അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല, ഇതൊരു പിക്‌നിക് സ്‌പോട്ടല്ല; വാരാണസിയില്‍ മുന്നറിയിപ്പ് പോസ്റ്ററുകള്‍
ലക്‌നൗ : അഹിന്ദുക്കളോട് ഗംഗയുടെ ഘാട്ടുകളില്‍ നിന്നും നദിക്കരയിലുള്ള ക്ഷേത്രങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ വാരണാസിയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു . വലതുപക്ഷ സംഘടകളാവാം ഇത്തരത്തിലുള്ള പോസ്റ്റര്‍ സ്ഥാപിച്ചതെന്നും എല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു .

സനാതന്‍ ധര്‍മ്മം, ഭാരതീയ സംസ്‌കാരം, വിശ്വാസം എന്നിവയുടെ പ്രതീകങ്ങളാണ് കാശിയിലെ ഗംഗയുടെ തീരത്തുള്ള ഘാട്ടുകളും ക്ഷേത്രങ്ങളും. സനാതന ധര്‍മ്മത്തില്‍ വിശ്വാസവുമുള്ളവര്‍ക്ക് ഇവിടെ സ്വാഗതം. അല്ലാതെ ഇതൊരു വിനോദ സഞ്ചാര കേന്ദ്രമല്ലെന്ന് പോസ്റ്ററില്‍ പറയുന്നു. ഹിന്ദി ഭാഷയിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. പോസ്റ്ററിന് മുകളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന് എഴുതിയതിന് ശേഷം ഇത് ഒരു അഭ്യര്‍ത്ഥനയല്ല, മുന്നറിയിപ്പാണെന്നും എഴുതിയിട്ടുണ്ട്.

വിശ്വഹിന്ദു പരിഷത്തും ( വി എച്ച് പി ) അതിന്റെ യുവജന വിഭാഗമായ ബജ്റംഗ്ദളും സ്ഥാപിച്ചതായി ആരോപിക്കപ്പെടുന്ന ഇത്തരം പോസ്റ്ററുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലാണ്. സംഭവത്തില്‍ വാരാണസി പൊലീസാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഭേലുപൂല്‍ പൊലീസ് സ്റ്റേഷനാണ് സംഭവം അന്വേഷിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവരെ പരിശോധിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, സംഭവത്തില്‍ ഇതുവരെ പോലീസില്‍ ആരും രേഖാമൂലം പരാതി നല്‍കിയിട്ടില്ല. പോസ്റ്ററുകള്‍ പൂര്‍ണമായും നീക്കം ചെയ്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന വാരണാസി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലം കൂടിയാണ്. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് ബജ്‌റംഗ്ദളിന്റെ കാശി മഹാനഗര്‍ കോര്‍ഡിനേറ്റര്‍ നിഖില്‍ ത്രിപാഠി രംഗത്തെത്തി. അഹിന്ദുക്കള്‍ ഘട്ടുകളുടെ പരിശുദ്ധി ലംഘിക്കുന്നു. അതിനാലാണ് ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സനാതന ധര്‍മ്മത്തില്‍ വിശ്വാസമില്ലാത്തവര്‍ക്കാണ് ഘട്ടില്‍ നിന്ന് മാറി നില്‍ക്കാനുള്ള മുന്നറിയിപ്പ് നല്‍കുന്നതെന്നും ഇത്തരക്കാര്‍ ഘാട്ടുകളില്‍ മദ്യവും മാംസാഹാരവും കഴിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. അടുത്തിടെ ഒരു ഘട്ടില്‍ പെണ്‍കുട്ടികള്‍ ബിയര്‍ കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഘാട്ടുകളും ക്ഷേത്രങ്ങളും സനാതന ധര്‍മ്മത്തിന്റെ പ്രതീകങ്ങളാണ്. അത്തരത്തിലുള്ള ആരെയെങ്കിലും ഘാട്ടില്‍ കണ്ടാല്‍ അവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications