തന്നെ ഇനി മുതല്‍ 'മോദിജി' എന്ന് വിളിക്കരുത്; പകരം അങ്ങനെ വിളിക്കൂ: ബിജെപി എംപിമാരോട് പ്രധാനമന്ത്രി
ഡൽഹി: തന്നെ 'മോദിജി അല്ലെങ്കിൽ ആദരണീയ മോദിജി' എന്ന് വിളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ നടന്ന ബി ജെ പി പാർലമെന്ററി പാർട്ടി യോഗത്തിൽ പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു മോദിയുടെ പരാമർശം. തന്റെ പേരിന് മുമ്പോ ശേഷമോ വിശേഷണങ്ങൾ ചേർക്കുന്നത് താനും രാജ്യത്തെ ജനങ്ങളും തമ്മിൽ അകലം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
താൻ പാർട്ടിയിലെ ഒരു സാധാരണ പ്രവർത്തകനാണെന്നും ജനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ ഭാഗമായി കണക്കാക്കുന്നുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞതായി യോഗത്തിൽ പങ്കെടുത്ത ഒരു എംപിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. തന്നെ രാജ്യത്തെ സാധാരണ ജനങ്ങളില്‍ ഒരാളായി കരുതണമെന്നും അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു.

"ഞാൻ പാർട്ടിയുടെ ഒരു ചെറിയ പ്രവർത്തകനാണ്, ഞാൻ അവരുടെ കുടുംബത്തിന്റെ ഭാഗമാണെന്ന് ആളുകൾ കരുതുന്നു. ആളുകൾ എന്നെ അവരിലൊരാളായും മോദിയായും കരുതുന്നതിനാൽ ശ്രീ അല്ലെങ്കിൽ ആദരണീയ പോലുള്ള വിശേഷണങ്ങൾ ചേർക്കരുത്." പ്രധാനമന്ത്രി ബി ജെ പി എംപിമാരോട് പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പാർട്ടിയുടെ വിജയത്തിന് കാരണമായത് ടീം സ്പിരിറ്റാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. തുടർന്നും കൂട്ടായ മനോഭാവത്തോടെ മുന്നേറാൻ അദ്ദേഹം എംപിമാരോട് അഭ്യർത്ഥിച്ചു. ബി ജെ പിയുടെ ഭരണമാതൃക കാരണം ജനങ്ങളുടെ ഇഷ്ടപ്പെട്ട പാർട്ടിയായി മാറിയെന്ന് പ്രധാനമന്ത്രി മോദി തങ്ങളോട് പറഞ്ഞതായി യോഗ ശേഷം ഒരു എംപി പറഞ്ഞു.
ഭരണപരമായ മികച്ച റെക്കോർഡിന്റെ അടിസ്ഥാനത്തിൽ നിലവിലെ പാർട്ടിയെന്ന നിലയിൽ ബി ജെ പി വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന് നിയമസഭ ഫലങ്ങള്‍ കാണിക്കുന്നു. സംസ്ഥാനങ്ങളില്‍ ബി ജെ പി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത 57 ശതമാനമാകുമ്പോള്‍ കോൺഗ്രസ് പാർട്ടിയുടെ രണ്ടാം ടേമിലേക്കുള്ള ശതമാനം 20 ല്‍ താഴെയാണ്. പ്രാദേശിക പാർട്ടികൾക്ക് ഇത് 49 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.
നവംബർ 15 ന് ആരംഭിച്ച സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളിലേക്ക് എത്തിച്ചേരാനുള്ള പദ്ധതിയായ വികസിത് ഭാരത് സങ്കൽപ് യാത്രയിൽ സജീവമായി പങ്കെടുക്കാനും പ്രധാനമന്ത്രി എംപിമാരോട് ആവശ്യപ്പെട്ടു, പ്രത്യേകിച്ച് ദുർബലരായ ആദിവാസി വിഭാഗങ്ങൾക്കായുള്ള ജൻമാൻ പരിപാടിയിലും വിശ്വകർമ്മ വിഭാഗത്തിലുള്ളവരുടെ പരിപാടിയിലും ശ്രദ്ധ വേണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications