'രഘുറാം രാജന്റെ ദേശസ്നേഹത്തിന് കുറവില്ല'; സുബ്രഹ്മണ്യം സ്വാമിക്കെതിരെ മോദിയുടെ വിമര്‍ശനം
ദില്ലി: ബിജെപി എംപി സുബ്രഹ്മണ്യം സ്വാമിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും പാര്‍ട്ടി സംവിധാനത്തിനു മുകളിലല്ല. താനാണ് ഏറ്റവും മുകളില്‍ എന്ന് കരുതുന്നവര്‍ ഉണ്ടെങ്കില്‍ അത് തെറ്റായ ധാരണയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു സുബ്രഹ്മണ്യം സ്വാമിയുടെ വിമര്‍ശിച്ചുകൊണ്ടുള്ള മോദിയുടെ പരമാര്‍ശം.
രഘുറാം രാജന്റെ ദേശ സ്നേഹത്തിന് കുറവൊന്നും വന്നിട്ടില്ലെന്നും, അദ്ദേഹം ഇന്ത്യയെ സ്നേഹിക്കുന്നുണ്ട്. പ്രശസ്തി നേടാനായി ആരെങ്കിലും ആരോപണം ഉന്നയിക്കുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും സ്വാമിയുടെ പേര് പരാമര്‍ശിക്കാതെ തന്നെ മോദി വ്യക്തമാക്കി.

രഘുറാം രാജന്‍, കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, ശക്തികാന്ദ് ദാസ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ക്കെതിരെ സുബ്രഹ്മണ്യന്‍ സ്വാമി അടുത്തിടെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സെപ്തംബറില്‍ ഗവര്‍ണര്‍ പദവിയില്‍ നിന്നും ഇറങ്ങുന്ന രാജന്‍ രാജ്യത്തിനായി ഇനിയും രാജന്‍ സേവനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.
രഘുറാം രാജന്‍ രാജ്യദ്രോഹിയാണെന്നതുള്‍പ്പെടെയുള്ള സ്വാമിയുടെ പരാമര്‍ശങ്ങള്‍ അനുചിതമായിപ്പോയെന്ന് വ്യക്തമാക്കിയ മോദി, പാര്‍ട്ടിയുടെ നിയന്ത്രണങ്ങള്‍ മറികടന്ന് പ്രസ്താവനകള്‍ ഉന്നയിക്കുന്ന ബിജെപി നേതാക്കളെ ശക്തമായി താക്കീത് ചെയ്തു. പ്രശസ്തിക്കായി നടത്തുന്ന ഇത്തരത്തിലുള്ള പ്രസ്താവനകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ലെന്നും അതിനാല്‍ നേതാക്കള്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി പെരുമാറണമെന്നും പാര്‍ട്ടിയെക്കാള്‍ മുകളിലാണ് തങ്ങളെന്ന് കരുതരുതെന്നും മുന്നറിയിപ്പ് നല്‍കുന്നു.
മുന്‍ ഐഎംഎഫ് ഉദ്യോഗസ്ഥന്‍ കൂടിയായ രഘുറാം രാജന്‍ അമേരിക്കയിലെ ചിക്കാഗോയില്‍ ബൂത്ത് സ്‌കൂള്‍ ഒഫ് ബിസിനസിലെ പ്രൊഫസര്‍ കൂടിയാണ്. ഈ ജോലിയില്‍ നിന്ന് അവധിയെടുത്ത ശേഷാണ് 2013ല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി രാജന്‍ ചുമതലയേറ്റത്. ഉയര്‍ന്ന പലിശ നിരക്ക് അടക്കമുള്ള നയങ്ങള്‍ ചൂണ്ടിക്കാട്ടി ബിജെപി എം പി സുബ്രഹ്മണ്യന്‍ സ്വാമി അടക്കമുള്ളവര്‍ രഘുറാം രാജനെതിരെ കടന്നാക്രമണവുമായി രംഗത്തെത്തിയിരുന്നു. രഘുറാം രാജനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ സ്വാമി കത്തയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications