പ്രശാന്തിന് കോൺഗ്രസിൽ നിർണായക പദവി; ഞെട്ടിച്ച നീക്കത്തിന് രാഹുൽ-പ്രശാന്ത് ടീം..പ്രഖ്യാപനം ഉടൻ?
ദില്ലി; തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമോ? ഇക്കഴിഞ്ഞ ദിവസങ്ങളിൽ പ്രശാന്ത് കിഷോറും ഗാന്ധി കുടുംബവുമായുള്ള കൂടിക്കാഴ്ചയോടെ ഇത് സംബന്ധിച്ച ചർച്ചകൾ ചൂട് പിടിച്ചിരിക്കുകയാണ്. താൻ കോൺഗ്രസിലേക്ക് ഇല്ലെന്നാണ് പ്രശാന്ത് നേരത്തേ പ്രതികരിച്ചത്. അതേസമയം കോൺഗ്രസ് നേതാക്കളാകട്ടെ ഇതിനോട് പരസ്യ പ്രതികരണങ്ങൾ നടത്തിയിട്ടുമില്ല. എന്നാൽ പ്രശാന്ത് ഉടൻ കോൺഗ്രസിലെത്തുമെന്നും രാഹുൽ അദ്ദേഹത്തിനായി കാത്തിവെച്ചിരിക്കുന്നത് നിർണായക പദവിയുമാണെന്നാണ് ഏറ്റവും പുതിയ വിവരം. വിശദാംശങ്ങളിലേക്ക്
കേക്ക് മുറിക്കുന്ന ദുല്‍ഖറിനെ ക്യാമറയിലാക്കി മമ്മൂട്ടി: വൈറലായി ബര്‍ത്ത് ഡെ ചിത്രങ്ങള്‍

നേരത്തേ പ്രശാന്ത് കിഷോർ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയോടെ ബിജെപിയെ നേരിടാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം കെട്ടിപടുക്കാനുള്ള നീക്കമാണ് പികെയുടെ നേതൃത്വത്തിൽ നടക്കുന്നതെന്നായിരുന്നു ചർച്ചകൾ. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതൃത്വവുമായി പ്രശാന്ത് ചർച്ച നടത്തിയത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും അതിന് മുൻപുള്ള നിയമസഭ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് വേണ്ടി കളത്തിലിറങ്ങാൻ പ്രശാന്ത് ഉണ്ടായേക്കുമെന്ന് ഇതോടെ വിലയിരുത്തപ്പെട്ടു.

എന്നാൽ കോൺഗ്രസിൽ ചേർന്ന് കൊണ്ട് പാർട്ടിയെ പുന;സംഘടിപ്പിക്കാനാണ് പ്രശാന്തിന്റെ നീക്കം എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ ഇപ്പോൾ നൽകുന്ന സൂചന. പ്രശാന്തിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് മുതിർന്ന നേതാക്കൾ ചർച്ച നടത്തിയത്രേ. ജുലൈ 22 ന് ചേർന്ന വർക്കിംഗ് പ്രസിഡന്റുമാരുടെ യോഗത്തിലായിരുന്നു ഇത് സംബന്ധിച്ച് ചർച്ചയായത്.

പാർട്ടിയെ പുന;സംഘടിപ്പിക്കുന്നത് സംബന്ധിച്ച് പ്രശാന്ത് നൽകിയ കൃത്യമായ പദ്ധതികൾ യോഗം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ട്. പാർലമെന്റ് ബോർഡ്, ചില നിർണായക പുതിയ പദവികൾ, എല്ലാ ജില്ലകളിലും കോൺഗ്രസിന്റെ പ്രവർത്തന രീതികൾ എന്നിവയായിരുന്നു പ്രശാന്തിന്റെ നിർദ്ദേശം. ഇതെല്ലാം യോഗത്തിൽ നേതാക്കൾ വിശദമായി തന്നെ ചർച്ച ചെയ്തുവെന്നാണ് വിവരം.

രാഹുൽ ഗാന്ധി പാർലമെന്ററി ബോർഡ് തലവനാകണമെന്നതാണ് പികെയുടെ നിർദ്ദേശം. നേരത്തേ കോൺഗ്രസിലെ വിമത നേതാക്കളുടെ ജി23 കൂട്ടായ്മയും ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരുന്നു.പ്രശാന്തിന്റെ പദ്ധതികൾ എല്ലാം അംഗീകരിക്കണമെന്നത് തന്നെയാണ് നേതാക്കളുടെയെല്ലാം വികാരം. അതേസമയം ഇക്കാര്യം സംബന്ധിച്ച് സമവായം ഉണ്ടാകേണ്ടതുണ്ട്, പാർട്ടിയോട് അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി.

കോൺഗ്രസിനെ മാറ്റി നിർത്തി ദേശീയ തലത്തിൽ ബിജെപിയെ നേരിടാൻ സാധിക്കില്ലെന്ന് പ്രശാന്ത് പറഞ്ഞിരുന്നു. മാത്രമാല്ല അദ്ദേഹം കോൺഗ്രസിനെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രശാന്തിൻറെ പാർട്ടി പ്രവേശം സംബന്ധിച്ച് തലപുകയ്ക്കേണ്ടതില്ലെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

എന്തായാലും നിലവിൽ കിഷോറിനെ തിരഞ്ഞെടുപ്പ് പ്രചരണ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി നിയമിച്ചേക്കുന്നത് സംബന്ധിച്ചുള്ള ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം. എന്നാൽ പാർട്ടി വൃത്തങ്ങൾ ഈ വിഷയത്തില് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.അതേസമയം കോൺഗ്രസിൽ ചേർന്നാലും പ്രശാന്തിന്റെ തന്ത്രങ്ങൾ പാർട്ടിക്ക് ഗുണകരമാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

നേരത്തേ 2017 ൽ പാർട്ടിക്ക് വേണ്ടി പഞ്ചാബിൽ തന്ത്രം മെനഞ്ഞത് പ്രശാന്തായിരുന്നു. അന്ന് കോൺഗ്രസ് കൂറ്റൻ വിജയം നേടുകയും ചെയ്തു. എന്നാൽ യുപിയിൽ കോൺഗ്രസ്-സമാജ്വാദി സഖ്യത്തിന് വേണ്ടി പ്രശാന്ത് ഇറങ്ങിയെങ്കിലും കനത്ത പരാജയമായിരുന്നു രുചിച്ചത്. അതേസമയം പ്രശാന്തിന്റെ രാഷ്ട്രീയ യാത്ര പരാജയമായിരുന്നുവെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

നേരത്തേ അദ്ദേഹം നിതീഷ് കുമാറിന്റെ ജെഡിയുവിലായിരുന്നു. അവിടെ പാർട്ടി ഉപാധ്യക്ഷനായാണ് അദ്ദേഹം പ്രവർത്തിച്ചത്. പിന്നീട് സിഎഎ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിതീഷിനോട് ഇടഞ്ഞ് പാർട്ടി വിടുകയായിരുന്നു. എന്തായാലും കോൺഗ്രസിന് വേണ്ടി പ്രശാന്ത് കരുതിവെച്ചിരിക്കുന്നത് എന്താകും എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രശാന്തിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കാൻ കോൺഗ്രസ് നേതാക്കൾ തയ്യാറാകുമോയെന്നതും കാത്തിരുന്ന് കാണേണ്ടി വരും.












Click it and Unblock the Notifications