ആദിപുരുഷ് തിയേറ്ററുകളില്‍: 'ഹനുമാന് സീറ്റ് റെഡി', വൈറലായി ചിത്രങ്ങള്‍
ബാഹുബലി എന്ന ഒറ്റച്ചിത്രത്തിലൂടെ പാന്‍ ഇന്ത്യ നിരയിലേക്ക് ഉയർന്ന പ്രഭാസിന്റെ അടുത്ത ചിത്രമായ ആദിപുരുഷിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിലെത്തി. രാമായാണം ഐതീഹ്യത്തോടും വിശ്വാസത്തോടും ചേർന്ന് നില്‍ക്കുന്ന പ്രമേയമായതിനാല്‍ തന്നെ ആദിപുരുഷ് പ്രദർശിപ്പിക്കുന്ന എല്ലാ തിയറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു.
ഹനുമാന് വേണ്ടി സീറ്റ് ഒരുക്കുമെന്ന പ്രഖ്യാപനത്തെ മലയാളികളുള്‍പ്പടെ വലിയ തമാശയായിട്ടായിരുന്നു കണ്ടത്. എന്നാല്‍ ഇപ്പോഴിതാ തിയേറ്ററില്‍ ഹനുമാനായി സജ്ജീകരിച്ചിരിക്കുന്ന സീറ്റിന്റെ ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്. ട്വിറ്ററില്‍ പങ്കുവെച്ച ചിത്രം നിമിഷ നേരംകൊണ്ട് തന്നെ മറ്റ് സാമൂഹിക മാധ്യമങ്ങളിലും വൈറലായി കഴിഞ്ഞു. ഹനുമാന്റെ ചിത്രം ആലേഖനം ചെയ്ത കാവി നിറത്തിലുള്ള മുണ്ട് സീറ്റിൽ വിരിച്ചിരിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.

'ഭഗവാൻ ഹനുമാന്റെ ഇരിപ്പിടം' എന്ന് കുറിച്ച് കൊണ്ടാണ് പലരും ഫോട്ടോ ഷെയർ ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ഹനുമാന്റെ ചിത്രമോ വിഗ്രഹമോ റിസർവ്വ് ചെയ്ത സീറ്റില്‍ വെക്കുമെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോർട്ട് ചെയ്യുന്നു. സിനിമ കാണുന്നതിന് മുന്നോടിയായി തിയേറ്ററില്‍ എത്തുന്നവർക്ക് സീറ്റുകളില്‍ പൂക്കള്‍ അർപ്പിക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
ആദിപുരുഷ് ചിത്രം കാണാന്‍ ഹനുമാന്‍ വരുമെന്ന വിശ്വാസത്തിലാണ് എത്ര തിരക്കേറിയ ബുക്കിങ് ഉണ്ടായാലും ഒരു സീറ്റ് ഒഴിച്ചിടാന്‍ ഒരുങ്ങുന്നത്. വിശ്വാസ പ്രകാരം ഹനുമാന്‍ ചിരഞ്ജീവിയാണ്. അങ്ങനേയുള്ള ഹനുമാന്‍ രാമനുമായി ബന്ധപ്പെട്ട പരാമർശമുണ്ടാവുന്ന എല്ലായിടത്തും എത്തും. അതുകൊണ്ട് തന്നെ ആദിപുരുഷ് പ്രദര്‍ശിപ്പിക്കുന്ന തീയറ്ററിലും ഹനുമാന്‍ എത്തും എന്നാണ് വിശ്വാസം. അതുകൊണ്ടാണ് തിയേറ്ററില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടാന്‍ തീരുമാനമായത്.
അതേസമയം, നിരവധി തവണ മാറ്റിവെച്ചതിന് ശേഷമാണ് ആദിപുരുഷ് നാളെ പ്രദർശനത്തിനായി എത്തുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ചി സിനിമ തമിഴ്, മലയാളം, കന്നഡ ഉള്‍പ്പടേയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റിയെത്തും. കൃതി സനോൺ നായികയായി എത്തുന്ന ചിത്രത്തിൽ രാവണനായി സെയ്ഫ് അലിഖാനാണ് അഭിനയിക്കുന്നത്. ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.












Click it and Unblock the Notifications