ഇന്ത്യയില്‍ മൂന്നു ദിവസത്തെ ദുഖാചരണം; മാര്‍പാപ്പയുടെ മരണത്തിനിടയാക്കിയ കാരണങ്ങള്‍ ഇതാണ്
ഡല്‍ഹി: കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്യാണത്തില്‍ ആദരവുമായി ഇന്ത്യ. കത്തോലിക്ക വിശ്വാസികള്‍ ഏറെയുള്ള ഇന്ത്യയും വത്തിക്കാനും തമ്മില്‍ അടുത്ത നയതന്ത്ര ബന്ധമാണ് പുലര്‍ത്തുന്നത്. ഇന്ത്യയോട് വലിയ കരുതലും സ്‌നേഹവുമാണ് പാപ്പ പ്രകടിച്ചിരുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനും ആഗ്രഹിച്ചിരുന്നു. മാര്‍പാപ്പയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇന്നും നാളെയും (22,23 തീയതികളില്‍) വത്തിക്കാനില്‍ മൃതസംസ്‌കാരം നടക്കുന്ന ദിവസവും ദുഃഖാചരണം നടത്തും.
ഇന്ത്യയില്‍ ദേശീയ പതാക ആദര സൂചകമായി പകുതി താഴ്ത്തിക്കെട്ടും. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ആഘോഷങ്ങളും ഒഴിവാക്കും. മാര്‍പാപ്പയുടെ വിയോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വത്തിക്കാനിലേക്ക് അനുശോചന പ്രവാഹമാണ്. ലോക നേതാക്കള്‍ മുതല്‍ സാധാരണക്കാര്‍ വരെ പാപ്പയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയാണ്.

'ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് നിത്യശാന്തി, ദൈവം അദ്ദേഹത്തെയും അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരെയും അനുഗ്രഹിക്കട്ടെ' എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്. മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ താനും ഭാര്യയും പങ്കെടുക്കുമെന്നും ട്രംപ് അറിയിച്ചു.
'റെസ്റ്റ് ഇന്‍ പീസ് പോപ്പ് ഫ്രാന്‍സിസ്; ഞങ്ങള്‍ അങ്ങയെ മിസ് ചെയ്യും' എന്നാണ് മാര്‍പാപ്പയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലോക ഫുട്‌ബോള്‍ ഇതിഹാസ താരം മെസി കുറിച്ചത്.
ലോകത്തിന്റെ പല ഭാഗത്തുള്ള വിശ്വാസികളും തങ്ങളുടെ ആത്മീയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനും ആദരവ് അര്‍പ്പിക്കാനും വത്തിക്കാനില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
മാര്‍പാപ്പയ്ക്കു വേണ്ടി സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടക്കുന്ന ജപമാല പ്രാര്‍ത്ഥനകളില്‍ പതിനായിക്കണക്കിന് വിശ്വാസികളാണ് പങ്കെടുക്കുന്നത്.
മാര്‍പാപ്പയുടെ വിയോഗത്തില്‍ ജന്മനാടായ അര്‍ജന്റീനയിലും ഒരാഴ്ചത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. സ്‌പെയിനില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതിനിടെ മാര്‍പാപ്പയുടെ മരണത്തിന്റെ കാരണം വത്തിക്കാന്‍ ഔദ്യോഗികമായി പുറത്തുവിട്ടു. കടുത്ത പക്ഷാഘാതവും തുടര്‍ന്നുള്ള ഹൃദയാഘാതവും മൂലമാണ് മരണം സംഭവിച്ചത്. മരണത്തിനു തൊട്ടുമുമ്പ് പാപ്പ കോമയിലേക്ക് പോയി. മാര്‍പാപ്പയുടെ വത്തിക്കാനിലെ വസതിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറെ നാളായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തേടുന്ന മാര്‍പാപ്പ കഴിഞ്ഞ ദിവസങ്ങളില്‍ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. എങ്കിലും ഈസ്റ്റര്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തി വിശ്വാസികളെ നേരിട്ടു കാണുകയും ഈസ്റ്റര്‍ സന്ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനാല്‍ മാര്‍പാപ്പയുടെ വിയോഗം വിശ്വാസികള്‍ക്ക് അപ്രതീക്ഷിത വാര്‍ത്തയായി.
മാര്‍പാപ്പയുടെ ആഗ്രഹ പ്രകാരം അന്ത്യവിശ്രമം ഒരുക്കുന്നത് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയിലായിരിക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഇക്കാര്യം തന്റെ മരണപത്രത്തില്‍ പാപ്പ എഴുതിവച്ചിരുന്നു. ശവകുടീരത്തില്‍ അലങ്കാരങ്ങള്‍ പാടില്ലെന്നും എഴുതിയിട്ടുണ്ട്. ഫ്രാന്‍സിസ് പാപ്പയ്ക്ക് ഏറ്റവും പ്രിയപ്പെട്ട കന്യകാമറിയത്തിന്റെ രൂപം സ്ഥിതി ചെയ്യുന്നത് ഈ ബസിലിക്കയിലാണ്. വിവിധ രാജ്യങ്ങളിക്കേുള്ള അപ്പോസ്‌തോലിക യാത്രകള്‍ക്കു മുന്‍പും ശേഷവും ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നത് പതിവായിരുന്നു.
ഇന്ത്യന്‍ സമയം ഇന്ന് രാവിലെ 11.05 നാണ് 88 വയസുകാരനായ ഫ്രാന്‍സിസ് പാപ്പ കാലം ചെയ്തത്. ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സ്ഥാനമൊഴിഞ്ഞ ശേഷം 2013 മാര്‍ച്ച് 13നാണ് കത്തോലിക്കാ സഭയുടെ 266-മത് മാര്‍പാപ്പയായി ചുമതലയേറ്റത്.












Click it and Unblock the Notifications