു. നമ്മുടെ സമുദ്രാന്തരീക്ഷം സംരക്ഷിക്കേണ്ടതുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാം അവസാനിപ്പിക്കേണ്ടതുണ്ട്. അമിതമായ മത്സ്യബന്ധനത്തെ തടയാന്‍ നമ്മള്‍ ശ്രമിക്കണം. വളരെ ഉത്തരവാദിത്തമുള്ള സമുദ്ര കണക്ടിവിറ്റിക്കായി ലോകരാജ്യങ്ങള്‍ ശ്രമിക്കണമെന്നും മോദി പറഞ്ഞു. ഫ്രാന്‍സില്‍ നിന്നാണ് സുരക്ഷാ കൗണ്‍സില്‍ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്. ഓഗസ്റ്റ് മാസത്തിലെ അധ്യക്ഷ പദവിയാണിത്.
അതേസമയം തീവ്രവാദ ശക്തികള്‍ക്കെതിരായ പോരാട്ടത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. സമുദ്ര സുരക്ഷ നേരിടുന്ന വെല്ലുവിളികളെ ഒന്നിച്ച് നേരിടാമെന്ന് മറ്റ് രാജ്യങ്ങളും വ്യക്തമാക്കി. സമുദ്ര സുരക്ഷയ്ക്ക് പുറമേ സമാധാന ദൗത്യം, ഭീകരവാദ വിരുദ്ധ നടപടികള്‍ അടക്കമുള്ള വിഷയങ്ങളില്‍ വീണ്ടുമൊരു പ്രത്യേക യോഗം കൂടി വിളിക്കും. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഈ രണ്ട് യോഗങ്ങളിലും അധ്യക്ഷനാവും.












Click it and Unblock the Notifications