'കേരളത്തില്‍ ബിര്‍ണാണി; തമിഴ്‌നാട്ടില്‍ ചൂലിനടി'; മുട്ട ചോദിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പാചകക്കാരി മര്‍ദിച്ചു
തിരുവണ്ണാമല: തമിഴ്നാട്ടിലെ തിരുവണ്ണാമല ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പാചകക്കാരി മര്‍ദിച്ചു. ഉച്ചഭക്ഷണത്തിനൊപ്പമുള്ള മുട്ട വിളമ്പാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചതിനാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ചൂല് കൊണ്ട് അടിച്ചത്. സംഭവം തമിഴ്‌നാട്ടില്‍ വലിയ വിവാദമായതോടെ പാചകക്കാരിയെ സസ്പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വിഷയത്തില്‍ സമയോചിതമായി ഇടപെടാതിരുന്ന അധ്യാപികയ്ക്കും സസ്‌പെന്‍ഷനും സ്ഥലം മാറ്റവും ലഭിച്ചു.
തിരുവണ്ണാമല ജില്ലയില്‍ പോളൂരിനടുത്തുള്ള സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിയെ ചൂല് കൊണ്ട് പാചകക്കാരി ലക്ഷ്മിയും സഹായിയായ മുനിയമ്മാളും പൊതിരെ മര്‍ദിക്കുകയായിരുന്നു.

44 വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരുമാണ് ഈ സ്‌കൂളിലുള്ളത്, തമിഴ്നാട് സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം മുട്ട ഉള്‍പ്പെടെ പോഷകസമൃദ്ധമായ ഭക്ഷണമാണ് ദിവസവും നല്‍കുന്നത്. വെള്ളിയാഴ്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട ലഭിച്ചിരുന്നില്ല.
വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ അടുക്കളയില്‍ ചെന്ന് ചോദിച്ചപ്പോള്‍ മുട്ട ഇല്ലെന്നാണ് പാചകക്കാരി പറഞ്ഞത്. എന്നാല്‍ മുട്ട ഇരിക്കുന്നത് കണ്ടെത്തിയപ്പോള്‍, പാചകക്കാരി ലക്ഷ്മിയും സഹായി മുനിയമ്മാളും കുട്ടിയോട് ദേഷ്യപ്പെടുകയും അനുവാദമില്ലാതെ അടുക്കളയില്‍ കയറിയതിന് ചൂല് കൊണ്ട് ആക്രമിക്കുകയും ചെയ്തു.
വിദ്യാര്‍ത്ഥിയെ ചൂല് കൊണ്ട് തല്ലുന്നത് ഒരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഇത് മാതാപിതാക്കളിലും പൊതുസമൂഹത്തിലും വലിയ പ്രതിഷേധം സൃഷ്ടിക്കുകയും ചെയ്തു. ഉത്തരവാദികളായ ജീവനക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് പലരും കമന്റുകളിലൂടെ ആവശ്യപ്പെട്ടു. ഇതോടെ സംഭവം സര്‍ക്കാരിന്റെ ശ്രദ്ധയിലുമെത്തി.
സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കുട്ടികള്‍ക്കെതിരായ ഒരു അക്രമവും വെച്ചുപൊറുപ്പിക്കില്ലെന്നന്ന് സാമൂഹ്യക്ഷേമ-വനിതാ മന്ത്രി പി ഗീത ജീവന്‍ പറഞ്ഞു. പ്രൈമറി സ്‌കൂളില്‍ മുട്ട ചോദിച്ച വിദ്യാര്‍ത്ഥിയെ പാചകക്കാരിയും സഹായിയും ചേര്‍ന്ന് മര്‍ദിച്ചതായും അവര്‍ സ്ഥിരീകരിച്ചു.
ജില്ലാ കലക്ടര്‍ ധര്‍ബഗരാജിന്റെ ഉത്തരവനുസരിച്ച് ലക്ഷ്മിയെയും മുനിയമ്മാളിനെയും സസ്പെന്‍ഡ് ചെയ്തു. പോളൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് സ്ത്രീകളെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അധ്യാപികയ്ക്ക് സ്ഥലം മാറ്റവും ലഭിച്ചു.












Click it and Unblock the Notifications