സാധാരണ സംഘപ്രവര്‍ത്തകനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്; നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം പിറന്നാള്‍
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 73-ാം പിറന്നാള്‍. 1950 സെപ്തംബര്‍ 17 ന് ആണ് നരേന്ദ്ര മോദി ജനിക്കുന്നത്. ദാമോദര്‍ദാസ് മോദിയുടെയും ഹീരാബ മോദിയുടെയും ആറ് മക്കളില്‍ മൂന്നാമനായിട്ടായിരുന്നു അദ്ദേഹത്തിന്റെ ജനനം. ചെറുപ്പം തൊട്ട് ആര്‍ എസ് എസ് അംഗമായ മോദി സംഘ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. തന്റെ 20 കളില്‍ തന്നെ അതായത് 1970-കള്‍ മുതല്‍ രാഷ്ട്രീയത്തില്‍ മോദി എത്തിയിരുന്നു.
എന്നാല്‍ 1990-കളുടെ അവസാനം വരെ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് കാര്യമായ ചലനം ഉണ്ടായില്ല. 1987ല്‍ ഗുജറാത്തില്‍ ബി ജെ പി ജനറല്‍ സെക്രട്ടറിയായി. 1995-ല്‍ ഗുജറാത്തില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടി. ഇതിന് പിന്നാലെയാണ് മോദി രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെട്ട് തുടങ്ങുന്നത്. 2001 ഒക്ടോബര്‍ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി തിരഞ്ഞെടുക്കപ്പെട്ടു.

പിന്നീട് മോദിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2001 മുതല്‍ 2014 വരെ 13 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിരിക്കെ ഗുജറാത്ത് കലാപം പോലുള്ള ഗുരുതരമായ വിമര്‍ശനങ്ങളും ആരോപണങ്ങളും മോദിക്ക് നേരെ ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ നരേന്ദ്ര മോദി രാഷ്ട്രീയത്തില്‍ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുകയായിരുന്നു.
2014 ല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. 2019 ലെ തിരഞ്ഞെടുപ്പിലും മോദി തന്നെയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രി എന്ന നേട്ടവും നരേന്ദ്ര മോദി ഇക്കാലയളവില്‍ സ്വന്തമാക്കി. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള നേതാക്കളില്‍ മുന്‍പന്തിയിലാണ് നരേന്ദ്ര മോദിയുടെ സ്ഥാനം. പ്രധാനമന്ത്രി പദത്തിലെ രണ്ടാം ടേം അടുത്ത വര്‍ഷം അവസാനിക്കാനിരിക്കുകയാണ്.
എങ്കിലും ഇന്ത്യന്‍ രാഷ്ട്രീയത്തിലും രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളിലും നരേന്ദ്ര മോദി ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നു. ഒരു വര്‍ഷത്തിനിപ്പുറമുള്ള പൊതുതിരഞ്ഞെടുപ്പില്‍ മൂന്നാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് നരേന്ദ്ര മോദിയും ബി ജെ പിയും. അതിനിടെയാണ് അദ്ദേഹത്തിന്റെ ജന്മദിനം വരുന്നത്. ഇന്ത്യയിലുടനീളമുള്ള ബി ജെ പി യൂണിറ്റുകള്‍ അദ്ദേഹത്തിന്റെ ജന്മദിനം വ്യത്യസ്ത രീതികളില്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
ജി 20 ഉച്ചകോടിയടക്കം ഇന്ത്യയില്‍ നടത്തി അന്താരാഷ്ട്ര ശ്രദ്ധ നേടിയ നരേന്ദ്ര മോദിയെ ലോകനേതാവായി ഉയര്‍ത്തി കാട്ടുകയാണ് ബി ജെ പി. ഇന്ത്യ ലോകശക്തിയായി മാറി എന്നും ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി കുതിച്ച് കൊണ്ടിരിക്കുകയാണ് എന്നും ഇതിന് പിന്നില്‍ നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയാണ് എന്നുമാണ് ബി ജെ പിയുടെ അവകാശവാദം.












Click it and Unblock the Notifications