പുല്‍വാമ ഭീകാരക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് ഉമൈറെന്ന് ഇന്‍റലിജെന്‍സ്
Recommended Video

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ മൂഖ്യ സൂത്രധാരന്‍ ജെയ്ഷ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദര പുത്രനായ മുഹമ്മദ് ഉമൈര്‍ ആണെന്ന് ഇന്‍റലിജെന്‍സ്. ഇയാള്‍ ഇപ്പോഴും പുല്‍വാമയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സ്ഫോടക നിര്‍മ്മാണ വിദഗ്ധനായ ഖാസി അബ്ദുള്‍ റഷീദാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നും ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

മസൂദ് അസ്ഹറിന്‍റെ മൂത്ത സഹോദരനായ അതര്‍ ഇബ്രാഹിമിന്‍റെ പുത്രനാണ് ഉമൈര്‍. അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇയാള്‍ പരിശീലനം നേടിയതെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് എല്ലാം ഒരുക്കിയത് ബോംബ് നിര്‍മ്മാണ വിദഗ്ദനായ അബ്ദുള്‍ റഷീദാണെന്നും ഇയാള്‍ 2018 ഡിസംബറിലാണ് ഇന്ത്യയിലേക്ക് എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.
ഖാസിയാണ് ചാവേറായ അദില്‍ ദറിനെ പരിശീലിപ്പിച്ചത്. ഒരു വര്‍ഷത്തോളം പരിശീലിപ്പിച്ച ശേഷമാണ് പുല്‍വാമ ആക്രമണത്തിനായി അദിലിനെ ഖാസി പറഞ്ഞയച്ചത്. ഖാസി ഇപ്പോള്‍ പാക്ക് അധീന കാശ്മീരിലെ മുസഫറാബാദിലാണുള്ളതെന്നാണ് വിവരം.
പുല്‍വാമയില്‍ നടത്തിയ ആക്രമണത്തിന് അറുപത് കിലോ ആര്‍ഡിഎക്സാണ് ഉപയോഗിച്ചതെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പരമാവധി ആള്‍നാശം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ആക്രമണം എന്നും സിആര്‍പിഎഫ് വ്യക്തമാക്കി.
അതേസമയം ആദില്‍ വാഹനങ്ങള്‍ സൈനിക വാഹനത്തിന് നേര്‍ക്ക് ഇടിച്ചുകയറ്റുകയായിരുന്നില്ലെന്നും മറിച്ച് വാഹനങ്ങള്‍ കടന്നു പോകുന്നതിന്‍റെ ഇടതുവശത്ത് കൂടി കയറി വന്ന് പൊട്ടിച്ചിതറുകയായിരുന്നുവെന്നും സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications